മലയാള സിനിമയിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലെ വിസ്മയമായ ദൃശ്യം. 58 മണിക്കൂറിനുള്ളിൽ ആഗോള കളക്ഷൻ 100 കോടി പിന്നിടുന്ന ചിത്രമായി ദൃശ്യം-3 മാറി. 13 വർഷങ്ങളായി മലയാളി ഹൃദയത്തോട് ചേരുകയാണ് ജോർജ്കുട്ടിയേയും കുടുംബത്തേയും. മികച്ച പ്രേക്ഷക പ്രതികരണം നേടി ദൃശ്യം-3 തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്
മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21ന് റിലീസായ ദൃശ്യം വെറും രണ്ട് രണ്ടര ദിവസങ്ങൾകൊണ്ടാണ് നൂറുകോടിയിലെത്തിയിരിക്കുന്നത്. ആശിർവാദ് സിനിമാസും മോഹൻലാലുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. എമ്പുരാൻ ശേഷം 100 കോടി ക്ലബ്ബിൽ എത്തുന്ന ചിത്രം മാറിയിരിക്കുകയാണ് ദൃശ്യം-3.
ഒരു സാധാരണ കുടുംബനാഥൻ്റെ അതിജീവനത്തിൻ്റെ കഥ പറയുന്ന ദൃശ്യം എന്ന ക്രൈം ത്രില്ലർ പരമ്പര, ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഒരു പാൻ-ഇന്ത്യൻ പ്രതിഭാസമാണ്. 2013ൽ ക്രിസ്മസ് റിലീസായി എത്തിയ ‘ദൃശ്യം’ ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു തിയേറ്റർ വിപ്ലവമാണ് സൃഷ്ടിച്ചത്.
കേവലം നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, സിനിമകളെ പ്രാണനായി കാണുന്ന ജോർജ്കുട്ടി എന്ന കേബിൾ ടിവി ഓപ്പറേറ്റർ, അബദ്ധത്തിൽ കൊലപാതകം ചെയ്യേണ്ടി വന്ന ഭാര്യയെയും മക്കളെയും നിയമത്തിന് കണ്ണിൽപെടാതെ രക്ഷിക്കാൻ എന്ന ബുദ്ധിപരമായ നീക്കങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. മലയാളത്തിൽ ആദ്യമായി 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം എന്ന റെക്കോർഡ് ദൃശ്യം ആദ്യഭാഗം സ്വന്തമാക്കിയിരുന്നു.



