Sunday, April 21, 2024
Homeകേരളം🌸"ഇന്നത്തെ ചിന്താവിഷയം"🌸 2024 | ഫെബ്രുവരി 25| ഞായർ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 2024 | ഫെബ്രുവരി 25| ഞായർ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

അപരനു ചെവി കൊടുക്കുന്നവരാകാം
_________________________________

സുധാ മൂർത്തിയുടെ ‘ചുമടു താങ്ങി’യെന്ന കഥയിൽ രണ്ടു കഥാപാത്രങ്ങളുണ്ട്. രണ്ടു സംഭവങ്ങളും. കഥാകൃത്തു, കുട്ടിക്കാലം ചെലവഴിച്ച ഗ്രാമത്തിൽ വലിയ ഒരാൽമരം ഉണ്ടായിരുന്നു. അതിനു കീഴെ ഒരു ചുമടു താങ്ങിയും, ദിവസവും ഒരു മുത്തച്ഛൻ അവിടെ പോയിരുന്നു. ചുമടെടുത്തു വരുന്നവരുടെ വിഷമങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. എന്നാലദ്ദേഹം മറുപടിയൊന്നും പറഞ്ഞിരുന്നില്ല.

കഥയിലെ രണ്ടാമത്തെ കഥാപാത്രം, കഥാകൃത്തിൻ്റെ സഹപ്രവർത്തക രത്നയാണ്. എല്ലാ ദിവസവും ഉച്ചഭക്ഷണ സമയത്തു, ഒരു മണിക്കൂർ അവർ, ഏതെങ്കിലും സഹപ്രവർത്തകരോടൊപ്പം സമയം ചെലവഴിക്കും. എല്ലാവരുടെയും വിഷമങ്ങൾ കേൾക്കുന്ന രത്നയും, ഒരു പരിഹാരവും നിർദ്ദേശിച്ചിരുന്നില്ല. എന്നാൽ, മുത്തച്ഛൻ്റെയും രത്നയുടെയും അടുത്തിരുന്നവർ, സന്തോഷത്തോടെയാണു തിരിച്ചു പോയിരുന്നത്. കഥയിങ്ങനെ അവസാനിക്കുന്നു, മരത്തിനു കീഴിലുള്ള ചുമടു താങ്ങിയേക്കാൾ, മുത്തച്ഛനേയും, രത്നയേയും പോലുള്ള ചുമടു താങ്ങികളേയാണു നമുക്കിന്നാവശ്യം.

അവർ പറഞ്ഞു തീരുന്നതുവരെ, പറയുന്നവരുടെ സങ്കടങ്ങൾ കേൾക്കാൻ നമുക്കാകണം. കേൾവിയില്ലാത്തതിനേക്കാൾ ഭീകരമാണു, കേൾക്കാൻ മനസ്സില്ലാത്തയവസ്ഥ. കേൾക്കാനൊരാളുണ്ടായിരുന്നുവെങ്കിൽ, ഒട്ടേറെ ജീവിതങ്ങൾ രക്ഷപ്പെടുമായാരുന്നു. ആർക്കും കേൾവി കൊടുക്കാൻ നമുക്കു കഴിഞ്ഞെന്നു വരില്ല. പക്ഷെ,’ ചെവികൊടുക്കാൻ ‘, തീർച്ചയായും പറ്റും.

മറ്റൊരാളുടെ സങ്കടങ്ങൾക്കിടയിൽ, കുറച്ചു നേരമെങ്കിലും അയാളോടൊപ്പം സമയം ചെലവഴിക്കുവാനാകുമെങ്കിൽ, അതാകും നമുക്കു ചെയ്യാനാകുന്ന ഏറ്റവും വലിയ പുണ്യം. അപരനെന്തു നൽകിയെന്ന ചോദ്യത്തിൻ്റെ ഏറ്റവും നല്ല ഉത്തരം, “അവനു/ അവൾക്കു, ആശ്വാസം നൽകി “യെന്നതായിരിക്കും കാരണം, അതൊരു ജീവശ്വാസമാണ്. ശിഷ്ടകാലം മുഴുവനുമുള്ള ഒരു ചുമടു താങ്ങി. മറ്റൊന്നും കൊടുക്കാനായില്ലെങ്കിലും, അപരനു ‘ചെവികൊടുക്കാ’നെങ്കിലും നമുകാകണം.

സർവ്വേശ്വരൻ സഹായിക്കട്ടെ എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം🙏

✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

Most Popular

Recent Comments