സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍ മൂല്യനിര്‍ണയത്തിനായി ഉത്തരക്കടലാസിന്റെ പകര്‍പ്പുകള്‍ക്കായി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. നാളെ രാത്രി 12 മണി വരെയാണ് സമയപരിധി. ഗുരുതരമായ സാങ്കേതിക പിഴവിനെ തുടര്‍ന്ന് അപേക്ഷ നല്‍കാന്‍ ആകുന്നില്ലെന്നതടക്കമുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ പരിഗണിച്ചാണ് സമീപരിധി നീട്ടിക്കൊണ്ട് സിബിഎസ്ഇ സര്‍ക്കുലര്‍ ഇറക്കിയത്.
നരത്തെ അപേക്ഷ സമര്‍പ്പിച്ച പലര്‍ക്കും ഇതുവരെയും പകര്‍പ്പ് ലഭിച്ചില്ലെന്നും കൂടുതല്‍ ഫീസ് ഈടാക്കിയതായും വ്യാപക പരാതികള്‍ ലഭിച്ചു. തുടര്‍ന്ന് കൂടുതലായി ഈടാക്കിയ തുക തിരികെ നല്‍കാന്‍ സിബിഎസ്ഇ ധനമന്ത്രാലയത്തിന്റെ സഹായം തേടി. സാങ്കേതിക പിഴവുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ഉടന്‍തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് സമര്‍പ്പിക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു.
ഒരു വിഷയത്തിന്റെ ഉത്തരക്കടലാസ് എടുക്കാനുള്ള ഫീസ് 100 രൂപയാണ്. എന്നാല്‍ ഓണ്‍ലൈനില്‍ 69,420 രൂപ കാണിച്ചതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. രണ്ടുദിവസം ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ച സിബിഎസ്ഇ, ഫീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. അതേസമയം ഫീസടച്ചിട്ടും ഉത്തരക്കടലാസിന്റെ പകര്‍പ്പ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ല. ലഭിച്ച ഉത്തരക്കടലാസിന്റെ പകര്‍പ്പുകളില്‍ വ്യക്തതയില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ആക്ഷേപം ഉന്നയിച്ചിരുന്നു



