Saturday, July 20, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി ✍മാവേലിക്കര

സ്നേഹാധിഷ്ഠിത ജീവിതം
—————————————-

എല്ലാവരും ആഗ്രഹിക്കുന്നതു സന്തോഷമുള്ള ജീവിതമാണ്. എന്നാൽ അതു സ്വായത്തമാക്കുന്നവർ വിരളം. ധാരാളം ധനം സമ്പാദിച്ചാൽ അതു വഴി സന്തോഷം ലഭിക്കുമെന്നാണ് പലരും ചിന്തിക്കുന്നത്. അതിനാൽ ജീവിതത്തിന്റെ ഏറിയ പങ്കു സമയവും അധ്വാനവും അവർ ധനസമ്പാദനത്തിനായി ചിലവിടുന്നു. എന്നാൽ, ധനം, സന്തോഷം കൈവരുത്തുന്നില്ലെന്നു മാത്രമല്ല, അതു കൂടുതൽ അസന്തുഷ്ടിയും അസ്വസ്ഥതയും കൊണ്ടു വന്നുവെന്നും വരാം.

സ്നേഹാധിഷ്ഠിത ജീവിതമാണു മനുഷ്യരെ യഥാർത്ഥത്തിൽ സന്തോഷ ചിത്തരാക്കുന്നത്. മാതാപിതാക്കളും മക്കളും തമ്മിലും, ഭാര്യാ ഭർത്താക്കന്മാർ തമ്മിലും, സഹോദരങ്ങൾ തമ്മിലും, അയൽക്കാർ തമ്മിലും, രാജ്യങ്ങൾ തമ്മിലും, ഇതിനൊക്കെയും മകുടം ചാർത്തുന്ന രീതിയിലുള്ള ദൈവ സ്നേഹവുമാണു, യഥാർത്ഥ സന്തോഷത്തിന്റെ ഉറവിടം. സ്നേഹം നമ്മിൽ നിറയുമ്പോൾ, അതു ആർദ്രത, സഹാനുഭൂതി, ത്യാഗം, ക്ഷമ, അപര കരുതൽ എന്നിത്യാദി അനുബന്ധ മൂല്യങ്ങൾ നമ്മിൽ രൂപപ്പെടുത്തുന്നു. സ്നേഹത്തിൽ അധിഷ്ഠിതമായ സംസ്കാരം ലോകത്തിൽ വ്യാപകമാകുമ്പോൾ മാത്രമേ, ഇന്നത്തെ പ്രശ്നങ്ങൾ പരിഹൃദമാകൂ. ജീവേച്ഛ( will to live) മനുഷ്യരിലെല്ലാം അദമ്യമായിട്ടുണ്ട്. അതോടൊപ്പം സ്നേഹേച്ഛയും (will to love) നമ്മിൽ ശക്തിപ്പെടേണ്ടിയിരിക്കുന്നു. അതു മനസ്സിലാക്കിയ മഹാമാനുഷിയാണ്
“സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം;
സ്നേഹത്താൽ വൃദ്ധി നേടുന്നു; സ്നേഹമാണഖിലസാരമൂഴിയിൽ ” ലെന്നു നമ്മെ ചൊല്ലി പഠിപ്പിച്ചത്.

ആഗോളവൽക്കരണത്തിന്റെ തത്വശാസത്രം, അതിന്റെ സ്ഥാനത്ത്,
ഇന്നു നമ്മെ ചൊല്ലിപ്പഠിപ്പക്കുവാൻ ശ്രമിക്കുന്നത്. “ലാഭത്തിൽ നിന്നുദിക്കുന്നു ലോകം; ലാഭത്താൽ വൃദ്ധി നേടന്നു; ലാഭമാണഖിലസാരമൂഴിയിൽ” എന്ന സ്വാർത്ഥതയുടെ തത്വ ശാസ്ത്രമാണു അതിൽ നിന്നു നമുക്കകന്നു നിൽക്കാം.

സ്നേഹത്തിന്റെ ചാലക ശക്തിയേക്കുറിച്ചു, വി.പൗലൊസ് അപ്പൊസ്തലൻ വിശുദ്ധ ലിഖിതങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതു:
“സ്നേഹം ദീർഘമായി ക്ഷമിക്കുന്നു; ദയ കാണിക്കുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല, നിഗളിക്കുന്നില്ല, ചീർക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല ” എന്നിങ്ങനെയാണു. “സ്നേഹിക്കുന്നവർ ദൈവത്തിൽ നിന്നു ജനിച്ചിരിക്കുന്നു” വെന്നും വിശുദ്ധ ലിഖിതങ്ങൾ സൂചിപ്പിക്കുന്നു. പ്രിയരെ, നമുക്കു സ്നേഹത്തിന്റെ സംസ്കാരമുൾക്കൊണ്ട്, ഈ പുതുവർഷത്തിൽ ഇവിടെ ജീവിക്കാം

ദൈവം തുണയ്ക്കട്ടെ…
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി ✍മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments