കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വരുന്ന അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ (മൂലസ്ഥാനം ) ഇന്ന് രാത്രി യാമങ്ങളിൽ നടക്കും
ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ മാത്രം നൂറ്റാണ്ടുകളായി ആചരിക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം, കാവൂട്ട്,കളരിപൂജ , ചരിത്ര പുരാതനമായ കുംഭപ്പാട്ട് , ഭാരതാംബയുടെ വിരിമാറില്‍ ആദ്യം രൂപം കൊണ്ട കലാരൂപം ഭാരതക്കളി , തലയാട്ടം കളി ,കമ്പുകളി എന്നിവ രാത്രിയില്‍ മുഴുവനും പൂർണ്ണമായും നടക്കും.
ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് വെള്ളംകുടി നിവേദ്യം. സര്‍വ്വവിധ അന്തകാരമകലാനും ലോകത്തിന് വെളിച്ചം പകരാനും ആഴിപൂജയും നടക്കും .
വെള്ളി പരമ്പു നിവര്‍ത്തി 101 കളരിക്കും കുലജാതര്‍ക്കും വേണ്ടി തേക്കിലയും പുന്നയിലയും മലവാഴ ഇലയും നാക്ക് നീട്ടിയിട്ട് 101 നിലവിളക്ക് തെളിച്ച് കാട്ടു വിഭവങ്ങളും കാര്‍ഷിക വിളകളും കനലില്‍ ചുട്ടും വറുത്തും പൊടിച്ചും വേവിച്ചും പുഴുങ്ങിയും , കരിക്ക്, വറപൊടി, മുളയരി,അട വിഭവങ്ങള്‍ തെണ്ടും തെരളിയും കലശം, തേന്‍, കരിമ്പ് എന്നിവ ചേര്‍ത്തു വെച്ചും വസ്ത്രങ്ങൾ സമർപ്പിച്ച് ദക്ഷിണ വെച്ച് കളരി പൂജ സമര്‍പ്പിക്കും .
21 കൂട്ടം കാട്ടു വിറകുകള്‍ കൊണ്ട് ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ച് അകത്തും പുറത്തുമുള്ള കളരിയില്‍ വെള്ളം കുടി നിവേദ്യം കലശമായി തളിക്കും .
999 മലകളെ വിളിച്ചുണര്‍ത്തി മുളം കാലുകള്‍, പച്ചിരുമ്പു, ഉണക്കപ്പാള, ഉണക്കകമ്പു ചേര്‍ത്തുള്ള കുംഭ പാട്ട്, ഭാരതകളി, തലയാട്ടം കളി,കമ്പ് കളി ,പാട്ടും കളിയും എന്നിവ തിരു സന്നിധിയില്‍ നടക്കും .
വെളുപ്പിനെ 4 മുതൽ മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, 7 ന് മലയ്ക്ക് കരിക്ക് പടേനി,7.30 ന് ഭൂമിപൂജ, വൃക്ഷസംരക്ഷണ പൂജ, ജലസംരക്ഷണപൂജ,സമുദ്ര പൂജ,പ്രകൃതി സംരക്ഷണ പൂജ , 8.30 ന് വാനരപൂജ, വാനരഊട്ട്, മീനൂട്ട്, 9 ന് പ്രഭാത വന്ദനം ,പ്രഭാതപൂജ , തുടർന്ന് നിത്യ അന്നദാനം, 11.30 ന് ഊട്ട് പൂജ,
വൈകിട്ട് 6 മുതൽ സന്ധ്യാ നമസ്ക്കാരത്തിനു ശേഷമാണ് ആഴിപൂജയും വെള്ളം കുടി നിവേദ്യവും അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജയും. ഏഴര വെളുപ്പിനെ വരെ ചടങ്ങുകൾ നടക്കും.
വെളുപ്പിനെ വരെ നീണ്ടു നില്ക്കുന്ന അനുഷ്ടാന പൂജകള്‍ക്ക് ഊരാളിമാര്‍ നേതൃത്വം നല്‍കും എന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അറിയിച്ചു .



