Sunday, April 21, 2024
Homeകേരളം🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

കൈയയച്ചു ദാനം ചെയ്തിരുന്നയൊരു കോടീശ്വനുണ്ടായിരുന്നു. ദരിദ്രനായ ഒരു കർഷകൻ, കാളവണ്ടിയിൽ പോകുന്നതു കണ്ടു സഹതാപം തോന്നി, കോടീശ്വരൻ, അയാൾക്കൊരു ചെറു വിമാനം സമ്മാനമായി നൽകി. കാള വണ്ടിയേക്കുറിച്ചു മാത്രമറിവുണ്ടായിരുന്ന അയാൾ, കാളകളെക്കൊണ്ടു, കെട്ടി വലിപ്പിച്ച്, വിമാനം ഉപയോഗിക്കാൻ തുടങ്ങി. കുറച്ചു കാലം കഴിഞ്ഞ്, വിമാനത്തിലെ ഇന്ധന ടാങ്കും എൻജിനും ശ്രദ്ധിച്ച അയാൾ വിമാനം, കാറായി നിരത്തിലൂടെ ഓടിക്കാനാരംഭിച്ചു. പിന്നെയും കുറേക്കാലം കഴിഞ്ഞാണയാൾ വിമാനത്തിൻ്റെ ചിറകുകൾ ശ്രദ്ധിച്ചതു അന്നു മുതൽ വിമാനം ആകാശത്തിലൂടെ പറക്കാൻ ആരംഭിച്ചു.

പൂർണ്ണമായും യുക്തി സഹമല്ലാത്ത ഒരു കഥയാണിതു. എന്നാലിതിൽ വലിയൊരു പാഠമുണ്ട്: ആളറിഞ്ഞു വേണം സമ്മാനം കൊടുക്കാനെന്നതാണ് അത്.

ലക്ഷ്യമറിയാത്ത യാത്രയേക്കാൾ അർത്ഥരഹിതമാണു, വഴിയറിയാതെയുള്ള യാത്ര. ആകാശത്തിലൂടെയാണു തങ്ങൾ സഞ്ചരിക്കേണ്ടതെന്ന തിരിച്ചറിവില്ലാത്ത ഓരോ പറവയും, പുഴുവായി ഭൂമിയിൽ ഇഴഞ്ഞു നടക്കേണ്ടി വരും. വഴി മാറി സഞ്ചരിക്കാം, പക്ഷെ, വഴി തെറ്റി സഞ്ചരിക്കരുതു. അഥവാ തെറ്റായി തുടങ്ങിയാൽ തന്നെ തിരിച്ചറിയുമ്പോൾ, തിരുത്താൻ കഴിയണം.

പാരിതോഷികങ്ങളുടെ പ്രസക്തിയാണു, അവയുടെ പ്രൗഡിയേക്കാൾ പ്രധാനം. ആഡംബരത്തേക്കാൾ, ആവശ്യത്തിന് ഉപകരിക്കുന്നവയാകണം, സമ്മാനങ്ങൾ ആളറിയാതെയുള്ള ഉപഹാരങ്ങൾ, അവഹേളനമായി ഭവിച്ചെന്നു വരാം.

കണ്ടെത്തലുകളാണു ജീവിതത്തിനു ദിശാബോധം നൽകുന്നത്. അന്വേഷണങ്ങളും പരീക്ഷണങ്ങളം അവസാനിക്കുന്നിടത്തു ജീവിതം നിർജ്ജീവമാകും. ഓരോ വസ്തുവും എന്തിനു വേണ്ടി നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കുമ്പോഴാണു, അതിൻ്റെ ഉപയോഗക്ഷമത പൂർണ്ണതയിലെത്തുന്നത്
ഓരോ വ്യക്തിയും തൻ്റെ ദൗത്യങ്ങൾ തിരിച്ചറിയുമ്പോഴാണു, അയാളുടെ ജീവിതം, നാടിനും നാട്ടാർക്കും, ഉതകുന്നതാകുന്നത്,അപ്രകാരമുള്ള ജീവിതത്തിൻ്റെ ഉടമകളാകാം.

സർവ്വേശ്വരൻ നമ്മെ സഹായിക്കട്ടെ. ഏവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

Most Popular

Recent Comments