Wednesday, September 16, 2026
Homeഇന്ത്യറൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്ഫോമായ 'റാപ്പിഡോ'യ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി...

റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്ഫോമായ ‘റാപ്പിഡോ’യ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (CCPA)

ന്യൂഡല്‍ഹി: റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്ഫോമായ ‘റാപ്പിഡോ’യ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (CCPA). അന്യായമായ വ്യാപാര രീതികള്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, അന്യായമായ കരാര്‍ വ്യവസ്ഥകള്‍, റൈഡ് സ്ഥിരീകരിച്ചതിന് ശേഷം കൂടുതല്‍ പണം നല്‍കാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി ‘ഡാര്‍ക്ക് പാറ്റേണുകള്‍’ ഉപയോഗിക്കല്‍ എന്നിവയുടെ പേരിലാണ് പിഴ എന്നാണ് പിടിഐ റിപ്പോര്‍ട്ടി ചെയ്യുന്നത്.

ഇന്ത്യയിലെ ക്യാബ്, ബൈക്ക്-ടാക്‌സി അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമുകളില്‍ നടത്തിയ സമഗ്രമായ പരിശോധനയെത്തുടര്‍ന്നാണ് റാപ്പിഡോയുടെ നടത്തിപ്പുകാരായ ‘റോപ്പന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡി’നെതിരെ ഈ നടപടി സ്വീകരിച്ചത്. യാത്രയ്ക്ക് മുന്‍പുള്ള ടിപ്പിംഗ് (pre-ride tipping), ഡൈനാമിക് പ്രൈസിംഗ് (യാത്രാനിരക്കിലെ വ്യതിയാനങ്ങള്‍) എന്നിവയുമായി ബന്ധപ്പെട്ട രീതികളിലാണ് പ്രധാനമായും പരിശോധിച്ചത്. ഡാര്‍ക്ക് പാറ്റേണുകള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള 2023-ലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഊബര്‍ , ഓല, റാപ്പിഡോ, നമ്മ യാത്രി എന്നിവയ്ക്കും സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. ഉപഭോക്താക്കളെ സ്വാധീനിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ലക്ഷ്യമിട്ടുള്ളതും, സാധാരണ സാഹചര്യങ്ങളില്‍ അവര്‍ എടുക്കാത്ത തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഉപയോക്തൃ-ഇന്റര്‍ഫേസ് (user-interface) ഡിസൈനുകളെയാണ് ‘ഡാര്‍ക്ക് പാറ്റേണുകള്‍’ എന്ന് വിളിക്കുന്നത്.

യാത്രക്കാരന്റെ ബുക്കിംഗ് പ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ‘കൂടുതല്‍ തുക നല്‍കിയാല്‍ റൈഡ് ലഭിക്കാനുള്ള സാധ്യത കൂടും’, ’60 രൂപയ്ക്ക് ഡ്രൈവര്‍മാര്‍ തയ്യാറാകുന്നില്ല. +10, +20, +30 എന്നിങ്ങനെ അധിക തുക ചേര്‍ത്ത് നോക്കൂ’ തുടങ്ങിയ സന്ദേശങ്ങള്‍ റാപ്പിഡോ ആപ്പ് കാണിച്ചിരുന്നതായി വിവിധ പ്ലാറ്റ്ഫോമുകളില്‍ നടത്തിയ പരിശോധനയില്‍ അതോറിറ്റി കണ്ടെത്തി. റാപിഡോയുടെ അല്‍ഗോരിതം ആദ്യം യാത്രക്കാരന് ഒരു നിരക്ക് കാണിച്ചുകൊടുക്കുകയും, ആ നിരക്കില്‍ യാത്ര ബുക്ക് ചെയ്യാന്‍ യാത്രക്കാരനെ അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ ഡ്രൈവര്‍മാര്‍ ആ നിരക്ക് അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അധിക തുക നല്‍കാന്‍ പിന്നീട് ആപ്പ് യാത്രക്കാരനോട് ആവശ്യപ്പെടാറുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കൂടുതല്‍ പണം നല്‍കിയാല്‍ മാത്രമേ വേഗത്തില്‍ ക്യാബ് ലഭിക്കൂ എന്ന തെറ്റായ ധാരണ ഈ രീതി സൃഷ്ടിക്കുന്നതായി സിസിപിഎ വ്യക്തമാക്കി. യാത്രക്കാരന്‍ ഇതിനകം ബുക്കിംഗ് ഉറപ്പിച്ചുകഴിഞ്ഞതിനാല്‍ നിരക്കിനെക്കുറിച്ച് വിലപേശാനുള്ള സാധ്യത വളരെ കുറയുന്നു.

രീതിയെ ‘കണ്‍ഫേം ഷേമിംഗ്’ (Confirm Shaming) എന്നാണ് അതോറിറ്റി വിശേഷിപ്പിച്ചത്. 2023-ലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം തിരിച്ചറിഞ്ഞ ഒരു ‘ഡാര്‍ക്ക് പാറ്റേണ്‍’ (ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റല്‍ രീതി) ആണിത്. കൂടുതല്‍ പണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ യാത്ര നഷ്ടപ്പെടുമെന്ന ഭയവും തിടുക്കവും ഇത് ഉപഭോക്താവില്‍ സൃഷ്ടിക്കുന്നു. റാപിഡോയുടെ ‘സെറ്റ് യുവര്‍ പ്രൈസ്’ (Set your price) എന്ന സ്ലൈഡറും അതോറിറ്റി പരിശോധിച്ചു. യാത്രക്കാരുടെ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിലെ നിറങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ദൂരം, യാത്രാ സമയം, ഗതാഗതക്കുരുക്ക്, ടോള്‍, ഡ്രൈവര്‍ക്കുള്ള പ്രതിഫലം തുടങ്ങിയ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് ബുക്കിംഗ് സമയത്ത് നിരക്ക് കാണിക്കുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. യാത്ര തുടങ്ങുന്നതിന്  മുന്‍പ്, അതേ യാത്രയ്ക്കായി അധിക തുക നല്‍കണമെന്ന് പിന്നീട് ആവശ്യപ്പെടുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്നാണ് അതോറിറ്റി വ്യക്തമാക്കിയത്

സാധാരണയായി ‘ടിപ്പ്’ (പാരിതോഷികം) എന്നത് സ്വമേധയാ നല്‍കുന്ന ഒന്നാണെന്നും സേവനം നല്‍കുന്നതിനുള്ള ഒരു നിബന്ധനയായി അത് അവതരിപ്പിക്കാന്‍ പാടില്ലെന്നും സിസിപിഎ നിരീക്ഷിച്ചു. ടിപ്പ് സംബന്ധിച്ച വിഷയത്തില്‍ റാപിഡോ നല്‍കിയ വിശദീകരണങ്ങള്‍ തള്ളിക്കളഞ്ഞതായും അതോറിറ്റി അറിയിച്ചു. ചീഫ് കമ്മീഷണര്‍ നിധി ഖാരെ, കമ്മീഷണര്‍ അനുപം മിശ്ര എന്നിവരുടെ നേതൃത്വത്തിലുള്ള അതോറിറ്റി ഇതുമായി ബന്ധപ്പെട്ട് ഊബര്‍, ഓല എന്നിവയെക്കുറിച്ചുള്ള പരിശോധനയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ