Monday, February 26, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി ✍മാവേലിക്കര

ചുറ്റുപാടുകളെയും ചുറ്റുമുള്ളവരെയും അറിയാനാകട്ടെ
—————————————————————-

ഒരിക്കലൊരു ചെറു മത്സ്യം, കൂടെയുള്ള വലിയ മത്സ്യങ്ങളോടു ചോദിച്ചു “ജലം എന്നാലെന്താണ് ” അവർ അവനെ കളിയാക്കി.”എന്തു വിഡ്ഢിത്തമാണു നീ ചോദിക്കുന്നതു, ഇത്രയും നാൾ വെള്ളത്തിൽ കഴിഞ്ഞിട്ടും, അതെന്താണെന്നു നിനക്കറിയില്ലെ” അവർ ചോദിച്ചു, കുട്ടി മൽസ്യം അതേ ചോദ്യം തന്നെ, അപ്പൂപ്പൻ മത്സ്യത്തോടും ചോദിച്ചു. അപ്പൂപ്പൻ മത്സ്യം, കുട്ടി മത്സ്യത്തെ പുറത്തു കയറ്റി, കരയിൽ കൊണ്ടുചെന്നിട്ടു. കരയിൽ കിടന്നു ശ്വാസം മുട്ടി, പിടഞ്ഞു പിടഞ്ഞു അതു വെളളത്തിൽ വീണു. അപ്പാഴാണ് അതിനു മനസ്സിലായതു, വെള്ളമെന്താണെന്ന് ”

ചുറ്റുപാടുകളുടെയും ചുറ്റമുള്ളവരുടെയും വില അറിയണം നാം. കുട്ടി മത്സ്യം ചോദിച്ചതു പോലുള്ള ചോദ്യങ്ങൾ നാം സ്വയം ചോദിക്കണം. അച്ഛൻ ആരാണെന്നും, അമ്മ ആരാണെന്നും, സഹോദരങ്ങൾ ആരെന്നുമുള്ള ചോദ്യങ്ങൾ, പേരിന് അപ്പുറമുള്ള പ്രതലങ്ങളിലേക്കു വിരൽ ചൂണ്ടും. സമൂഹത്തെ വെറുക്കുന്നവരും, കുടുംബത്തെ നിഷേധിക്കുന്നവരും മനസ്സിലാക്കണം: ചുറ്റുപാടുകളിൽ നിന്നും ചുറ്റുമുള്ളവരിൽ നിന്നും അന്യപ്പെടുത്തപ്പെട്ടാൽ പിന്നെ തങ്ങൾക്കു അസ്തിത്വമില്ലെന്ന്.

ഒന്നിൻ്റെയില്ലായ്മയാണ് അതിൻ്റെ വില പഠിപ്പിക്കുക. “കണ്ണുള്ളപ്പോൾ നാമതിന്റെ വിലയറിയുന്നില്ല” എന്ന ജ്ഞാനമൊഴി അതാണു സൂചിപ്പിക്കുന്നത്,നഷ്ടപ്പെടൽ ഒരോർമ്മപ്പെടുത്തലാണ്.നഷ്ടമായതിൻ്റെ വില അറിയാതിരുന്നതിൻ്റെ, വേദനാജനകമായ ഒരു ഓർമ്മപ്പെടുത്തൽ

പൊന്നുപോലെ നാം കാത്തു സൂക്ഷിക്കുന്നവയേക്കാൾ വില, നഷ്ടപ്പെട്ടതിനു ശേഷം തിരിച്ചു കിട്ടിയ വയ്ക്കുണ്ടാകും. കയ്യിലിരുന്നതിൻ്റെ വില, പലപ്പോഴും അവ കൈവിട്ടു പോകുമ്പോഴാണു നാമറിയുക. ജലത്തിൽ ജീവിക്കുന്നവർ ജലത്തെ അറിയണം കരയിൽ ജീവിക്കുന്നവർ കരയേയും. കുടെ ജീവിക്കുന്നവരുടെയും, കൂട്ടാളികളുടെയും വില, നാം അറിയാതെ പോകരുത്. ജീവൻ്റെയും ജീവിതത്തിൻ്റെയും വിലയറിയാൻ ശ്വാസം നിലക്കുന്നതു വരെ നാം കാത്തിരിക്കയുമരുത്. ചുറ്റുപാടുകളുടെയും, ചുറ്റുമുള്ളവരുടെയും വിലയറിഞ്ഞു ജീവിക്കാൻ നമുക്കാകട്ടെ.

സർവ്വശക്തൻ തുണയ്ക്കട്ടെ

എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി ✍മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments