തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കണ്ടോൺമെന്റ് എസ്‌ഐ ഗോകുൽ ഗോപനെതിരെ ഉടൻ നടപടി ഉണ്ടാകില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമായിരിക്കും തുടർനടപടി തീരുമാനിക്കുക. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പരാതിയിൽ അന്വേഷണം നടക്കും.
എസ്‌ഐ ഗോകുൽ ഗോപനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. ഇന്ന് ഗോകുൽ ഗോപന്റെ വീടിലേക്ക് മാർച്ച് നടത്തുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. അതേസമയം, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണിൽ ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഗോകുൽ ഗോപന്റെ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. സംഭവത്തിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥർ വിശദീകരണം തേടിയതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി. മെൻസ് ഹോസ്റ്റൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളേജ് വിദ്യാർത്ഥികളായ ആദർശ്, അരുൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വഴുതക്കാട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവർ പിടിയിലായത്. കേസിൽ നേരത്തെ ലോ കോളേജ് വിദ്യാർത്ഥിയായ വേണുവിനെയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫൈദറിനെയും അറസ്റ്റ് ചെയ്തിരുന്നു.
യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയായിരുന്നു സംഘർഷം. ഹോസ്റ്റലിൽനിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. എന്നാൽ മാർച്ചിനിടെ പ്രകോപനം സൃഷ്ടിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ആരോപണം. ഇരുവിഭാഗവും പരസ്പരം കല്ലേറും ഏറ്റുമുട്ടലും നടത്തിയതോടെ സ്ഥിതി രൂക്ഷമായി.
സംഭവത്തിൽ മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.



