കോഴിക്കോട്: ഗാർഹിക എൽ.പി.ജി (LPG) സിലിണ്ടറുകളുടെ സബ്‌സിഡി തുക തടസ്സമില്ലാതെ ലഭിക്കുന്നതിന് ഇ-കെവൈസി (e-KYC) പൂർത്തിയാക്കാനുള്ള അവസാന തീയതി അടുക്കുന്നു. ഓഗസ്റ്റ് 16-നകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കണമെന്ന് കാണിച്ച് ഇൻഡേൻ ഗ്യാസ് ഉൾപ്പെടെയുള്ള വിതരണക്കാർ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചുതുടങ്ങി. നിശ്ചിത സമയപരിധിക്കുള്ളിൽ വെരിഫിക്കേഷൻ പൂർത്തിയാക്കാത്ത പക്ഷം ഗാർഹിക എൽ.പി.ജിയുടെ സബ്‌സിഡി ആനുകൂല്യം നഷ്ടപ്പെടാനും വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ വാങ്ങേണ്ട സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്.
ആയതിനാൽ ഗ്യാസ് ഏജൻസികൾ സന്ദർശിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് ഇപ്പോൾ വീട്ടിലിരുന്ന് മൊബൈൽ ആപ്പ് വഴി ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കും.
*ഓൺലൈനായി ഇ-കെവൈസി ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ.
ആപ്പ് ഡൗൺലോഡ് ചെയ്യുക: നിങ്ങളുടെ ഗ്യാസ് കമ്പനിയുടെ (Indane / Bharat Gas / HP Gas) ഔദ്യോഗിക മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് തുറക്കുക.
ലോഗിൻ ചെയ്യുക: എൽ.പി.ജി അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ലഭിക്കുന്ന ഒ.ടി.പി (OTP) നൽകി ഫോൺ നമ്പർ സ്ഥിരീകരിക്കുക.
അക്കൗണ്ട് ലിങ്ക് ചെയ്യുക: നിങ്ങളുടെ എൽ.പി.ജി അക്കൗണ്ട് ആപ്പുമായി ബന്ധിപ്പിക്കുക. (ഇൻഡേൻ ഉപഭോക്താക്കൾ ഇതിനായി 16 അക്ക എൽ.പി.ജി ഐഡി നൽകണം. ബി.പി.സി.എൽ, എച്ച്.പി.സി.എൽ ആപ്പുകളിൽ ഇ-കെവൈസി ഓപ്ഷൻ നേരിട്ട് ലഭ്യമാണ്).
ഇ-കെവൈസി ഓപ്ഷൻ തിരഞ്ഞെടുക്കുക: ഇൻഡേൻ ഉപഭോക്താക്കൾ ‘My Profile’ വിഭാഗത്തിലും, ഭാരത് ഗ്യാസ് ഉപഭോക്താക്കൾ ഹോംപേജിലും, എച്ച്.പി പേ (HP Pay) ആപ്പിൽ ‘LPG Section’ എന്ന ഭാഗത്തും ഇ-കെവൈസി ഓപ്ഷൻ കാണാം.
ഫെയ്സ് സ്കാനിങ് പൂർത്തിയാക്കുക: നിബന്ധനകൾ അംഗീകരിച്ച ശേഷം ഫെയ്സ് ഓതന്റിക്കേഷന് (Face Authentication) അനുമതി നൽകുക. തുടർന്ന് ‘AadhaarFaceRD’ ആപ്പ് ഉപയോഗിച്ച് മുഖം സ്കാൻ ചെയ്ത് നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
മൊബൈൽ ആപ്പ് വഴി സാധിക്കാത്തവർക്ക് ഗ്യാസ് സിലിണ്ടർ വിതരണത്തിന് എത്തുന്ന ജീവനക്കാർ മുഖേനെയോ അല്ലെങ്കിൽ അതത് ഇൻഡേൻ, എച്ച്.പി, ഭാരത് ഗ്യാസ് ഡിസ്ട്രിബ്യൂട്ടർമാരുടെ ഓഫീസുകൾ നേരിട്ട് സന്ദർശിച്ചോ ഇ-കെവൈസി പൂർത്തിയാക്കാൻ സൗകര്യമുണ്ട്.



