Wednesday, September 23, 2026
Homeകേരളംചിറയിൻകീഴ് കയ്യാങ്കളി വിവാദം; കെപിസിസി അധ്യക്ഷനെ വീണ്ടും കണ്ട് രമ്യ ഹരിദാസ്.

ചിറയിൻകീഴ് കയ്യാങ്കളി വിവാദം; കെപിസിസി അധ്യക്ഷനെ വീണ്ടും കണ്ട് രമ്യ ഹരിദാസ്.

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ വീണ്ടും കണ്ട് രമ്യ ഹരിദാസ് എംഎൽഎ. നേരത്തെ അന്വേഷണ ഉപസമിതിക്ക് മുന്നിൽ ഹാജരായി രമ്യ ഹരിദാസ് വിശദീകരണം നൽകിയിരുന്നു. വിഷയത്തിൽ കടുത്ത നടപടിയിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നാണ് വിവരം. എന്നാൽ എംഎൽഎയ്ക്ക് പരസ്യ താക്കീത് നൽകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ഉയർത്തിയിരുന്നു.

ചിറയിൻകീഴിലെ കയ്യാങ്കളി സംഭവത്തിൽ രമ്യ ഹരിദാസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. എം എം ഹസൻ അധ്യക്ഷനായ സമിതി കെപിസിസി അധ്യക്ഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് എംഎൽഎക്കെതിരായ വിമർശനം.

രമ്യ ഹരിദാസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും വിഷയത്തിൽ പക്വതയോടെ ഇടപെടാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോൾ കെപിസിസിയെ സമീപിക്കുന്നതിന് പകരം അനാവശ്യമായി വിവാദം സൃഷ്ടിച്ചുവെന്നും അന്വേഷണ സമിതി വിലയിരുത്തിയിരുന്നു.

കഴിഞ്ഞ കെപിസിസി യോഗത്തിലും രമ്യ ഹരിദാസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ കയ്യാങ്കളി വിവാദത്തിൽ എംഎൽഎക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന വിമർശനവും ഉയർന്നിരുന്നു.

നിലവിൽ കെപിസിസി ഉപാധ്യക്ഷയാണ് രമ്യ ഹരിദാസ്. അന്വേഷണ സമിതി റിപ്പോർട്ടും നേതാക്കളുടെ അഭിപ്രായങ്ങളും പരിഗണിച്ച് രമ്യ ഹരിദാസിനെ ചുമതലയിൽ നിന്ന് നീക്കണമെന്ന് എഐസിസിയോട് ആവശ്യപ്പെടാനുള്ള സാധ്യതയും പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.

കയ്യാങ്കളി വിവാദത്തിൽ അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകാൻ ആദ്യഘട്ടത്തിൽ രമ്യ ഹരിദാസ് തയ്യാറായിരുന്നില്ല. വിഷയത്തിൽ “എല്ലാം പാർട്ടി പറയും” എന്നായിരുന്നു അന്ന് രമ്യയുടെ പ്രതികരണം. പിന്നീട് ഇന്നലെയാണ് അവർ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകിയത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാക്കളായ സജാദിനെയും പാളയം പ്രദീപിനെയും പാർട്ടി നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പിഎ പാളയം പ്രദീപ് പങ്കെടുത്തതാണ് തർക്കത്തിന് തുടക്കമായത്.

യോഗത്തിൽ പ്രദീപ് പങ്കെടുക്കുകയും ചില കരാറുകാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തതിനെതിരെ പ്രാദേശിക തലത്തിൽ എതിർപ്പുണ്ടായിരുന്നു. യോഗത്തിൽ പ്രദീപ് പങ്കെടുക്കുന്ന ദൃശ്യങ്ങൾ പിന്നീട് എംഎൽഎ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശം അയച്ചതിനു പിന്നാലെയാണ് തർക്കം രൂക്ഷമായത്. തുടർന്ന് രാത്രി രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നു.

വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയതോടെയാണ് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സംഭവത്തിൽ പാർട്ടി തലത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് രമ്യ ഹരിദാസ് കെപിസിസി അധ്യക്ഷനെ വീണ്ടും കണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ