Tuesday, April 23, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 2024 | ഫെബ്രുവരി 24| ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 2024 | ഫെബ്രുവരി 24| ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പിടിച്ചുവെയ്ക്കാതെ നൽകുക
______________________

അമ്മുവും അപ്പുവും കൂട്ടുകാരായിരുന്നു. ഒരു ദിവസം, അമ്മുവിൻ്റെ കൈയ്യിൽ കുറെ മിഠായികളും അപ്പുവിൻ്റെ കൈയ്യിൽ കുറ മഞ്ചാടിക്കുരുവും കിട്ടുകയുണ്ടായി. അവ പരസ്പരം കൈമാറാൻ അവർ തീരുമാനിച്ചു. അപ്പു മഞ്ചാടിക്കുരു അമ്മുവിനു കൊടുത്തെങ്കിലും, ഏറ്റവും മനോഹരമായ ഒരു മഞ്ചാടിക്കുരു അവൻ ഒളിച്ചുവെച്ചു.

അമ്മു തൻ്റെ കൈയ്യിലുണ്ടായിരുന്ന എല്ലാ മിഠായികളും അപ്പുവിനു കൊടുത്തു. എങ്കിലും അന്നു രാത്രി അപ്പു ഉറങ്ങിയില്ല. താൻ ഒളിച്ചുവെച്ചതുപോലെ, ഒരു മിഠായി, അമ്മു തനിക്കു തരാതെ ഒളിച്ചു വെച്ചിട്ടുണ്ടാകുമോയെന്നതായിരുന്നു അവൻ്റെ ചിന്ത മുഴുവൻ.

ഒട്ടും പിടിച്ചു വെക്കാതെ നൽകുന്നതിലാണ്, യഥാർത്ഥ വിജയം. (എവിടെയും എല്ലായിടത്തും)ജോലിയിലും, ബന്ധങ്ങളിലുമെല്ലാം. മറ്റുള്ളവരിൽ നിന്നും പരിപൂർണ്ണത പ്രതീക്ഷിക്കുന്നതിൽ വലിയ അർത്ഥമില്ല. അപരനിലെ സമ്പൂർണ്ണതയ്ക്കായി കാത്തിരിക്കാതെ, കൊടുക്കുന്നതിൽ നാം തികവും മികവും കാണിക്കണം. എങ്കിൽ നമ്മുടെ ജീവിതം ധന്യമാകും.

എന്തിനേയും സംശയത്തോടെ നോക്കുന്നയാൾ, അങ്ങനെ ചെയ്യുന്നത്. എല്ലാവരും സംശയാർഹരായതു കൊണ്ടല്ല. അയാൾ സംശയാലുവായതു കൊണ്ടാണ്. സ്വയം അവിശ്വാസത്തിന് ഇരയായി, എല്ലാവരേയും സംശയത്തോടെ നോക്കുന്നയാൾക്കു, ആരേയുമൊരിക്കലും വിശ്വസിക്കാനാവില്ല. സ്വന്തം ബലഹീനതകൾ മറ്റുള്ളവരിൽ ആരോപിച്ചു, അതിൽ ആശങ്കപ്പെടുന്നവർക്കു അവരവരുടെ വ്യക്തിത്വത്തോടു പോലും ആദരവു കാണിക്കാനാകില്ല.

പിടിച്ചു വെക്കാതെ നൽകുവാനും അപരനിലെ നന്മകൾ പൂർണ്ണമായി അംഗീകരിച്ച് ആദരിക്കുവാനും നമുക്കാകുമ്പോഴാണു, നമ്മുടെ ജീവിതം ധന്യമാകുന്നത്.

ജഗദീശ്വരൻ അതിനു നമ്മെ സഹായിക്കട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

Most Popular

Recent Comments