ന്യൂഡല്ഹി: ഡൽഹിയിൽ പ്രതിഷേധവുമായി രംഗത്ത് വരുന്നവർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും. പ്രതിഷേധിച്ച ഇടതുപക്ഷ സംഘടനാ പ്രവർത്തകരെയും വിദ്യാർത്ഥി നേതാക്കളെയും വലിച്ചിഴയ്ക്കുകയും വാഹനത്തിൽ കയറ്റി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരുന്ന രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിനെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. പിന്നീട് വാഹനത്തിൽ വെച്ച് പൊലീസ് മർദ്ദിച്ചുവെന്നാണ് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞത്.
അവശനായ ജോൺ ബ്രിട്ടാസിനെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.പിന്നീട് ജോൺ ബ്രിട്ടാസിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി തോമസിനെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. പൊലീസ് വാഹനത്തിൽ വെച്ച് ജെയ്ക്ക് സി തോമസും മർദ്ദനത്തിന് ഇരയായി. പൊലീസ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആർശ് എം സജിയുടെ തലയടിച്ച് പൊട്ടിക്കുകയും ചെയ്തു,.
കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ മജിസ്ട്രേറ്റ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. . ഇന്ന് രാവിലെ കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ നേതാക്കളെ ഡല്ഹി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടത്.പിന്നിട് മാധ്യമങ്ങളെ കണ്ട നേതാക്കൾ പൊലീസ് അഭിജീത് ദീപ്കെയോട് അപമര്യാദയായി പെരുമാറിയെന്ന് വെളിപ്പെടുത്തി.
24 മണിക്കൂർ ഫോൺ പിടിച്ചുവെച്ചുവെന്നും ഫോൺ ഹാക്ക് ചെയ്യുകയോ ക്ലോൺ ചെയ്യുകയോ ചെയ്തുവെന്ന് സംശയമുണ്ടെന്ന് സൗരവ് ദാസ് ആരോപിച്ചു. കൃത്രിമ തെളിവുകൾ ഉണ്ടാക്കാനുള്ള ശ്രമം നടന്നോ എന്ന് സംശയിക്കുന്നതായി സിജെപി നേതാവ് വ്യക്തമാക്കി.



