കൊച്ചി: കോണ്‍ഗ്രസുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഐയെന്നും എല്‍ഡിഎഫില്‍ തുടരാന്‍ താത്പര്യമില്ലെങ്കില്‍ അവരത് വ്യക്തമാക്കട്ടെയെന്നും മന്ത്രി പിസി വിഷ്ണുനാഥ്. മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് മുന്നണിയില്‍ സിപിഐ നേരിടുന്ന അവഹേളനം അവര്‍ അര്‍ഹിക്കുന്നതല്ല. എന്നാല്‍ സിപിഐ ഏത് മുന്നണിയില്‍ നില്‍ക്കണമെന്നത് സിപിഐ എന്ന പാര്‍ട്ടി തീരുമാനിക്കേണ്ടതാണ്. എല്‍ഡിഎഫിൽ തുടരാനോ, സിപിഐഎമ്മുമായി ചേര്‍ന്നു പോകാനോ അവര്‍ ആഗ്രഹിക്കുന്നില്ല എന്നൊരു ഘട്ടമുണ്ടായാല്‍ അതവര്‍ തുറന്നു പറയണം. അപ്പോഴാണ് യുഡിഎഫ് അഭിപ്രായം പറയേണ്ടതെന്നും വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.
ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായിരുന്നപ്പോഴാണ് സിപിഐക്ക് മുഖ്യമന്ത്രിയെ വരെ ലഭിച്ചത്. അന്ന് അച്യുതമേനോനെ പോലെ മികച്ചൊരു മുഖ്യമന്ത്രിയെ കേരളത്തിന് ലഭിച്ചു. അത്തരത്തില്‍ ഊഷ്മളമായൊരു ബന്ധം സിപിഐയുമായി ഉണ്ടായിരുന്നു. ദേശീയ തലത്തിലും കോണ്‍ഗ്രസിന്റെ മതേതര സംരക്ഷണ പോരാട്ടങ്ങളില്‍ എല്ലാക്കാലത്തും സിപിഐ ഉറച്ചുനിന്നിട്ടുണ്ട്. സിപിഐ ഇപ്പോള്‍ നേരിടുന്ന രൂപത്തിലുള്ള അവഹേളനത്തിന് അര്‍ഹതപ്പെട്ട പാര്‍ട്ടിയല്ല. ഇത്തരത്തില്‍ അപമാനിക്കപ്പെടേണ്ട പാര്‍ട്ടിയാണെന്ന് കരുതുന്നില്ല. അയ്യായിരം വോട്ട് തികച്ചുണ്ടോ എന്ന് ചോദിച്ച് മുന്നണിയില്‍ വര്‍ഷങ്ങളായി നില്‍ക്കുന്ന പാര്‍ട്ടിയെ സിപിഐഎം നേതാക്കള്‍ പരിഹസിക്കുന്നു. പരസ്പരം ബഹുമാനിച്ച് മുന്നോട്ട് പോകുന്ന സംവിധാനമാണ് മുന്നണികള്‍. അതില്‍ സിപിഐ നേരിടുന്ന അവഹേളനം അവര്‍ അര്‍ഹിക്കുന്നതല്ല. എന്നാല്‍ സിപിഐ ഏത് മുന്നണിയില്‍ നില്‍ക്കണമെന്നത് സിപിഐ എന്ന പാര്‍ട്ടി തീരുമാനിക്കേണ്ടതാണ്. എല്‍ഡിഎഫിൽ തുടരാനോ, സിപിഐഎമ്മുമായി ചേര്‍ന്നു പോകാനോ അവര്‍ ആഗ്രഹിക്കുന്നില്ല എന്നൊരു ഘട്ടമുണ്ടായാല്‍ അതവര്‍ തുറന്നു പറയട്ടെ. അപ്പോഴാണ് യുഡിഎഫ് അഭിപ്രായം പറയേണ്ടത്. അല്ലാതെ അവരെ ക്ഷണിക്കേണ്ട വിഷയം ഇവിടെയില്ല. ആര്‍എസ്പി അവരുടെ നിലപാട് പറഞ്ഞപ്പോഴാണ് യുഡിഎഫ് നിലപാടെടുത്തത്. അതുപോലെ സിപിഐ സ്വയം എടുക്കേണ്ട രാഷ്ട്രീയ തീരുമാനമാണ്. രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫില്‍ തുടരാന്‍ സിപിഐയെ അനുവദിക്കുന്നില്ലെങ്കില്‍ അവര്‍ തീരുമാനം പറയട്ടെ.’- വിഷ്ണുനാഥ് പറഞ്ഞു.
തെലങ്കാനയില്‍ സിപിഐഎം കോണ്‍ഗ്രസിന്റെ മുന്നണിയിലേക്ക് ഇല്ലെന്ന് നിലപാടെടുത്തപ്പോള്‍ സിപിഐ കൂടെ നില്‍ക്കാന്‍ തയ്യാറായി. സിപിഐയും കോണ്‍ഗ്രസും ഒരു മുന്നണിയായാണ് അവിടെ മത്സരിച്ചത്. ആ ബഹുമാനം എന്നുമുണ്ട്. എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമായി തുടരണോ എന്നത് സിപിഐയുടെ ആഭ്യന്തര തീരുമാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



