കോഴിക്കോട്; ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ലോക്ക് അല്ലെങ്കിൽ ‘പണി’ കിട്ടിയേക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്. വാട്‌സ്‌ആപ് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളിലെ സ്വകാര്യതാ, സുരക്ഷാ സംവിധാനങ്ങൾ മനസ്സിലാക്കി സുരക്ഷിതമാക്കണമെന്ന് സമീപകാല നിർമിതബുദ്ധി ഉപയോഗിച്ചള്ള സാമ്പത്തിക തട്ടിപ്പുകളുടെ വെളിച്ചത്തിൽ പൊലീസ് നിർദേശിക്കുന്നു.
സൈബർ തട്ടിപ്പുകാർ വിവരങ്ങൾ ‘ചൂണ്ടുന്നത്’ സമൂഹമാധ്യമ പ്രൊഫൈലുകളിൽനിന്നാണ്. എഐയും ഡീപ് ഫേക്ക് സാങ്കേതികവിദ്യയും ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയില്‍നിന്ന് പണം തട്ടിയ സംഘം വിവരങ്ങൾ കവർന്നത് ഇത്തരത്തിലാണെന്ന് പൊലീസ് കണ്ടെത്തി. വ്യക്തിവിവരങ്ങൾ, ജോലി, സുഹൃത്തുകൾ, സാമൂഹിക ഇടപെടലുകൾ, ആഘോഷങ്ങൾ, കുടുംബാംഗങ്ങൾ എന്നിവയെക്കുറിച്ച് തട്ടിപ്പുകാർ വിവരങ്ങൾ ശേഖരിക്കുന്നത് ‘ലോക്ക്’ ചെയ്യാത്ത പ്രൊഫൈലുകളിൽനിന്നാണ്. തട്ടിപ്പിനിരയാക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ചിത്രങ്ങള്‍ ശേഖരിക്കും. റീൽസിൽനിന്നും മറ്റും യഥാർഥ ശബ്ദം (ഒറിജിനൽ ഓഡിയോ) അടർത്തിയെടുക്കും. അവ വിവിധ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ സംയോജിപ്പിച്ചാണ് ഡീപ് ഫേക്ക് സാങ്കേതികവിദ്യയിലൂടെ തട്ടിപ്പ് നടത്തുന്നത്.
സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ പൊലീസ് സൂക്ഷ്‌മ നടപടികളുമായുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ സൈബർ ഡിവിഷനുകൾക്ക് കീഴിലാണ് കേസുകൾ കൈകാര്യംചെയ്യുന്നത്.