പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലെ മാനേജ്മെന്റ് സ്വീകരിച്ച നിലപാടിനെതിരെ നടി സബിറ്റ ജോർജ് രംഗത്ത്. ചെറിയ വ്യത്യാസങ്ങൾ ഉണ്ടെന്നല്ലേയുള്ളു സ്കൂളിലെ കന്യാസ്ത്രീകൾ ധരിക്കുന്നതും ശിരോവസ്ത്രം തന്നെയല്ലേയെന്ന് സബീറ്റ ചോദിക്കുന്നു. വാക്കുകളിങ്ങനെ
കഴിഞ്ഞ ദിവസം കേരളത്തിലെ സ്കൂളിലുണ്ടായ ഒരു സംഭവത്തെ കുറിച്ച് എനിക്ക് തോന്നിയ ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ഇത് എനിക്ക് വളരെ വ്യക്തിപരമായി തോന്നുന്നതെന്ന് അറിയില്ല. ചിലപ്പോൾ ഞാൻ ക്രിസ്ത്യനായതുകൊണ്ടാകാം. ക്രിസ്തുവിന്റെ ഉപദേശങ്ങൾ പിന്തുടരാൻ ശ്രമിക്കുന്ന വ്യക്തിയായതുകൊണ്ടാകാം.
കന്യാസ്ത്രീകൾ നടത്തുന്ന സ്കൂളാണ് അതെന്ന് ഞാൻ മനസിലാക്കുന്നു. അവിടെ മുസ്ലീം സമുദായത്തിൽപ്പെട്ട ഒരു വിദ്യാർത്ഥിനി മതപരമായ ആചാരങ്ങളുടെ ഭാഗമായ ഹിജാബ്… ഹിജാബ് എന്ന് പറഞ്ഞാൽ നമുക്ക് അറിയാം തല മുഴുവൻ കവറാകുന്ന മുടി പോലും പുറത്ത് കാണാത്ത രീതിയിൽ ധരിക്കുന്ന ഒന്നാണ്. ഹിജാബ് ധരിച്ച് ആ കുട്ടി സ്കൂളിൽ ചെല്ലുന്നു. ആദ്യമൊക്കെ സ്കൂളിൽ ചെല്ലുമ്പോൾ ആ കുട്ടി ഹിജാബ് അഴിച്ച് വെക്കുമായിരുന്നുവെന്നാണ് ഞാൻ മനസിലാക്കുന്നത്.
ക്ലാസ് സമയത്ത് അഴിച്ചുവെച്ചിട്ട് സ്കൂൾ വിട്ട് തിരികെ പോകുമ്പോൾ വീണ്ടും ധരിക്കുകയാണ് ചെയ്തിരുന്നതെന്നാണ് എനിക്ക് വാർത്ത കണ്ടപ്പോൾ മനസിലായത്. എന്തൊക്കയാല്ലേ… ഏതെങ്കിലും ഒരു സമയത്ത് ആ കുട്ടി വിചാരിച്ചിട്ടുണ്ടാകും ഇനി മുതൽ ഹിജാബ് അഴിച്ച് വെക്കുക വീട്ടിലേക്ക് തിരികെ പോകുമ്പോൾ ഇടുക എന്ന പ്രോസസ് ഇനി ചെയ്യുന്നില്ലെന്ന്.
ബിലീവ് ചെയ്യുന്ന ഒരു കാര്യം ഓൺ ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് ചിന്തിച്ച് കാണും . ആ സമയത്ത് കാത്തോലിക്ക് മാനേജ്മെന്റ് നയിക്കുന്ന സ്കൂളിലെ കന്യാസ്ത്രീകൾ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ടാവാം. എന്തുകൊണ്ടാണ് അത് അംഗീകരിക്കാൻ പറ്റാത്തത്. എപ്ലസും എല്ലാ വിഷയത്തിലും ജയിക്കുക എന്നത് മാത്രമാണോ നമ്മൾ പിള്ളേരെ പഠിപ്പിക്കുന്നത്?. ഇതാണോ പിള്ളേരെ പഠിപ്പിക്കേണ്ടത്. അതിലൊക്കെ ഉപരിയായി ക്യാരക്ടർ ഡെവലപ്പ്മെന്റ് മറ്റ് കൾച്ചറുകൾ, മറ്റുള്ളവരുടെ വിശ്വാസങ്ങൾ എന്നിവയെ ബഹുമാനിക്കാൻ പഠിക്കുക എന്നതും പഠനത്തിന്റെ ഭാഗമല്ലേ?. ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ശിരോവസ്ത്രം ധരിച്ച് നടക്കുന്ന കന്യാസ്ത്രീയാണ് ശിരോവസ്ത്രം ധരിച്ച ഒരു വിദ്യാർഥിനിയോട് അത് സ്കൂളിൽ ധരിച്ച് വരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുന്നത്. കന്യാസ്ത്രീ ധരിച്ച ശിരോവസ്ത്രത്തിൽ നിന്നും അൽപ്പം വ്യത്യാസം മാത്രമല്ലേ ആ കുട്ടി ധരിച്ച ശിരോവസ്ത്രത്തിനുള്ളു. കന്യാസ്ത്രീ ധരിച്ച ശിരോവസ്ത്രം അംഗീകരിക്കാൻ കഴിയില്ലെന്ന് മറ്റൊരാൾ പറഞ്ഞാലോ?. ഇതൊക്കെ മാറ്റേണ്ട സമയമായില്ലേ.



