ബാഗ്ദാദ്: ഇറാഖില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിൻ്റെ പിന്മാറ്റം പൂര്‍ത്തിയായതായി യുഎസ് സൈന്യം. ഇറാഖും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ വടക്കന്‍ ഇറാഖിലെ അവസാന വ്യോമതാവളത്തില്‍ നിന്നുമാണ് യുഎസ് സൈന്യം പിന്മാറിയത്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെയാണ് പിന്മാറ്റം. ഈ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ ചില ഘട്ടങ്ങളില്‍ ഇറാഖിലേക്കും വ്യാപിച്ചിരുന്നു. അതേസമയം, അമേരിക്കയുടെ നീക്കം രാജ്യത്തിന്റെ ശക്തിയും പരമാധികാരവും വര്‍ധിക്കുന്നതിന്റെ സൂചനയാണെന്ന് ഇറാഖ് വിശേഷിപ്പിച്ചു. ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങളും പിന്മാറ്റത്തെ സ്വാഗതം ചെയ്തു. എന്നാല്‍ കുര്‍ദിഷ് മേഖലയിലുള്‍പ്പെടെ ഇറാഖിലെ ചില വിഭാഗങ്ങള്‍ ഈ പിന്മാറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
2003 ലാണ് സദ്ദാം ഹുസൈനെ പുറത്താക്കുന്നതിനായി അമേരിക്കന്‍ സേന ഇറാഖിനെ ആക്രമിച്ചത്. തുടര്‍ന്ന് രാജ്യം കൈയടക്കിയ യുഎസ്, ഷിയാ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അധികാരത്തിലേറ്റുകയും 2011 അവസാനത്തോടെ പിന്‍വാങ്ങുകയുമായിരുന്നു. ഇക്കാലയളവിൽ യു എസ് സൈന്യം ഇറാഖിലെ വിമതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇറാഖിലെ ഐഎസ് (ISIL) തകര്‍ന്നതോടെ, 2024ല്‍ ദൗത്യം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. എന്നാല്‍ 2014നും 2017നും ഇടയിലുണ്ടായ പ്രധാന യുദ്ധത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്താന്‍ ഇറാഖി സേനയെ സഹായിക്കുന്നതിനായി യുഎസ് തിരിച്ചെത്തി.
കഴിഞ്ഞ വര്‍ഷം ഇറാഖിലെ മിക്ക സൈനിക താവളങ്ങളില്‍ നിന്നും യുഎസ് സൈന്യം പിന്മാറിയിരുന്നു. എന്നാല്‍ അര്‍ധ സ്വയംഭരണ കുര്‍ദിഷ് മേഖലയില്‍ നൂറുകണക്കിന് സൈനികരുടെ സാന്നിധ്യം നിലനിര്‍ത്തിയിരുന്നു. ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും യുദ്ധം ആരംഭിച്ചതിനുശേഷം മേഖലയിലെ സൈനിക താവളങ്ങള്‍ പതിവായി ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധസംഘങ്ങള്‍ യെമനിലെ ഹൂതി വിമതരുമായി ഏകോപിച്ച് സൗദി അറേബ്യക്കെതിരെയും ആക്രമണങ്ങള്‍ നടത്തിയിരുന്നു.
യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തിനുള്ള പദ്ധതി ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സൈദി അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ തീരുമാനിച്ചതാണെങ്കിലും, ഇറാഖ് ഭരണകൂടത്തിന്റെ അധികാരം ശക്തിപ്പെടുത്താന്‍ ഈ പിന്മാറ്റം സഹായകരമാകും. ഇറാനുമായി അടുത്ത ബന്ധമുള്ള എല്ലാ സായുധസംഘങ്ങളെയും 2027 ജൂണോടെ നിരായുധീകരിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനും ഇത് ഉപകരിക്കും.
കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്ര പൊതുസഭയില്‍ സംസാരിക്കവെ, സമാധാനവും യുദ്ധവും സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നത് സര്‍ക്കാരാകണമെന്ന് അല്‍ സൈദി പറഞ്ഞിരുന്നു. എല്ലാ ഭരണഘടനാപരമായ സ്ഥാപനങ്ങളുടെ നിയന്ത്രണവും മികച്ച രീതിയില്‍ നടപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതായി അല്‍ സൈദി പറഞ്ഞു. യുഎസ് സൈന്യത്തിന്റെ പിന്മാറ്റം സായുധസംഘങ്ങളെ രാഷ്ട്രീയമായി ദുര്‍ബലപ്പെടുത്താനുള്ള അല്‍ സൈദിയുടെ തന്ത്രത്തിന്റെ ഭാഗമായിരിക്കാമെന്നും വിലയിരുത്തലുകളുണ്ട്.



