Thursday, April 18, 2024
Homeകേരളം🌸"ഇന്നത്തെ ചിന്താവിഷയം"🌸 2024 | ഫെബ്രുവരി 21| ബുധൻ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 2024 | ഫെബ്രുവരി 21| ബുധൻ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

നന്മ പുറത്തു വരട്ടെ
—————————-

ഗുരുവും ശിഷ്യരും ഒരുമിച്ചിരിക്കെയൊരു ശിഷ്യനൊരു സംശയം “എന്തുകൊണ്ടാണു ചിലർ ക്ഷിപ്രകോപികളും, അക്രമകാരികളും, സഭ്യമല്ലാത്ത വാക്കുകൾ പറയുന്നവരുമാകുന്നത്”

ഗുരു അയാളോടു തനിക്കു കുടിക്കാനൊരു ഗ്ലാസ്സ് വെള്ളം ആവശ്യപ്പെട്ടു. ഗ്ലാസ്സിൽ വെള്ളവുമായി വന്ന അയാളുടെ കൈയ്യിൽ ഗുരു ചെറുതായൊന്നു തട്ടി. വെള്ളം തുളുമ്പി നിലത്തു വീണു. ഗുരു ചോദിച്ചു “എന്താണു വെള്ളം താഴെ വീണത്” ശിഷ്യൻ പറഞ്ഞു,അങ്ങെന്റെ കൈയ്യിൽ തട്ടിയതുകൊണ്ടാണ്, ഗുരു തിരുത്തി “അല്ല, നിന്റെ കൈയ്യിലെ ഗ്ലാസ്സിൽ വെള്ളമുണ്ടായിരുന്നതു കൊണ്ടു
എത്ര സമ്മർദ്ദമുണ്ടായാലും പാത്രത്തിൽ ഉള്ളതല്ലെ തുളുമ്പൂ”.

“ഹൃദയം നിറഞ്ഞു കവിയുന്നതു വായ് പ്രസ്താവിക്കുന്നു” എന്നാണു വിശുദ്ധ ലിഖിതം പറയുന്നത്. അകത്തുള്ളതു മാത്രമേ, പുറത്തേക്കു വരൂ. പുറമേ സംഭവിക്കുന്നതെല്ലാം, നിമിത്തങ്ങൾ മാത്രം. അതതു സാഹചര്യങ്ങളിൽ ഓരോന്നു പ്രത്യക്ഷപ്പെടുന്നുവെന്നു മാത്രം. ഓരോ പ്രതികരണവും, പുറമേനിന്നുള്ള പ്രകോപനങ്ങളുടേയോ, പ്രചോദനങ്ങളുടേയോ പരിണതഫലമല്ല അകമേയുള്ള ചിന്തകളുടെയും, മനോഭാവങ്ങളുടെയും പ്രതിഫലനങ്ങളാണ്. പാത്രത്തിൽ ജലമില്ലെങ്കിൽ, അതു മറിച്ചിട്ടാലും, ഒരു തുള്ളി ജലം പോലും പുറത്തു വരികയില്ല.

ഏതവസ്ഥയേയും ക്ഷമയോടും സംയമനത്തോടും കൂടെ നേരിടാനും, അതിക്രമങ്ങളോടു ശാന്തമായി പ്രതികരിക്കാനും നമുക്കു ശേഷിയുണ്ടാകണം. സ്വന്തം ഉള്ളറകളിലേക്കു ഇടയ്ക്കൊക്കെ നാം ഒന്നു പരതി നോക്കണം. അവിടെ വളർന്നു വരുന്നതു, സന്തോഷം, സമാധാനം, സ്നേഹം, കരുണ തുടങ്ങിയവയോ, അതോ, ഈർഷ്യ, വിദ്വേഷം, അസൂയ എന്നിവയോ എന്നറിയാം. ഉള്ളിൽ നന്മയാണുള്ളതെങ്കിൽ, നന്മ പുറത്തുവരും തിന്മയാണെങ്കിൽ തിന്മയും. നമ്മിൽ നിന്നും തിന്മയല്ല, നന്മ പുറത്തു വരട്ടെ.

ജഗദീശ്വരൻ സഹായിക്കട്ടെ. നന്ദി, നമസ്ക്കാരം

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

Most Popular

Recent Comments