യൂട്യൂബറും സിവിൽ സപ്ലൈസ് ജീവനക്കാരിയുമായ അമ്മയും യുട്യൂബറായ സുഹൃത്തുമാണ് അറസ്റ്റിലായത്. കൊച്ചി എളമക്കരയിൽ നിന്നും വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോടതി ഇവരെ റിമാൻഡ് ചെയ്തു. സിവിൽ സപ്ലൈസ് വകുപ്പിൽ റേഷനിങ് ഇൻസ്പെക്ടറും യൂട്യൂബറും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ അമ്മയാണ് ഒന്നാം പ്രതി. ഒരു പ്രമുഖ യൂട്യൂബ് ചാനലിൽ അവതാരകയുമാണ് ഇവർ.
ഇവരുടെ സുഹൃത്തും യൂട്യൂബറുമായ തിരുവനന്തപുരം വാമനപുരം സ്വദേശി സിദ്ധാർഥ് രാജീവാണ് (24) കൂട്ടുപ്രതി. നവംബർ 12-ന് രാത്രി 12 മുതൽ 13-ന് പുലർച്ചെ 8.30-വരെയുള്ള സമയത്താണ് മർദനം നടന്നത്.
രാത്രി അമ്മയുടെ മുറിയിൽ കിടക്കാൻ എത്തിയ കുട്ടിയോട് മറ്റൊരു മുറിയിൽ പോയി കിടക്കാൻ ഇരുവരും ആവശ്യപ്പെട്ടെങ്കിലും കുട്ടി സമ്മതിച്ചില്ല. ഇതോടെ സിദ്ധാർഥ് കുട്ടിയുടെ ഇടതു കൈയിൽപിടിച്ച് തിരിക്കുകയും തടഞ്ഞു നിർത്തി കഴുത്തിനു പിടിച്ച് ഞെക്കിക്കൊണ്ട് ഭിത്തിയോട് ചേർത്തുനിർത്തി തല ടോയ്ലറ്റിന്റെ വാതിലിൽ ഇടിപ്പിക്കുകയും ചെയ്തു. നിലത്തു വീണ കുട്ടിയെ സംരക്ഷിക്കാൻ അമ്മ ശ്രമിച്ചില്ലെന്ന് എഫ്ഐ ആറിൽ പറയുന്നു. അമ്മ കുട്ടിയുടെ നെഞ്ചിൽ മാന്തുകയും ചെയ്തു.



