തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിക്ക് ലഭിച്ച നിധിയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനം ശ്രീലേഖ രാജിവെച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പദവി പ്രതീക്ഷിച്ചല്ല ശ്രീലേഖ ബിജെപിയിൽ എത്തിയതെന്ന് കൃഷ്ണദാസ് വ്യക്തമാക്കി. പാർട്ടിക്ക് കരുത്തുപകരാൻ നേതൃനിരയിൽ തന്നെ അവർ തുടരുമെന്നാണ് പ്രതീക്ഷ. രാജി ഒരു സമ്മർദ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതാക്കളുടെ അഭ്യർഥനയും സമ്മർദവും കാരണമാണ് ശ്രീലേഖ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ തയ്യാറായതെന്നും കൃഷ്ണദാസ് പറഞ്ഞു. ഔദ്യോഗിക ജീവിതത്തിലുടനീളം മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിത്വമാണ് ശ്രീലേഖയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിലവിൽ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നും വരുന്ന അഞ്ച് വർഷവും തിരുവനന്തപുരം കോർപറേഷൻ ബിജെപി തന്നെ ഭരിക്കുമെന്നും കൃഷ്ണദാസ് അവകാശപ്പെട്ടു.
അതേസമയം, ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രശ്നം പരിഹരിക്കുന്നതിനായി സംസ്ഥാന അധ്യക്ഷൻ നേരിട്ട് ശ്രീലേഖയുമായി ചർച്ച നടത്തുമെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി ശ്രീലേഖ പ്രഖ്യാപിച്ചത്.



