Friday, July 26, 2024
HomeKeralaമഞ്ഞിനിക്കര പെരുന്നാള്‍ ഫെബ്രുവരി 4 മുതല്‍ 10 വരെ

മഞ്ഞിനിക്കര പെരുന്നാള്‍ ഫെബ്രുവരി 4 മുതല്‍ 10 വരെ

മഞ്ഞിനിക്കര ദയറായില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ

92-ാമത് ദുഖ്‌റോനോ പെരുന്നാള്‍ ഫെബ്രുവരി 4 മുതല്‍ , പരിശുദ്ധ പാത്രിയർക്കീസ് ബാവ പങ്കെടുക്കും.

ഫെബ്രുവരി 4 ന് കൊടിയേറും

മഞ്ഞിനിക്കര മോര്‍ ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 92-ാമത് ദുഖ്‌റോനോ പെരുന്നാള്‍ 2024 ഫെബ്രുവരി 4 മുതല്‍ 10 വരെ മഞ്ഞിനിക്കര ദയറായില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികളായ മഞ്ഞിനിക്കര ദയറാധിപനും പെരുന്നാള്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായ അഭിവന്ദ്യ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ്സ് ,വൈസ് ചെയര്‍മാന്‍ റവ. ഏബ്രഹാം കോറെപ്പിസ്‌കോപ്പ തേക്കാട്ടില്‍, ജനറല്‍ കണ്‍വീനര്‍ കമാണ്ടര്‍ റ്റി. യു കുരുവിള, കണ്‍വീനര്‍ ജേക്കബ്ബ് തോമസ് കോറെപ്പിസ്‌കോപ്പാ മാടപ്പാട്ട്, പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീ. ബിനു വാഴമുട്ടം, എന്നിവര്‍ അറിയിച്ചു.

ഈ വര്‍ഷത്തെ പെരുന്നാളിന് പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വീതിയന്‍ പാത്രിയര്‍ക്കീസ് ബാവായും ശ്രേഷ്ഠ കാതോലിക്കാ ആബുന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായും പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പോലിത്തന്‍ ട്രസ്റ്റി അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായും യാക്കോബായ സുറിയാനി സഭയിലെ എല്ലാ അഭിവന്ദ്യ തിരുമേനിമാരും മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കളും സംബന്ധിക്കും.

ഫെബ്രുവരി 4-ാം തീയതി മഞ്ഞിനിക്കര ദയറാധിപന്‍ അഭിവന്ദ്യ മോര്‍ അത്താനാസിയോസ് ഗീവര്‍ഗ്ഗീസ്, കൊല്ലം ഭദ്രാസനത്തിന്റെ അഭിവന്ദ്യ മോര്‍ തേവോദോസ്യോസ് മാത്യുസ്, അഭിവന്ദ്യ മോര്‍ കൂറിലോസ് ഗീവര്‍ഗ്ഗീസ് എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്ക് ശേഷം മഞ്ഞിനിക്കര ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. അന്നേ ദിവസം വൈകിട്ട് 5.30ന് വിശുദ്ധ മോറാന്റെ കബറിടത്തില്‍ നിന്നും ഭക്തി നിര്‍ഭരമായി കൊണ്ടുപോകുന്ന പതാക 6 മണിക്ക് ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ മഞ്ഞിനിക്കര ദയറാധിപനായ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയര്‍ത്തുന്നതാണ്. 5-ാം തീയതി മുതല്‍ എല്ലാ ദിവസവും രാവിലെ 5 മണിക്ക് പ്രഭാത നമസ്‌ക്കാരവും 7.30 ന് വിശുദ്ധ കുര്‍ബാനയും 12.30 ന് ഉച്ച നമസ്‌ക്കാരവും വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്‌ക്കാരവും ഉണ്ടായിരിക്കും.

5-ാം തീയതി വൈകിട്ട് 6.30ന് ഗാന ശുശ്രുഷയും 7 മണിക്ക് കൊല്ലം ഭദ്രാസനത്തിന്റെ അഭിവന്ദ്യ മോര്‍ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലിത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് റവ. ഫാ. സോബിന്‍ ഏലിയാസ് വര്‍ഗ്ഗീസ് അറയ്ക്കലുഴത്തില്‍ പ്രസംഗിക്കും. 6-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30 ന് തുമ്പമണ്‍ ഭദ്രാസന വനിതാസമാജം ധ്യാനയോഗം അഭിവന്ദ്യ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രപ്പോലിത്ത ഉദ്ഘാടനം ചെയ്യുന്നതും റവ. ഫാ. സാംസണ്‍ മേലോത്ത് ധ്യാനപ്രസംഗം നടത്തുന്നതുമാണ്. അന്ന് വൈകിട്ട് 6.30 ന് ഗാന ശുശ്രുഷയും വൈകിട്ട് 7 മണിക്ക് റവ. ഫാ. ബേസില്‍ മഴുവന്നൂര്‍ പ്രസംഗിക്കുന്നതുമാണ്. ഫെബ്രുവരി 7 -ാം തീയതി ബുധനാഴ്ച വൈകിട്ട് 6.00 മണിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടര്‍ ഷിബു എ. ഐ.എ.എസ് അവര്‍കള്‍ നിര്‍വ്വഹിക്കുന്നതും 92 നിര്‍ദ്ധനരായ ആളുകള്‍ക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യുന്നതുമാണ്. തുടര്‍ന്ന് 7 മണിക്ക് ഗാന ശുശ്രുഷയും, 7.30 ന് റവ. ഫാ. ജേക്കബ് ഫിലിപ്പ് നടയില്‍ പ്രസംഗിക്കുന്നതുമാണ്. ഫെബ്രുവരി 8-ാം തീയതി വ്യാഴാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്‌ക്കാരവും, 7.30 ന് വിശുദ്ധ കുര്‍ബ്ബാനയും, വൈകിട്ട് 5 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

9-ാം തീയതി വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്‌കാരവും 7.30 ന് തുമ്പമണ്‍ ഭദ്രാസനത്തിന്റെ മോര്‍ മിലിത്തിയോസ് യൂഹാനോന്‍, കോഴിക്കോട് ഭദ്രാസനത്തിന്റെ മോര്‍ ഐറേനിയസ് പൗലൂസ്, മൂവാറ്റുപുഴ മേഖലയുടെ മോര്‍ അന്തീമോസ് മാത്യൂസ് എന്നീ അഭിവന്ദ്യ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം ഉച്ചയ്ക്ക് 3 മണി മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകരെയും കാല്‍നട തീര്‍ത്ഥയാത്ര സംഘങ്ങളെയും ഓമല്ലൂര്‍ കുരിശിങ്കല്‍ വച്ച് അഭിവന്ദ്യ മെത്രാപ്പോലീത്താമാരും മോര്‍ സ്‌തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവക അംഗങ്ങളും സംയുക്തമായി സ്വീകരിച്ച് കബറിങ്കലേക്ക് വരവേല്‍ക്കും.

9-ാം തീയതി വൈകിട്ട് 5 മണിക്ക് പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിലെ നേതൃത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന ഉണ്ടായിരിക്കും. തുടര്‍ന്ന് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട് അദ്ധ്യക്ഷത വഹിക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തില്‍ യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പോലിത്തന്‍ ട്രസ്റ്റി അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്. സമ്മേളനത്തില്‍ വച്ച് അഖില മലങ്കര അടിസ്ഥാനത്തില്‍ സണ്ടേസ്‌കൂളില്‍ എറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ കുട്ടിക്കുള്ള സെന്റ് ഏലിയാസ് ത്രിതീയന്‍ ഗോള്‍ഡ് മെഡല്‍ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ മോര്‍ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായും, തീര്‍ത്ഥാടക സംഘത്തില്‍ നിന്നുള്ള അവാര്‍ഡുകള്‍ അഭിവന്ദ്യ മോര്‍ ദീയസ്‌കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായും, തുമ്പമണ്‍ ഭദ്രാസനത്തില്‍ നിന്നുള്ള അവാര്‍ഡുകള്‍ അഭിവന്ദ്യ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായും വിതരണം ചെയ്യുന്നാണ്.

ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, ആന്റോ ആന്റണി എം. പി., പത്തനംതിട്ട ജില്ലാ കളക്ടര്‍ ഷിബു എ. ഐ. എ. എസ്, വൈദിക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാന്‍ണ്ടര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോര്‍ജ്, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. സമ്മേളനാനന്തരം തീര്‍ത്ഥയാത്ര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മോറാന്റെ കബറിങ്കല്‍ അഖണ്ഡ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

10-ാം തീയതി ശനിയാഴ്ച വെളുപ്പിന് 3 മണിക്ക് മഞ്ഞിനിക്കര മോര്‍ സ്‌തേഫാനോസ് കത്തീഡ്രലില്‍ അഭിവന്ദ്യ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലിത്തായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, ദയറാ കത്തീഡ്രലില്‍ രാവിലെ 5.15 ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് 5.45 ന് അഭിവന്ദ്യരായ മോര്‍ തീമോത്തിയോസ് തോമസ് (സുന്നഹദോസ് സെക്രട്ടറി) മോര്‍ ഒസ്താത്തിയോസ് ഐസക് (മൈലാപ്പൂര്‍ ഭദ്രാസനം) മോര്‍ യൂലിയോസ് ഏലിയാസ് (കോതമംഗലം മേഖല) എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് 8.30 ന് പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിലെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും പരിശുദ്ധനായ മോര്‍ ഏലിയാസ് ത്രിതീയന്‍ ബാവായുടെ കബറിങ്കലും, മോര്‍ യൂലിയോസ് യാക്കോബ്, മോര്‍ ഒസ്ത്താത്തിയോസ് ബെന്യാമീന്‍ ജോസഫ്, മോര്‍ യൂലിയോസ് കുര്യാക്കോസ് എന്നി മെത്രാപ്പോലിത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. തുടര്‍ന്ന് 10.30 ന് സമാപന റാസയും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്നും മഞ്ഞിനിക്കരയിലേയ്ക്ക് കെ. എസ്. ആര്‍. ടി. സിയുടെ പ്രത്യേക ബസ് സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. ദയറായ്ക്ക് സമീപമുള്ള പ്രൈമറി് ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനവും ആംബുലന്‍സ് സര്‍വ്വീസും ലഭ്യമായിരിക്കും.

ശുദ്ധജല വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റി ചെയ്യുന്നതാണ്. ദയറായും ചുറ്റുമുള്ള സ്ഥലങ്ങളും യാചക നിരോധന മേഖലയും പ്ലാസ്റ്റിക് രഹിത മേഖലയും ആയിരിക്കും ഫെബ്രുവരി 17 ശനിയാഴ്ച പുണ്യശ്ലോകനായ മോര്‍ യൂലിയോസ് ഏലിയാസ് ബാവായുടെ 62-ാമത് ദുഖ്‌റോനോ പെരുന്നാളോടുകൂടി ഈ വര്‍ഷത്തെ മഞ്ഞിനിക്കര പെരുന്നാള്‍ സമാപിക്കും. 2024 ഫെബ്രുവരി 4, 9, 10 തീയതികളില്‍ പെരുന്നാള്‍ പരിപാടികള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു . പി. ഇ മാത്യൂസ് റമ്പാൻ, ബേസിൽ റമ്പാൻ, ഫാ. എബി സ്‌റ്റീഫൻ , ഫാ. ബെൻസി മാത്യു , ഫാ. ഗീവർഗീസ് മഞ്ഞിനിക്കര ,ഷെവ. കെ. റ്റി. വർഗീസ്, അഡ്വ . എ. സി. കുര്യൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments