വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ കുണ്ടറ ജോണി. കലാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത സാധാരണ കുടുംബത്തിൽ നിന്നുള്ള ഫുട്ബോൾ കളിക്കാരൻ
44 വർഷത്തിനിടെ നാലു ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ച കൊല്ലം ജില്ലയിലെ വ്യവസായ നഗരമായ കുണ്ടറക്കാരൻ ജോണി.
1952 ജനുവരി 1 ന് കുറ്റിപ്പുറത്ത് ജോസഫിന്റെയും കാതറിൻ്റെയും മകനായാണ് ജനനം. ഫാത്തിമ മാതാ നാഷണൽ കോളേജിലും ശ്രീനാരായണ കോളേജിലുമാണ് പഠിച്ചത്. അവിടെ സഹപാഠികളായിരുന്നു ഇന്നത്തെ രാഷ്ട്രീയ നേതാക്കളായ എം.എ. ബേബി, രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ് എന്നിവർ. കോളേജിലെ ഫുട്ബോൾ കളിക്കാരനായിരുന്നു. പോണ്ടിച്ചേരി പേപ്പേഴ്‌സ് ലിമിറ്റഡിന്റെ സെയിൽസ് എക്‌സിക്യുട്ടീവായി ജോലി ചെയ്തു.
അറിയപ്പെടുന്ന സിനിമാ നിര്‍മാതാവായിരുന്ന മുഖത്തല ചെല്ലപ്പന്‍ പിള്ള വഴി 1979-ൽ പുറത്തിറങ്ങിയ നിത്യവസന്തം എന്ന മലയാളം സിനിമയിലൂടെ 23-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് എ.ബി. രാജിന്റെ ജയൻ നായകനായ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടെ രവിഗുപ്തന്റെ സംവിധാനത്തിൽ ‘നട്ടുച്ചയ്ക്ക് ഇരുട്ട്’ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു ഷീലയായിരുന്നു നായിക. ആ സിനിമ പരാജയമായിരുന്നു. പിന്നീട് നായകനായില്ല. ‘കഴുകൻ’ എന്ന ചിത്രത്തിൽ ജയനുമായി രണ്ടു ഫൈറ്റുണ്ടായിരുന്നു. ഇതോടെ വില്ലൻ വേഷങ്ങളിലേക്കു വാതിൽ തുറന്നു. 1979 ൽ സിനിമയിലെത്തിയെങ്കിലും 40 വർഷം നീണ്ട കരിയറിൽ ചെയ്ത വേഷങ്ങളിൽ ഏറെയൊന്നും വ്യത്യസ്തത അവകാശപ്പെടാൻ കഴിയാത്ത ഒരു നടനാണ് ജോണി.
നെഗറ്റീവ് വേഷങ്ങൾ ഒത്തിരി ചെയ്തെങ്കിലും മലയാള സിനിമയിലെ ഒന്നാംനിര വില്ലൻ നടന്മാരുടെ കൂട്ടത്തിലൊരാളായി മാറാനും കഴിഞ്ഞിട്ടില്ല.
കിരീടത്തിലെ പരമേശ്വരൻ എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധ നേടിയത്. സ്ഫടികത്തിലെ മണിയനും ഹലോയിലെ കമ്മീഷണറും കുട്ടി സ്രാങ്കിലെ ഡി.വൈ.എസ്.പി മത്തായിയും ഇൻസ്പെക്ടർ ബൽറാമി സിഐ അലക്സ് ജോർജ്ജും ഒക്കെ എണ്ണം പറഞ്ഞ പൊലീസ് വേഷങ്ങൾ.
അരിങ്ങോടരുടെ ശിഷ്യനായി വടക്കൻ വീരഗാഥയിലും, കുളപ്പള്ളി അപ്പന്‍റെ വലംകൈയായി ആറാംതമ്പുരാനിലും ജോണി കയ്യൊപ്പ് ചാർത്തി. തങ്കയ്യ മൂപ്പനായി തച്ചിലേടത്ത് ചുണ്ടനിലെ വള്ളത്തിന്റെ അമരക്കാരൻ, ആര്യനിലെ നായർ, കാബൂളിവാലയിലെ വേണു തുടങ്ങിയവയൊക്കെ ശ്രദ്ധേയമായ ചില കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടി. നമ്പ്യാരുടെ വലംകൈയായി നാടോടിക്കാറ്റിലെ വർഗീസ് എന്ന വേഷം കാണികൾക്ക് ചിരി പടർത്തുന്നത് കൂടിയായിരുന്നു.
മലയാളത്തിലെ ഒട്ടുമിക്ക മുൻനിര നടന്മാരോടൊപ്പവും ജോണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഐ.വി. ശശി ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എന്നിരിക്കിലും, കിരീടത്തിലെ രാമപുരം തെരുവുകളെ വിറപ്പിച്ച കീരിക്കാടൻ ജോസിന്റെ വലംകൈയ്യായി ഒരു നാടിനെയൊട്ടാകെ വിറപ്പിച്ചുനടന്നൊരു ഗുണ്ടയായി വിലസിയ പരമേശ്വരനാണ് അഭിനയിച്ച വേഷങ്ങളിൽ ഏറ്റവും നല്ലത്. കിരീടത്തിൻ്റെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിച്ചു. കന്നടയിൽ കീരിക്കാടൻ ജോസിന്റെ വേഷം അവതരിപ്പിച്ചത് ജോണിയാണ്.
കിരീടത്തിൻ്റെ രണ്ടാംഭാഗമായ ചെങ്കോലിൽ അംഗഭംഗം സംഭവിച്ച
പരസഹായത്തോടെ ജീവിക്കുന്ന മറ്റൊരു പരമേശ്വരനായി അഭിനയിച്ചു.
കാലത്തേക്കാൾ മാനസികമായി കൂടുതൽ കരുത്തനായി മാറിയ, പക്വതയും പാകതയുമാർജ്ജിച്ച ഒരു പുതിയ മനുഷ്യനാണ് ചെങ്കോലിലെ പരമേശ്വരൻ. പരമേശ്വരനു ശേഷം പരസഹായം ആവശ്യമുള്ള നിലയിൽ ശാരീരികമായി അവശനായ മറ്റൊരു ക്യാരക്ടർ മേല്പടിയാനിലെ രോഗഗ്രസ്ത്രനായ മേക്ലാത്ത് ജേക്കബിന്റെ നിസ്സഹായാവസ്ഥയും ആശങ്കകളുമൊക്കെ അദ്ദേഹം വളരെ നന്നായിത്തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. 2023 ഒക്ടോബർ 17ന് അന്തരിച്ചു. കൊല്ലം ഫാത്തിമ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.



