പോസ്റ്റല്‍ ബാലറ്റ് അപേക്ഷ സമര്‍പ്പിക്കണം
തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ചിരിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്ന അതാത് പരിശീലന കേന്ദ്രത്തിലോ താലൂക്ക് ഓഫീസുകളിലോ മാര്‍ച്ച് 24, 25, 26 തീയതികളില്‍ ഫോം 12ല്‍ സമര്‍പ്പിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന് അറിയിച്ചു.
നിയമസഭ തിരഞ്ഞെടുപ്പ് : സ്വീപ് ബോധവല്കരണം സംഘടിപ്പിച്ചു
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്, ജില്ല സാമൂഹിക നീതി വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് വോട്ടര്‍ ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്തനംതിട്ട പ്രകാശധാര സ്പെഷ്യല്‍ സ്കൂളില്‍ ജില്ല സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ ജെ ഷംലബീഗം ഉദ്ഘാടനം ചെയ്തു.
സ്വീപ് ജില്ല നോഡല്‍ ഓഫീസര്‍ റ്റി ബിനുരാജ് അധ്യക്ഷനായി. തിരഞ്ഞെടുപ്പ് പ്രധാന്യം, വോട്ടെടുപ്പ് നടപടിക്രമം വിഷയത്തില്‍ സജീവ്, ഹലീന എന്നിവര്‍ ക്ലാസ് നയിച്ചു. മാതൃക ബാലറ്റ് യൂണിറ്റിന്റെ സഹായത്തോടെ വോട്ടെടുപ്പ് പ്രക്രിയ കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ജില്ലയിലെ വിവിധ ബഡ്സ് സ്കൂളില്‍ നിന്നും 120 കുട്ടികള്‍ പങ്കെടുത്തു. പ്രകാശധാര ഡയറക്ടര്‍ ഫാ. റോയി സൈമണ്‍, പ്രന്‍സിപ്പല്‍ ഫാ. ഗ്രിഗറി, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ആകെ സമര്‍പ്പിച്ചത് 60 സെറ്റ്
പത്രിക
നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ ആകെ സമര്‍പ്പിച്ചത് 60 സെറ്റ്
നാമനിര്‍ദേശ പത്രിക. അവസാന ദിനമായ ഇന്നലെ (മാര്‍ച്ച് 23) 45 സെറ്റ്
പത്രിക കൂടി സമര്‍പ്പിച്ചു.
തിരുവല്ല നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. വര്‍ഗീസ് മാമ്മന്‍ രണ്ട് സെറ്റും ബിജെപി സ്ഥാനാര്‍ഥി അനൂപ് ആന്റണി രണ്ട് സെറ്റും ബിഎസ്പി സ്ഥാനാര്‍ഥി രമേശ് രണ്ട് സെറ്റും സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ കെ സുരേന്ദ്രന്, സീന്‍ തോമസ്, അജു അലക്സ്, തോമസ് മാമന് എന്നിവര്‍ ഓരോ സെറ്റ് പത്രിക വീതം വരണാധികാരിക്ക് നല്കി.
ആറന്മുള നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് മൂന്ന് സെറ്റ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി മൂന്ന് സെറ്റ്, സിപിഐ (എം) സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ഒരു സെറ്റ്, സിപിഐ (എം) സ്ഥാനാര്‍ഥി ശങ്കരന് ഒരു സെറ്റ്, ബിഎസ്പി സ്ഥാനാര്‍ഥി വി ആര് പ്രഭാകരന് ഒരു സെറ്റ്, സ്വതന്ത്ര സ്ഥാനാര്‍ഥി എസ് രാമചന്ദ്രന് ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് മുന്നില്‍ സമര്‍പ്പിച്ചു.
കോന്നി നിയോജക മണ്ഡലത്തില്‍ സിപിഐ (എം) സ്ഥാനാര്‍ഥി അഡ്വ. കെ യു ജനീഷ് കുമാര്‍ ഒരു സെറ്റ് പത്രിക വരണാധികാരിക്കും രണ്ട് സെറ്റ് പത്രിക ഉപവരണാധികാരിക്കും സമര്‍പ്പിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീഷ് കൊച്ചുപറമ്പില്‍ രണ്ട് സെറ്റും സ്വതന്ത്ര സ്ഥാനാര്‍ഥി വര്‍ഗീസ് ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് നല്കി. കോന്നി നിയോജക മണ്ഡലത്തില്‍ സിപിഐ (എം) സ്ഥാനാര്‍ഥി ആര് ബി രാജീവ് കുമാര്‍ ഒരു സെറ്റ്, ബിഡിജെഎസ് സ്ഥാനാര്‍ഥികളായ റ്റി പി സുന്ദരേശന്, പി ജഗത്പ്രിയ എന്നിവര്‍ ഓരോ സെറ്റ് പത്രികയും ഉപവരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു.
അടൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. സി വി ശാന്തകുമാര്‍ മൂന്ന് സെറ്റും ബിജെപി സ്ഥാനാര്‍ഥി അഡ്വ. കെ പ്രതാപന് മൂന്ന് സെറ്റും ബിഎസ്പി സ്ഥാനാര്‍ഥി സി എഫ് ശിവകുമാര്‍ ഒരു സെറ്റും സിപിഐ സ്ഥാനാര്‍ഥി അച്ചുതന് ഒരു സെറ്റ് പത്രികയും വരണാധികാരിക്ക് മുമ്പാകെ നല്കി.
റാന്നി നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഴകുളം മധു നാല് സെറ്റ്, ട്വന്റി-20 സ്ഥാനാര്‍ഥി തോമസ് കെ സാമുവേല്‍ രണ്ട് സെറ്റ്, കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി വിപിന്‍ ഒരു സെറ്റ്, ബിജെപി സ്ഥാനാര്‍ഥി ശ്രീഹരി ഒരു സെറ്റ് പത്രികയും ഉപവരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചു.
തിരുവല്ലയില്‍ 15, റാന്നി 11, ആറന്മുള, കോന്നി നിയോജകമണ്ഡലത്തില്‍ 12 വീതവും അടൂരില്‍ 10 നാമനിര്‍ദേശ പത്രികയുമാണ് ആകെ സമര്‍പ്പിച്ചത്. ജില്ലയില്‍ 31 സ്ഥാനാര്‍ഥികള്‍ പത്രിക നല്കി.
സൂക്ഷ്മ പരിശോധന ഇന്ന് (മാര്‍ച്ച് 24)
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് (മാര്‍ച്ച് 24) രാവിലെ 10 മുതല്‍ അതാത് മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തില്‍ നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും.
നിയമസഭ തിരഞ്ഞെടുപ്പ് : ജില്ലയില്‍ 4153 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഇതുവരെ (മാര്‍ച്ച് 22) നീക്കം ചെയ്തത് 4153 പ്രചരണ സാമഗ്രികള്‍. 3739 പോസ്റ്റര്‍, 166 ബാനര്‍, 248 മറ്റ് പ്രചരണ ബോര്‍ഡ് എന്നിവയാണ് നീക്കം ചെയ്തത്. മാതൃക പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ ഡി എം ഡെപ്യൂട്ടി കലക്ടര്‍ ജി സുരേഷ് ബാബു, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കിഫ്ബി സ്പെഷ്യല്‍ തഹസില്‍ദാര്‍ ജി ആനന്ദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് സ്ക്വാഡിന്റെ പ്രവര്‍ത്തനം. നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന കര്‍ശനമാക്കി. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി, ചിത്രം, വീഡിയോ എന്നിവ തത്സമയം പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ് മുഖേനെ അയക്കാം. സി-വിജില്‍ ആപ്പില്‍ ഇതുവരെ 1558 പരാതി ലഭിച്ചു. 1456 പരാതിക്ക് നടപടി സ്വീകരിച്ചു.
നിയമസഭ തിരഞ്ഞെടുപ്പ് : ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ വീല്‍ചെയര്‍ സൗകര്യം
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ ഭിന്നശേഷിക്കാരായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും 85 കഴിഞ്ഞ വയോജനങ്ങള്‍ക്കും വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് ആവിഷ്കരിച്ച മൊബൈല്‍ ആപ്ലിക്കേഷനായ ഇസിഐ നെറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് വീല്‍ചെയര്‍, വാഹന സൗകര്യം എന്നിവ ആവശ്യപ്പെടാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഇസിഐ നെറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പോളിങ് ബൂത്ത് കണ്ടെത്തല്‍, സ്ഥാനാര്‍ഥികളുടെ വിവരം, വോട്ടര്‍മാരുടെ വിവരം, വോട്ട് രേഖപ്പെടുത്താന്‍ വോട്ടെടുപ്പ് ദിവസം വീല്‍ചെയര്‍, വാഹനം എന്നീ സേവനം ആപ്പില്‍ ലഭിക്കും. ഇലക്ഷന് ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയേണ്ടത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരെ നോഡല്‍ ഓഫീസര്‍ ബന്ധപ്പെടുകയും ആവശ്യകത വിലയിരുത്തി മാനദണ്ഡ പ്രകാരം സേവനം ഉറപ്പാക്കും.
വോട്ടിംഗ് മെഷീനില്‍ ബ്രെയിലി ലിപിയും
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഴ്ച പരിമിതി ഉള്ളവര്‍ക്ക് ബ്രെയിലി ലിപി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തും. 85 വയസ്സിന് മുകളിലുള്ള വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ നിന്നും വോട്ട് ചെയ്യാനുള്ള ഹോം വോട്ടിംഗ് അവസരവും ലഭിക്കും. ഹോം വോട്ടിങ്ങിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ 12 ഡി ഫോറം ബി.എല്‍.ഒ.മാര്‍ വഴി വരണാധികാരിക്ക് സമര്‍പ്പിക്കാം. ഭിന്നശേഷി സൗഹൃദമായി വോട്ടെടുപ്പ് നടപ്പിലാക്കുന്നതിന് പോളിംഗ് ബൂത്ത് സജ്ജീകരിക്കും. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക റാമ്പും വീല്‍ചെയറും കുടിവെള്ളവും ഉറപ്പുവരുത്തും.
ജില്ലയില്‍ 25 പ്രശ്നബാധിത ബൂത്ത്
ജില്ലയില്‍ 25 പ്രശ്നബാധിത ബൂത്തും 163 പ്രശ്നസാധ്യത ബൂത്തും. അടൂര്‍ – 13 , തിരുവല്ല-നാല് , കോന്നി-നാല് , റാന്നി – നാല് എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ കണക്ക്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും. പോളിംഗ് ഉദ്യോഗസ്ഥര്‍ ബൂത്തുകളില്‍ എത്തുന്നതു മുതലുള്ള നടപടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കാണാന്‍ കഴിയും വിധമുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. വെബ്കാസ്റ്റിംഗ് സാധ്യമല്ലാത്ത ബൂത്തുകളില്‍ റെക്കോഡിംഗ് ഉള്ള സിസിടിവി സജ്ജമാക്കും.
ജില്ലയില്‍ 163 പ്രശ്ന സാധ്യത ബൂത്തുകളുമുണ്ട്. ആറന്മുള -54, അടൂര്‍ – 43, തിരുവല്ല-22 , കോന്നി-38, റാന്നി – ആറ് എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ കണക്ക്.
കണ്ട്രോള് റൂം ഉദ്ഘാടനം ചെയ്തു
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്ട്രോള് റൂം ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും പരാതി അറിയിക്കുന്നതിനും പൊതുജനങ്ങള്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്കും കണ്ട്രോള് റൂമില്‍ വിളിക്കാം. 24 മണിക്കൂറൂം കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. ടോള്‍ ഫ്രീ നമ്പര്‍ – 1090, ഫോണ്‍- 0468 2990599.
സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖ
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വകുപ്പ്, പൊതു മേഖലാ സ്ഥാപനം, പൊതു മേഖലാ കമ്പനി എന്നിവ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള സര്‍വീസ് തിരിച്ചറിയല്‍ രേഖ, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ നല്കുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്ഷന് കാര്‍ഡ്, എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖ. പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ പട്ടികയിലുള്ള ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിക്കണം. പോളിംഗ് ബൂത്തില്‍ വോട്ടറെ തിരിച്ചറിയുന്നതിനുള്ള രേഖയായി വോട്ടര്‍ സ്ലിപ്പ് പരിഗണിക്കില്ല.



