Tuesday, May 21, 2024
Homeസിനിമ🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

സജു വർഗീസ് (ലെൻസ്മാൻ)

നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മോഹന്‍ലാലും നടി ശോഭനയും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നു.

നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മോഹന്‍ലാലും നടി ശോഭനയും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘എല്‍360’ (താത്കാലിക പേര്) എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും നായികനായകനായി എത്തുന്നത്. നടി ശോഭനയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ കുറിച്ച് പറഞ്ഞത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചു വരുന്നതെന്നും പുതിയ ചിത്രത്തിനായി സൂപ്പര്‍ എക്‌സൈറ്റഡ് ആണെന്നും ശോഭന പറഞ്ഞു. താനും മോഹന്‍ലാലും ഒന്നിക്കുന്ന 56-ാമത്തെ ചിത്രമാണിതെന്നും താരം വ്യക്തമാക്കി. 2020ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭന ഏറ്റവും അവസാനമായി ചെയ്ത മലയാള സിനിമ. 2009ല്‍ പുറത്തിറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം താരം അവസാനമായി സ്‌ക്രീനില്‍ എത്തിയത്. കെആര്‍ സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും രചിക്കുന്നത്. പത്തനംതിട്ട റാന്നി തൊടുപുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം. ചിത്രത്തില്‍ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചന. ഏപ്രില്‍ മൂന്നാം വാരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയില്‍’

പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയില്‍’ ചിത്രത്തിന്റെ ടീസര്‍ എത്തി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു മുഴുനീള കോമഡി-ഫാമിലി എന്റര്‍ടെയ്നര്‍ ആണ് ചിത്രം. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. വിവാഹത്തിനോട് അനുബന്ധിച്ച് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. തമിഴില്‍ നിന്നും യോഗി ബാബു ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ‘കുഞ്ഞിരാമായണ’ത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘ഗുരുവായൂരമ്പലനടയില്‍’. ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരജ് രവിയാണ് ഛായാഗ്രഹണം.

ബിജു മേനോന്‍- സുരാജ് വെഞ്ഞാറമൂട് കോമ്പോയില്‍ റിലീസ് ചെയ്യുന്ന ‘നടന്ന സംഭവം’

ബിജു മേനോന്‍- സുരാജ് വെഞ്ഞാറമൂട് കോമ്പോയില്‍ റിലീസ് ചെയ്യുന്ന ‘നടന്ന സംഭവം’ എന്ന ചിത്രത്തിലെ പ്രമോ സോംഗ് റിലീസ് ചെയ്തു. വാര്‍ത്തകളെ വളച്ചൊടിക്കാനും ഉണ്ടാക്കാനും കഴിയുന്ന ലിങ്കന്‍ എന്നയാള്‍ ഒപ്പിക്കുന്ന ഗുലുമാലുകളുടെ കാഴ്ച്ചകളുമായാണ് ഗാനം എത്തിയിരിക്കുന്നത്. അങ്കിത് മേനോന്‍ സംഗീതം ഒരുക്കിയ പാട്ട് പാടിയതും എഴുതിയതും ശബരീഷ് വര്‍മ്മയാണ്. സുധി കോപ്പയാണ് ലിങ്കനായി എത്തുന്നത്. അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണന്‍, രേണു എ, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച നടന്ന സംഭവം സംവിധാനം ചെയ്തത് വിഷ്ണു നാരായണ്‍ ആണ്. ഫാമിലി- കോമഡി ജോണറില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന നടന്ന സംഭവത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥന്‍ ആണ്. നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നര്‍മ്മത്തിലൂടെയുള്ള ആവിഷ്‌ക്കാരമാണ് ചിത്രം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവരെക്കൂടാതെ, ജോണി ആന്റണി, ശ്രുതി രാമചന്ദ്രന്‍ , ലിജോ മോള്‍, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്ന ഷെറിന്‍, ജെസ് സുജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. മെയ് 9ന് ചിത്രം തിയറ്ററുകളില്‍ എത്തും.

സിജു വില്‍സണെ നായകനാക്കി പി. ജി പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ‘പഞ്ചവത്സര പദ്ധതി

സിജു വില്‍സണെ നായകനാക്കി പി. ജി പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പഞ്ചവത്സര പദ്ധതി’യുടെ ട്രെയ്ലര്‍ പുറത്ത്. കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖ നായിക കൃഷ്ണേന്ദു എ.മേനോന്‍ ആണ് ചിത്രത്തില്‍ സിജു വില്‍സന്റെ നായികയായെത്തുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. ആക്ഷേപഹാസ്യത്തിലൂടെ കഥപറയുന്ന ചിത്രത്തിന് വേണ്ടി ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതമൊരുക്കുന്നത്. ആല്‍ബിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വയനാട്, ഗുണ്ടല്‍പ്പേട്ട്,ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഏപ്രില്‍ 26 നു ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. പിപി കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍,സിബി തോമസ്,ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങീ ശ്രദ്ധേയമായ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും റിലീസ് ചെയുന്ന ‘പ്യാര്‍’

ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും റിലീസ് ചെയുന്ന ചിത്രമായ ‘പ്യാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകരായ സിബി മലയില്‍, പ്രിയനന്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. മലയാളത്തില്‍ ‘പ്യാര്‍’ എന്ന പേരിലും ഇംഗ്ലീഷില്‍ ‘വൈ നോട്ട്’ എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദനാണ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. ബോളിവുഡ് നടിമാരായ കേതകി നാരായണ്‍, അമിക ഷെയല്‍, ഹോളിവുഡ് നടിയായ അയറീന മിഹാല്‍കോവിച്ച്, പ്രശസ്ത നര്‍ത്തകനും നടനുമായ ജോബിന്‍ ജോര്‍ജ് എന്നിവര്‍ ഈ ഇംഗ്ലീഷ്-മലയാളം ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം വേറിട്ട ഒരു ദൃശ്യാനുഭവം സൃഷ്ടിക്കുമെന്ന് സംവിധായകനായ മനോജ് ഗോവിന്ദന്‍ അറിയിച്ചു. കൈതപ്രം, മുരളി നീലാംബരി, ഡോക്ടര്‍ ജോജി കുര്യാക്കോസ്, നിതിന്‍ അഷ്ടമൂര്‍ത്തി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം സംഗീതം പകരുന്നു.

അമിത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ചിത്തിനി’

അമിത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ചിത്തിനി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമയും, ആകാംക്ഷയും നിറഞ്ഞ പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ ശ്രദ്ധേയമായി കഴിഞ്ഞു. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോക്ഷ, പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബിഗ് ബഡ്ജറ്റില്‍, ഹൊറര്‍ ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സാണ് നിര്‍മ്മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘ചിത്തിനി’. കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടന്‍ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദര്‍,വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന
‘തല തെറിച്ച കൈ’

സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തല തെറിച്ച കൈ’. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. കാര്‍മിക് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. തീര്‍ത്തും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ ചിത്രത്തിന്റെ കഥ സംവിധായകന്റെയും തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നിതാരയുമാണ്. കെന്‍ സാം ഫിലിപ്പ് ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്റെ ‘കൈ’ കൊണ്ട് ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രമോദ് ഗോപകുമാറാണ്. ആഗസ്റ്റ് അവസാനം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ താരനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു.

തെന്നിന്ത്യന്‍ നായിക സോണിയ അഗര്‍വാള്‍, ജിനു ഇ തോമസ്, മെറീന മൈക്കിള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ബിഹൈന്‍ഡ്ഡ്’

പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ നായിക സോണിയ അഗര്‍വാള്‍, ജിനു ഇ തോമസ്, മെറീന മൈക്കിള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ബിഹൈന്‍ഡ്ഡ്’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ കാതല്‍ കൊണ്ടൈന്‍, 7ജി റൈന്‍ബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയയെ കൂടാതെ നോബി മര്‍ക്കോസ്, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, സുനില്‍ സുഖദ, വി കെ ബൈജു, ശിവജി ഗുരുവായൂര്‍, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും, തുടര്‍ന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാന്‍ ഉള്ള ശ്രമവും, അതിന്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന ‘ബിഹൈന്‍ഡ്ഡ്’ ഒരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ ആണ്.

ജോജു ജോര്‍ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരിം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആരോ’

ജോജു ജോര്‍ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരിം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആരോ’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. പ്രശസ്ത നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. മെയ് 9 ന് റീല്‍ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റ്റര്‍ ഡെറിക് രാജന്‍, മാസ്റ്റര്‍ അല്‍ത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിന്‍ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. പൊലീസ് വേഷത്തിലാണ് ജോജു എത്തുന്നത്. വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്ജലി എന്റര്‍ടൈയ്മെന്റ്സ് എന്നിവയുടെ ബാനറില്‍ വിനോദ് ജി പാറാട്ട്, വി കെ അബ്ദുള്‍ കരിം, ബിബിന്‍ ജോഷ്വാ ബേബി, സാം വര്‍ഗ്ഗീസ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം റഷീദ് പാറയ്ക്കല്‍, കരിം എന്നിവര്‍ ചേര്‍ന്നെഴുതുന്നു.

വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന ‘പൊറാട്ട് നാടകം’

എമിറേറ്റ്സ് പ്രൊഡക്ഷന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന ‘പൊറാട്ട് നാടകം’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സംവിധായകന്‍ നാദിര്‍ഷയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. സിദ്ദിഖിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന നൗഷാദ് സാഫ്റോണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് രാഹുല്‍ രാജിന്റേതാണ് സംഗീതം. നാട്ടുപാട്ടിന്റെ ഈണമുള്ള നാഴൂരി പാല് എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ എഴുതിയത് ബി കെ ഹരിനാരായണനാണ്. പാടിയിരിക്കുന്നത് രാഹുല്‍ രാജും സിത്താര കൃഷ്ണകുമാറും ചേര്‍ന്ന്. വടക്കന്‍ കേരളത്തിലെ ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് നൗഷാദ് ഷെരീഫാണ്. ചിത്രത്തില്‍ രാഹുല്‍ മാധവ്, സുനില്‍ സുഖദ, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, നിര്‍മല്‍ പാലാഴി, ബാബു അന്നൂര്‍, ഷുക്കൂര്‍ വക്കീല്‍, ഐശ്വര്യ മിഥുന്‍, ജിജിന, ചിത്ര ഷേണായ്, ചിത്ര നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തില്‍ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങള്‍ പശ്ചാത്തലമായി വരുന്നു. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം വടക്കന്‍ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തില്‍ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്.ത്തിലൂടെ അവതരിപ്പിക്കുന്നത്.ണം റഷീദ് പാറയ്ക്കല്‍, കരിം എന്നിവര്‍ ചേര്‍ന്നെഴുതുന്നു.

സജു വർഗീസ് (ലെൻസ്മാൻ)✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments