Saturday, November 7, 2026
Homeകേരളംതദ്ദേശ തിരഞ്ഞെടുപ്പ് : പ്രത്യേക അറിയിപ്പുകള്‍ ( 29/11/2025 )

തദ്ദേശ തിരഞ്ഞെടുപ്പ് : പ്രത്യേക അറിയിപ്പുകള്‍ ( 29/11/2025 )

വാഹനപ്രചാരണം : മോട്ടോര്‍വാഹന നിയമം പാലിക്കണം

പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹനചട്ടങ്ങള്‍ പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന്റെ നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ഥിക്ക് ഇരുചക്ര വാഹനമുള്‍പ്പെടെ ഉപയോഗിക്കാം. എന്നാല്‍ വാഹനപ്രചാരണ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയില്‍ വരുന്നതാണ്. പ്രചരണ വാഹനത്തിന് വരണാധികാരിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളില്‍ പ്രചാരണം പാടില്ല.

വരണാധികാരിയാണ് പ്രചാരണ വാഹനത്തിനുള്ള പെര്‍മിറ്റ് നല്‍കുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സി / ടൂറിസ്റ്റ് പെര്‍മിറ്റ്, ഡ്രൈവറുടെ ലൈസന്‍സ്, ടാക്‌സ് അടച്ചതിന്റെ രേഖ, ഇന്‍ഷുറന്‍സ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് പെര്‍മിറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നല്‍കേണ്ടത്.

വരണാധികാരി നല്‍കുന്ന ഒറിജിനല്‍ പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കുകയും വേണം. പെര്‍മിറ്റില്‍ വാഹനത്തിന്റെ നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എന്നിവ ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന്റെ രൂപമാറ്റം, വാഹനത്തില്‍ തിരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവയുടെ പ്രദര്‍ശനം, വീഡിയോ പ്രചരണ വാഹനം എന്നിവയെല്ലാം മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കണം.

പ്രചാരണ വാഹനങ്ങളില്‍ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിന് പോലീസ് അധികാരിയുടെ അനുമതി വാങ്ങണം. ഇതിനായി വരണാധികാരി നല്കിയ വാഹന പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അപേക്ഷിക്കണം.

വരണാധികാരിയുടേയോ പോലീസ് അധികാരിയുടേയോ പെര്‍മിറ്റ് ഇല്ലാത്ത വാഹനം പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. അത്തരം വാഹനം അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് : പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിലയിരുത്തി

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ വിലയിരുത്തി. നവംബര്‍ 29 ന് പ്രത്യേകം പ്രത്യേകമായി വിളിച്ചു ചേര്‍ത്ത ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജനറല്‍ ഒബ്‌സര്‍വര്‍മാര്‍, ചെലവ് നിരീക്ഷകര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് പുരോഗതി വിലയിരുത്തിയത്.

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിതരണവും കാന്‍ഡിഡേറ്റ് സെറ്റിംഗും, സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണപ്രവര്‍ത്തനങ്ങള്‍, മാതൃകാപെരുമാറ്റചട്ടം, ക്രമസമാധാന പാലനം, പ്രശ്‌നബാധിത ബൂത്തുകളിലെ മുന്‍കരുതലുകള്‍, ഹരിതചട്ടപാലനം, സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷണം തുടങ്ങിയവ സംബന്ധിച്ച പുരോഗതി വിലയിരുത്തി.

ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുവെന്നും ചട്ടലംഘനങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടപാലനവും മാതൃകാപെരുമാറ്റചട്ടവും ഉറപ്പാക്കണമെന്നും ചെലവ് നിരീക്ഷണം കര്‍ശനമാക്കണമെന്നും കമ്മീഷണര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

ഡ്യൂട്ടി ലീവ് ലഭിക്കും

തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ അന്യത്രസേവനവ്യവസ്ഥയിലുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ചു നല്‍കണമെന്ന് വകുപ്പ്/ഓഫീസ് മേധാവികളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

തിരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടുകൂടി അവധി

തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒമ്പത്, 11 തീയതികളില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ വിതരണം ആരംഭിച്ചു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിതരണോദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കലക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസ് സ്‌ട്രോങ് റൂമില്‍ നിര്‍വഹിച്ചു.

ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ജില്ലാ കലക്ടറില്‍ നിന്നും പത്തനംതിട്ട നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി എന്‍ പ്രശാന്ത് കുമാര്‍ ഏറ്റുവാങ്ങി.

പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളിലെ 200 കണ്‍ട്രോള്‍ യൂണിറ്റും 200 ബാലറ്റ് യൂണിറ്റും പുളിക്കീഴ്, കോയിപ്രം ബ്ലോക്കിലെ 280 കണ്‍ട്രോള്‍ യൂണിറ്റും 840 ബാലറ്റ് യൂണിറ്റുമാണ് ആദ്യ ദിനം വിതരണം ചെയ്തത്. നവംബര്‍ 30 ന് മല്ലപ്പള്ളി, കോന്നി, ഇലന്തൂര്‍ ബ്ലോക്കിലെയും ഡിസംബര്‍ ഒന്നിന് പന്തളം, റാന്നി, പറക്കോട് ബ്ലോക്കിലെയും വോട്ടിംഗ് മെഷീന്‍ വിതരണം ചെയ്യും.

ഡിസംബര്‍ മൂന്ന് മുതല്‍ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന് മെഷീന്‍ സജ്ജമാക്കും. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും. വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മറ്റ് പോളിങ് സാമഗ്രികള്‍ക്കൊപ്പം വിതരണം ചെയ്യും.

പൊതുതിരഞ്ഞെടുപ്പിന് മള്‍ട്ടി പോസ്റ്റ് ഇ.വി.എം ആണ് ഉപയോഗിക്കുന്നത്. പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും. വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് സജ്ജീകരിക്കുന്നത്. നഗരസഭകളില്‍ ഒന്നു വീതം കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്.

ഒരു ബാലറ്റ് യൂണിറ്റില്‍ 15 വരെ സ്ഥാനാര്‍ഥികളെയാണ് ക്രമീകരിക്കുന്നത്. ഏതെങ്കിലും തലത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 15 ല്‍ കൂടുതലുണ്ടെങ്കില്‍ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. 16 മുതലുള്ള സ്ഥാനാര്‍ഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക. ജില്ലയില്‍ 2,180 കണ്‍ട്രോള്‍ യൂണിറ്റും 6,184 ബാലറ്റ് യൂണിറ്റുമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്.

ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ബ്ലോക്ക്, നഗരസഭ എഇആര്‍ഒമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയ വര്‍ പങ്കെടുത്തു.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: എന്യുമറേഷന്‍ ഫോം സ്വീകരിക്കാന്‍ വില്ലേജ് ഓഫീസുകള്‍ ഞായര്‍ (നവംബര്‍ 30) തുറന്നു പ്രവര്‍ത്തിക്കും

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷന്‍ ഫോം ശേഖരണത്തിന് പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും നവംബര്‍ 30 (ഞായര്‍) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവര്‍ത്തിക്കും.

വോട്ടര്‍മാര്‍ പൂരിപ്പിച്ച എന്യുമറേഷന്‍ ഫോം കളക്ഷന്‍ സെന്ററായ വില്ലേജ് ഓഫിസില്‍ എത്തിക്കണം. ഫോം പൂരിപ്പിച്ച് നല്‍കാത്തവരുടെ പേര് കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും ജില്ല കലക്ടര്‍ അറിയിച്ചു. നവംബര്‍ 30 ന് ജില്ലയിലെ വില്ലേജ്, താലൂക്ക്, കലക്ടറേറ്റിലെ എല്ലാ ജീവനക്കാരും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ജോലി മാത്രം ചെയ്യേണ്ടതാണെന്നും ജില്ല കലക്ടര്‍ നിര്‍ദേശിച്ചു.

വെബ്‌സൈറ്റിലൂടെ സ്ഥാനാര്‍ഥികളെ അറിയാം

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.sec.kerala.gov.in/election/candidate/viewCandidate ലൂടെ തദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ അറിയാം.

ലിങ്ക് ക്ലിക്ക് ചെയ്ത് ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിവ രേഖപ്പെടുത്തി കാപ്ച്ച ടൈപ്പ് ചെയ്ത് സെര്‍ച്ച് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഓരോ വാര്‍ഡിലും മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പേര്, വയസ്, ജെന്‍ഡര്‍, വീട്ടുപേര്, ഫോട്ടോ, രാഷ്ട്രീയ പാര്‍ട്ടിയും ചിഹ്നവും, സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക, പത്രികയോടൊപ്പം സമര്‍പ്പിച്ച വിശദാംശം എന്നിവ കാണാനാകും.
തദേശസ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്താനുള്ള കോളത്തില്‍ ഗ്രാമപഞ്ചായത്ത് ‘G’, ബ്ലോക്ക് പഞ്ചായത്ത് ‘B’, ജില്ലാ പഞ്ചായത്ത് ‘D’, മുനിസിപ്പാലിറ്റി ‘M’, കോര്‍പറേഷന്‍ ‘C’ എന്ന അക്ഷരത്തില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ജില്ലാതല മീഡിയ റിലേഷന്‍സ് സമിതിക്ക് പരാതി നല്‍കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച പത്തനംതിട്ട ജില്ലാതല മീഡിയ റിലേഷന്‍സ് സമിതിയിലേക്ക് പരാതി നല്‍കാം.

പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും തുടര്‍നടപടി ശുപാര്‍ശ ചെയ്യുന്നതിനും ജില്ലാ കലക്ടറുടെ അധികാര പരിധിയില്‍ വരുന്ന മാധ്യമ സംബന്ധിയായ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനാണ് ജില്ലാ മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചത്.

മാധ്യമങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ഈ സമിതിയായിരിക്കും. ഇമെയില്‍: diopta1@gmail.com ഫോണ്‍: 0468 2222657

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ