ശബരിമല ഉത്സവത്തിന് കൊടിയേറി. പകൽ 11:30 നും 12നും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി മഹേഷ് മോഹനര് കൊടിയേറ്റ് ചടങ്ങ് നിർവഹിച്ചു.മാർച്ച് 31 വരെ ഉച്ച പൂജയ്ക്ക് ശേഷം നടക്കുന്ന ഉത്സവ ബലിയും അത്താഴ പൂജയ്ക്ക് ശേഷം നടക്കുന്ന ശ്രീഭൂതബലിയുമാണ് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ.
മാർച്ച് 31 വരെ രാവിലെ 8.15 വരെ മാത്രമേ നെയ്യഭിഷേകം ഉള്ളൂ . മാർച്ച് 31നാണ് പള്ളിവേട്ട. ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്. ഏപ്രിൽ ഒന്നിന് രാവിലെ 9 മണിക്ക് സന്നിധാനത്ത് നിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും.
ആറാട്ടിനു ശേഷം ഭക്തർക്ക് പമ്പ ഗണപതി ക്ഷേത്രത്തിൽ പറയിടുന്നതിന് അവസരമുണ്ടായിരിക്കും. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. ഏപ്രിൽ ഒന്നിന് രാത്രി 10 മണിക്ക് നട അടയ്ക്കും.



