Monday, July 22, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

ജാഗ്രത നിലനിർത്തുക
—————————-

ഒരു നാട്ടിലെ ജനങ്ങൾക്കു ദേവാലയത്തിൽ പോകുന്ന ശീലം ക്രമേണ കുറഞ്ഞു വന്നു. ദേവാലയത്തിലെ പുരോഹിതൻ എത്രശ്രമിച്ചിട്ടും ആരേയും ആരാധനയ്ക്കായി ദേവാലയത്തിലേക്ക് ആകർഷിക്കാനായില്ല. അങ്ങനെയിരിക്കെ, ഒരു പ്രവാചകൻ അവിടെ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തെ കാണാൻ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകളെത്തി. എല്ലാവരോടും പിറ്റെ ദിവസം വരാൻ പറഞ്ഞിട്ടു അദ്ദേഹം ദേവാലയത്തിനകത്തു തന്നെ കിടന്നുറങ്ങി. നേരംവെളുത്തപ്പോൾ എത്തിയവരെല്ലാം ദേവാലയത്തിന്റെ മുൻ ചുവരിൽ എന്തോ എഴുതിയിരിക്കുന്നതു കണ്ട് അടുത്തു ചെന്നു. ‘ജാഗ്രത’ എന്നാണ് അവിടെ കുറിച്ചിരുന്നത്. എല്ലാവർക്കും കാര്യം മനസ്സിലായി. അന്നു മുതൽ ദേവാലയം വിശ്വാസികളാൽ നിറയപ്പെടാൻ ആരംഭിച്ചു.

മുന്നറിയിപ്പുകളാണ് മുന്നോട്ടുള്ള യാത്രയെ സുഗമമാക്കുന്നത്. അവഗണിക്കപ്പെട്ട മുന്നറിയിപ്പുകൾക്കു അനേകം അത്യാഹിതങ്ങളുടെ കഥകൾ പറയാനുണ്ടാകും. തക്കസമയത്തു ലഭിക്കുന്ന അപായ സൂചനകൾക്കു കൃത്യമായ വഴി പറഞ്ഞു തരാനാകും. അവയ്ക്കർഹിക്കുന്ന പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രതികരണങ്ങളാണ്, നമ്മുടെ ആനന്ദവും ആകുലതയും തമ്മിലുള്ള അന്തരം നിശ്ചയിക്കുക. പരിസരത്തേയും, പ്രകൃതിയേയും, പ്രവൃത്തികളെയും, അവനവനെ തന്നെയും ജാഗ്രതാപൂർവ്വം ശ്രദ്ധിയ്ക്കണം. അനുദിന കർമ്മങ്ങളെ അടിയന്തിരമായി വിലയിരുത്തിയാൽ, അവയോടുള്ള അപര പ്രതികരണങ്ങളെ നിഷ്പക്ഷമായി വിശകലനം ചെയ്താൽ, സ്വയ നവീകരണത്തിന്റെയും പുതുക്കി പണിയുടെയും ആവശ്യകത തെളിഞ്ഞു വരും.

തൊഴിലിടങ്ങളിലും, പൊതുവേദികളിലും നിശബ്ദത പാലിക്കുന്നവരാണു മനുഷ്യരിൽ ഭൂരിപക്ഷവും. കണ്ണടച്ചും, കാതടച്ചും, സകലതിനോടും സമരസപ്പെട്ടുമുള്ള യാത്ര, അപകടത്തിലേക്കായിരിക്കും നയിക്കുക. സ്വയനാശം മുൻകൂട്ടി കാണാനാകാതെ വരും, അങ്ങനെയുള്ളവർക്കു ചുറ്റുപാടുകളിൽ നിന്നുയരുന്ന പ്രവാചക ശബ്ദങ്ങളെ, അപശബ്ദങ്ങളായി കരുതി അവഗണിക്കരുത്. ജീവിതത്തിൽ ജാഗ്രത നിലനിർത്തുന്നവർക്കു മാത്രമേയതിനാകയുള്ളു നമുക്കുമതിനാകട്ടെ.

ജഗദീശ്വരൻ സഹായിക്കട്ടെ.
എല്ലാവർക്കും നന്മ നേരുന്നു. നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments