Tuesday, March 5, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

വില മതിക്കാനാവത്ത സമ്പത്തുകൾ
———————————————————

മംഗോളിയൻ വംശജരുടെയിടയിൽ, ഇപ്രകാരമൊരു കഥയുണ്ട്. ഒരു പാവപ്പെട്ട മനുഷ്യൻ എപ്പോഴും തന്റെ ഇല്ലായ്മകളെക്കുറിച്ചു മാത്രം ചിന്തിക്കുകയും പരാതിപ്പെടുകയും ചെയ്തിരുന്നു. താൻ തികച്ചും ദരിദ്രനാണെന്നതായിരുന്നു അയാളുടെ പരാതി. ഇതയാളുടെ മനസ്സിനെ ഏറെ അലട്ടുകയും, അസ്വസ്ഥമാക്കുകയും ചെയ്തിരുന്നു.

ഒരു ദിവസം രാജാവ് അയാളുടെ സമീപത്തു കൂടി കടന്നു പോകാനിടയായി. അപ്പോൾ, ആ മനഷ്യൻ രാജാവിന്റെ മുമ്പിൽ താണുവണങ്ങി, തന്റെ ദുരവസ്ഥയും പരാധീനതയും നിരത്തിവെച്ചു. “തിരുമേനി, എനിക്കാകെയുള്ള സമ്പാദ്യം, ഈ കീറത്തുണിക്കെട്ടു മാത്രമാണ്. ദൈവം ഏറെ കഠിനമായിട്ടാണെന്നെ ശിക്ഷിച്ചിരിക്കുന്നത്. അങ്ങെന്റെ കാണപ്പെടുന്ന ദൈവമാണെന്നെ സഹായിക്കണം” അയാൾ കേണു.

രാജാവു പറഞ്ഞു: “നിന്റെ സ്വത്തിന്റെ നേർപകുതി എനിക്കു ദാനമായി തരാമെങ്കിൽ, ഈ രാജ്യത്തിന്റെ പകുതി ഭാഗം ഞാൻ നിനക്കു തരാം.” ഇതു കേട്ടപ്പോൾ അയാൾക്കു അത്ഭുതമായി. ഉടനെ തന്നെ അയാൾ മറുപടി നൽകി. “തീർച്ചയായും ഞാൻ നൽകാം, തിരുമേനി”. അപ്പോൾ രാജാവു പറഞ്ഞു: ” നിന്റെയെല്ലാ സ്വത്തിന്റെയും പകുതി ഭാഗം നൽകണം.നിന്റെ രണ്ടു മക്കളിൽ ഒരാളെ നൽകണം, രണ്ടു കണ്ണുകളിൽ ഒരെണ്ണം നൽകണം. രണ്ടു കാലുകളിലൊന്ന്,—– രണ്ടു കരങ്ങങ്ങളിലൊന്ന് ….. രണ്ടു കാതുകളിലൊന്ന്………”

രാജാവിന്റെ വാക്കുകൾ കേട്ടപ്പോൾ, അയാൾ താൻ വിസ്മരിച്ചു പോയതും, ദൈവം തനിക്കു സൗജന്യമായി നൽകിയിട്ടുള്ളതുമായ ഒട്ടേറെ അനുഗ്രഹങ്ങളെക്കുറിച്ചും ദാനങ്ങളെക്കുറിച്ചും ചിന്തിക്കാനിടയായത്

ഭൗതീക സമ്പത്തുക്കളെപോലെ തന്നെ നമ്മുടെ ആരോഗ്യം, ബുദ്ധി, സൗന്ദര്യം, മന:ശക്തി, കലാവാസനകൾ, ആസ്വാദനശേഷി, വിവേചനാശക്തി എന്നിവയെല്ലാം ദൈവത്തിന്റെ വരദാനങ്ങളാണ് ; വിലമതിക്കാനാകാത്ത സമ്പത്തുകളാണ്, പലപ്പോഴും നാമതു മറന്നുപോകുന്നു. നമുക്കില്ലാത്തവയെപ്പറ്റി മാത്രം എപ്പോഴും കുണ്ഠിതപ്പെടുന്നു; പരാതിപ്പെടുന്നു.

ദൈവം തങ്ങൾക്കു കനിഞ്ഞു നൽകിയിരിക്കുന്ന അനുഗ്രഹങ്ങൾ എന്തെന്നു് മനസ്സിലാക്കുന്നവരാണു യഥാർത്ഥ ധന്യർ. സന്തോഷവും, സ്തുതിയും, സ്തോത്രവും എപ്പോഴും അവരുടെ ജീവിത അനുഭവമായിരിക്കും. അവർ തികച്ചും സംതൃപ്തരായിരിക്കും. എന്നാൽ, ദൈവീക നന്മകളെ വേണ്ട രീതിയിൽ മനസ്സിലാക്കാത്തവർ, ഭോഷരാണ്. അതൃപ്തിയും,വെറുപ്പും പരാതിയുമായിരിക്കും അവരുടെ ജീവിത ഓഹരി. അവർ എപ്പോഴും അസംതൃപ്തരായിരിക്കും.

നാമേതു ഗണത്തിൽപ്പെടും. സംതൃപ്തരുടെ ഗണത്തിലോ, അസംതൃപ്തരുടെ ഗണത്തിലോ സംതൃപ്തരുടെ ഗണത്തിൽപ്പെട്ടവർ ആയിരിക്കാൻ നമുക്കുത്സാഹിക്കാം.

സർവ്വേശ്വരൻ സഹായിക്കട്ടെ
എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments