ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെയും വാതില്‍പ്പടിയിലെയും കിലോക്കണക്കിന് സ്വർണ്ണം കൊള്ളയടിച്ചതില്‍ പങ്കാളികളായവരെല്ലാം ഉടൻ അകത്താവും. സ്വർണ്ണം ഉദ്യോഗസ്ഥർക്ക് വീതിച്ചുനല്‍കിയെന്നടക്കം വിവരങ്ങള്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് പറഞ്ഞു. ദേവസ്വം ഉന്നതർ അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യും.
കട്ടിളപ്പാളിയിലെ സ്വർണ്ണം കവർന്നതിനുള്ള രണ്ടാമത്തെ കേസിലും നടപടി പിന്നാലെ വരും. എട്ടാം പ്രതിസ്ഥാനത്ത് ബോർഡ് ഭരണസമിതിയാണ്. ഈ കേസില്‍ പോറ്റിയെ അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്ത പോറ്റിയെ റാന്നി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പതിനാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട പോറ്റിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. എന്നെ കുടുക്കിയവർ നിയമത്തിന് മുന്നില്‍ വരും എന്നാണ് മാദ്ധ്യമങ്ങളോട് പോറ്റി പ്രതികരിച്ചത്.
ദേവസ്വത്തിലെ ഉന്നതരുടെ അറിവോടെയും സമ്മതത്തോടെയും കൂടിയാണ് സ്വർണ്ണം കവർന്നെന്നാണ് മൊഴി. ഇതിനുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ട്. സ്വർണപ്പാളികള്‍ പോറ്റിക്ക് കൈമാറാൻ വ്യാജരേഖ ചമച്ചതടക്കം ഗുരുതര കുറ്റങ്ങളുടെ തെളിവുകളാണിത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ നിന്ന് സ്വർണ്ണം പൂശലിന് ശേഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണ്ണം കൈപ്പറ്റിയ പോറ്റിയുടെ കൂട്ടാളി കല്‍പ്പേഷിന് ഹാജരാവാൻ നോട്ടീസ് നല്‍കിയതായാണ് സൂചന. സ്വർണ്ണപ്പാളികള്‍ ബംഗളുരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും കൊണ്ടുപോയതിലും കല്‍പ്പേഷിന് പങ്കുണ്ട്.
ചെമ്പാണെന്ന് രേഖ ചമച്ച അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും ഉടൻ അറസ്റ്റ് ചെയ്തേക്കും. ഒൻപത് ഉദ്യോഗസ്ഥരെയാണ് പ്രതികളാക്കിയിരിക്കുന്നത്. പോറ്റിയെ ചെന്നൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും. ദ്വാരപാലക ശില്‍പ്പങ്ങളിലെ ചെമ്പ് തകിടുകള്‍ പോറ്റിക്ക് കൈമാറാൻ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ഉത്തരവ് നല്‍കിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഇത് ദേവസ്വം പ്രസിഡണ്ടിനെയും അംഗങ്ങളെയും രക്ഷിക്കാനുള്ള കള്ളക്കളിയാണെന്ന് ആരോപണമുണ്ട്.



