ന്യൂഡൽഹി: മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വവും അനിശ്ചിതത്വത്തിലായി. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമാകും. നിലവില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായാണ് സൂറത്ത് സിജെഎം കോടതി ഒരു മാസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളില്‍ കര്‍ശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതല്‍ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉള്‍പ്പടെ ഗൗരവതരമായ കുറ്റങ്ങള്‍ക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനല്‍ കേസുകളിലും രണ്ട് വര്‍ഷമോ അതിലധികമോ ശിക്ഷ കിട്ടിയാല്‍ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 8(3) പ്രകാരം അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. ക്രിമിനല്‍ മാനനഷ്ടത്തില്‍ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തടവാണ് ഇപ്പോള്‍ കോടതി രാഹുല്‍ ഗാന്ധിക്ക് വിധിച്ചിരിക്കുന്നത്. മേല്‍ക്കോടതികള്‍ ഇത് അംഗീകരിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ അംഗത്വം നഷ്ടമാകാനുള്ള സാഹചര്യം ഒരുങ്ങും.
ഇതിനിടെ കേസിനെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പീല്‍ നടപടികള്‍ക്കുള്ള ആലോചന കോണ്‍ഗ്രസ് ആരംഭിച്ചുകഴിഞ്ഞു. മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ചചെയ്ത് അപ്പീല്‍ നല്‍കാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി പോരാടുമെന്നും വിജയിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഏകാധിപതിക്കെതിരെ ശബ്ദമുയര്‍ത്തുന്നു. തെറ്റിനെ തെറ്റ് എന്ന് പറയാനുള്ള ധൈര്യം കാണിക്കുന്നു. ഈ ധൈര്യത്തില്‍ ഏകാധിപതിക്ക് ഭയമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ചിലപ്പോള്‍ ഇഡി അല്ലെങ്കില്‍ പൊലീസ്, അതുമല്ലെങ്കില്‍ കേസ്, വേറെ ചിലപ്പോള്‍ ശിക്ഷ എന്നിവ കൊണ്ട് ഭീഷണിപ്പെടുത്താനാണ് ശ്രമമെന്നും കോണ്‍ഗ്രസ് ചൂണ്ടാക്കാണിച്ചു.
നേരത്തെ അപ്പീല്‍ കോടതിയെ സമീപിക്കുന്നതിനായി കോടതി ശിക്ഷാവിധി 30 ദിവസത്തേക്ക് മരവിപ്പിക്കുകയും രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. വിധി കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും കോടതിയില്‍ എത്തിയിരുന്നു. ജാമ്യം ലഭിച്ച് കോടതിയില്‍ നിന്നും സൂറത്ത് വിമാനത്താവളത്തിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കോടതി വളപ്പില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ മുദ്രവാക്യം വിളകളും മുഴങ്ങി.