കോഴിക്കോട് : ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്‌റ്റിൽ. രാജസ്ഥാൻ സ്വദേശി സതീഷ് കുമാർ മീണയാണ് (25) അറസ്റ്റിലായത്. മധുരയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
ട്രെയിനിൽ യുവതിയുടെ മുന്നിലിരുന്ന പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഈ സമയം സഹയാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ സഹിതം ഷൊർണൂർ റെയിൽവേ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് വൈദ്യപരിശോധനകൾക്ക് വിധേയമാക്കിയതായും പൊലീസ് അറിയിച്ചു. ഇയാൾക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
*വീഡിയോയിൽ സംഭവിച്ചത് പോലെ ഭയം സ്വാഭാവികമാണ്,.
എന്നാൽ നിശബ്ദത അതിക്രമികൾക്ക് സഹായമാകും
പൊതുസ്ഥലങ്ങളിൽ ഇത്തരം അതിക്രമങ്ങൾ നടത്തുമ്പോൾ കുറ്റവാളികൾ ഇരയുടെ ഭയത്തെയാണ് മുതലെടുക്കുന്നത്. ഭയം കാരണം ശബ്ദമുയർത്തില്ലെന്ന ധൈര്യമാണ് ഇത്തരക്കാരെ കൂടുതൽ അതിക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. അതിനാൽ, അപരിചിതമായ സ്പർശനമോ പെരുമാറ്റമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അത് തെറ്റാണെന്ന് ഉറക്കെ വിളിച്ച് പറയുക.



