കോഴിക്കോട്: കോഴിക്കോട് 12 കിലോ കഞ്ചാവുമായി യുവാവും രണ്ട് കിലോ കഞ്ചാവുമായി യുവതിയും പിടിയില്‍. കോഴിക്കോട് ജില്ലയില്‍ ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായാണ് ഇരുവരും പിടിയിലായത്. ശാന്തിനഗറിലെ ശ്രീനി(42), സീന എന്നിവരാണ് അറസ്റ്റിലായത്. ശ്രീനിയെ 12 കിലോ കഞ്ചാവുമായി വെസ്റ്റ്ഹിൽ ആർമി ബാരക്സ് പരിസരത്തുനിന്നും സീനയെ രണ്ടുകിലോഗ്രാം കഞ്ചാവുമായി വീട്ടിൽനിന്നുമാണ് അറസ്റ്റുചെയ്തത്. പിടികൂടിയ കഞ്ചാവിന് പൊതുവിപണിയിൽ ഏഴുലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ ശ്രീനിയും സീനയും സമാനകുറ്റകൃത്യത്തിന് ആന്ധ്രാപ്രദേശിൽ ജയിൽശിക്ഷ അനുഭവിച്ച് ജാമ്യത്തില്‍ ഇങ്ങിയവരാണ്. ഒരു കാലത്ത് കോഴിക്കോട്ടെ മയക്കുമരുന്നുകളുടെ പ്രധാന വിതരണ കേന്ദ്രമായിരുന്നു പഴയ ബംഗ്ലാദേശ് കോളനി. ഇപ്പോള്‍ സാന്തി നഗര്‍ എന്നാണ് ബംഗ്ലാദേശ് കോളനി അറിയപ്പെടുന്നത്. പൊലീസിന്‍റെയും സാമൂഹ്യ പ്രവര്‍ത്തകരുടേയും നിരന്തരമായ ഇടപെടലുകളീലൂടെയാണ് പഴയ കുപ്രസിദ്ധിയില്‍ നിന്നും ‘ശാന്തിനഗർ’ ആയി പ്രദേശം മാറിയത്.