Tuesday, September 17, 2024
Homeകേരളംഎലിപ്പനിക്കെതിരെ പത്തനംതിട്ട ജില്ലയില്‍ ജാഗ്രത വേണം

എലിപ്പനിക്കെതിരെ പത്തനംതിട്ട ജില്ലയില്‍ ജാഗ്രത വേണം

പത്തനംതിട്ട –എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. എലി, കന്നുകാലികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ മറ്റു വസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്.

കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്.തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ക്ഷീരകര്‍ഷകര്‍, ശുചീകരണത്തൊഴിലാളികള്‍, കൃഷിപണിയില്‍ ഏര്‍പ്പെടുന്നവര്‍, വിനോദത്തിനായി മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍, നിര്‍മാണതൊഴിലാളികള്‍, മലിനമായ മണ്ണുമായും കെട്ടിക്കിടക്കുന്ന വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എന്നിവര്‍ ജാഗ്രത പാലിക്കണം.

രോഗലക്ഷണങ്ങള്‍

ശക്തമായ വിറയലോട് കൂടിയ പനി, ക്ഷീണം, തലവേദന, പേശിവേദന, ഛര്‍ദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടയിലെയും കാല്‍വണ്ണയിലെ പേശികള്‍ അമര്‍ത്തുമ്പോള്‍ വേദന അനുഭവപ്പെട്ടാല്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. നെഞ്ചുവേദന ശ്വാസംമുട്ടല്‍, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍, മൂത്രത്തിന്റെ അളവ് കുറയുക ഇവ കണ്ടാല്‍ എലിപ്പനി സംശയിക്കണം.

പ്രതിരോധമാര്‍ഗങ്ങള്‍

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കട്ടി കൂടിയ റബര്‍ കയ്യുറകളും കാലുറകളും ധരിച്ചുമാത്രം ജോലിക്കിറങ്ങണം. കൈകാലുകളില്‍ മുറിവുള്ളവര്‍ ഉണങ്ങുന്നതു വരെ ഇത്തരം ജോലികള്‍ ചെയ്യാതിരിക്കുക. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വാഹനങ്ങള്‍ കഴുകുന്നതും വിനോദത്തിനായി ഇറങ്ങുന്നതും ഒഴിവാക്കണം. ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസര്‍ജ്യം കലര്‍ന്ന് മലിനമാകാതിരിക്കാന്‍ മൂടിവെക്കണം.

ചികിത്സ തേടുന്ന സമയത്ത് ജോലി സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടറോട് പറയുക. പ്രതിരോധ മരുന്ന് കഴിക്കാത്തതും യഥാസമയം ചികിത്സ തേടാതിരിക്കുന്നതുമാണ് രോഗം ഗുരുതരാവസ്ഥയിലാകുന്നതിന് കാരണം. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിച്ച് മരണം വരെ സംഭവിക്കാം. മലിനജലവുമായോ മണ്ണുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കേണ്ടതാണെന്നും പ്രാരംഭ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments