തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നാടിനെ നടുക്കിയ ക്രൂര കൊലപാതകം. പൂഴിക്കുന്ന് സ്വദേശി രാജനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വെങ്ങാനൂർ സ്വദേശി അനൂപ് കൃഷ്ണൻ അറസ്റ്റിൽ.
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന രാജന്റെ മൃതദേഹം തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് അയൽവാസികൾ കണ്ടെത്തിയത്. തല വെട്ടിമാറ്റിയ നിലയിലായിരുന്നു. ശരീരത്തിൽ 35-ഓളം മാരക മുറിവുകളുണ്ടായിരുന്നു. കൊലപാതകം ഞായറാഴ്ച നടന്നതാകാമെന്നാണ് പോലീസിന്റെ നിഗമനം.
കൊല്ലപ്പെട്ട രാജനും പ്രതി അനൂപ് കൃഷ്ണനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം രാജൻ സ്ഥിരമായി അനൂപിനെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു. ഈ മർദ്ദനത്തോടും അപമാനത്തോടുമുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.



