Thursday, March 20, 2025
Homeകേരളംഇല്‍നെസ്സ് ഇല്ല വെല്‍നെസ്സ് മാത്രം: തുമ്പമണ്ണിലെ സ്ത്രീകള്‍ ഇനി ഡബിള്‍ സ്ട്രോങ്ങ്

ഇല്‍നെസ്സ് ഇല്ല വെല്‍നെസ്സ് മാത്രം: തുമ്പമണ്ണിലെ സ്ത്രീകള്‍ ഇനി ഡബിള്‍ സ്ട്രോങ്ങ്

തുമ്പമണ്ണിലെ സ്ത്രീകള്‍ ഇനി ഡബിള്‍ സ്ട്രോങ്ങാകും. ആരോഗ്യ പരിപാലനത്തില്‍ പുതിയ അധ്യായം രചിക്കുകയാണ് തുമ്പമണ്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഷീ വെല്‍നെസ്സ് സെന്റര്‍. ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിനൊപ്പം ആക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകളെ ഇവിടെ പ്രാപ്തരാക്കുന്നു. പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ ജിം യാഥാര്‍ഥ്യമാക്കിയത്. പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു മാസം പിന്നിടുമ്പോള്‍ മനകരുത്തിനൊപ്പം ശാരീരികാരോഗ്യവും മുതല്‍ക്കൂട്ടായ വനിതകളെയാണ് വാര്‍ത്തെടുത്തത്.

വനിതാ ജിമ്മിന് പിന്നില്‍ കുടുംബശ്രീയുടെ പങ്കും ശ്രദ്ധേയമാണ്. വരുമാനത്തിനും ജിമ്മിലെത്തുന്നവര്‍ക്ക് ഉന്മേഷം നല്‍കാനുമായി സ്ഥാപിച്ച കുടുംബശ്രീ മാര്‍ക്കറ്റിംഗ് കിയോസ്‌ക്കും വിജയപാതയിലാണ്. കരുത്തിന്റെ പടവുകള്‍ കയറാന്‍ ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളില്‍ നിന്നും ദിനംപ്രതിയെത്തുന്നത് 90 ലധികം വനിതകളാണ്.

മനക്കരുത്തിനൊപ്പം സ്വയം പ്രതിരോധ ശേഷി പകരാന്‍ വിപുലമായ വ്യായാമസൗകര്യങ്ങളുണ്ട്. കാന്‍സര്‍, പ്രമേഹം, രക്തസമര്‍ദ്ദം, ഹൃദയ സംബന്ധമായ ജീവിതശൈലി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം കൂടിയാണ് ജിം. വനിതാ ഘടക പദ്ധതി- ആരോഗ്യത്തില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപയുടെ അത്യാധുനിക ഉപകരണങ്ങളായ ട്രെഡ്മില്‍, ബൈക്ക്, ആപ്പ്‌സ് കോസ്റ്റര്‍, ഹിപ്പ് ട്വിസ്റ്റര്‍, സ്റ്റാന്‍ഡിങ് ഹിപ്പ് ട്വിസ്റ്റര്‍, മാസ്സ് എക്സ്റ്റന്‍ഷന്‍, ഡംബല്‍സ്, വെയ്റ്റ് ബോള്‍ തുടങ്ങിയവ ജിമ്മില്‍ ക്രമീകരിച്ചിരിക്കുന്നു.

ഉദ്യോഗസ്ഥര്‍ക്കും വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗകര്യപ്രദമായ സമയത്താണ് ജിമ്മിന്റെ പ്രവര്‍ത്തനം. 20 മുതല്‍ 68 വയസുവരെയുള്ള വനിതകള്‍ പരിശീലനത്തിനായി എത്തുന്നു. സൗഹൃദ സംഭാഷണങ്ങള്‍ക്ക് എത്തുന്നവരുമുണ്ട്. തായ്കൊണ്ടോ, കരാട്ടെ, കുഡോ എന്നിവയില്‍ ബ്ലാക്ക് ബെല്‍റ്റുള്ള 26 കാരി ശില്‍പയാണ് ട്രെയിനിര്‍. സ്‌കൂള്‍ അധ്യാപിക കൂടിയായ ശില്‍പ യോഗ, സുംബ, സ്വയം പ്രതിരോധം എന്നിവയില്‍ പരിശീലനം നല്‍കന്നു. സ്ത്രീകളുടെ മാനസികവും ശരീരികവുമായ ഉന്നമനത്തിനായി ഓരോരുത്തരുടെയും ആവശ്യത്തിനുതകുന്ന രീതിയിലാണ് പരിശീലന മുറകള്‍.

ജീവിതശൈലി രോഗങ്ങളില്‍ നിന്ന് മോചനത്തിന് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആരോഗ്യ പരിപാലനം ജിമ്മില്‍ ഉറപ്പാക്കാം. നിലവില്‍ രാവിലെയും വൈകിട്ടുമായി രണ്ട് ബാച്ചുകളാണുള്ളത്. മാസം 300 രൂപയാണ് ഫീസ്. 100 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. ജിമ്മ് ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ബ്ലോക്ക് മുന്‍ പ്രസിഡന്റ് പോള്‍ രാജനാണ്.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരിശീലനത്തിനും വ്യായാമത്തിനുമായി ഇവിടെ എത്തുന്നു. സ്ത്രീ സൗഹൃദമായ അന്തരീക്ഷത്തില്‍ വ്യായാമത്തിലൂടെ ശാരീരിക ക്ഷമത ഉറപ്പാക്കുന്നതിനൊപ്പം സ്വയം പ്രതിരോധത്തിനായുള്ള ആത്മധൈര്യം നല്‍കുന്നതിന് ജിമ്മിലെ പരീശീലനങ്ങള്‍ ഉപകരിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില പറഞ്ഞു.

ജിമ്മിന്റെ സേവനം ജില്ലയിലെ എല്ലാ വനിതകള്‍ക്കും ലഭ്യമാക്കും വിധം കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് പന്തളം ബ്ലോക്ക് പഞ്ചായത്ത്. ആറന്മുള പഞ്ചായത്തിലെ വല്ലനയില്‍ ജിമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നു. സ്ത്രീകളെ മാനസികമായും ശരീരികമായും പ്രാപ്തരാക്കുന്ന ഇത്തരം സംരംഭങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ തുടരുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments