Wednesday, September 30, 2026
Homeഅമേരിക്കഇറാനിലെ ‘പിക്കാക്സ് മൗണ്ടൻ’ ഭൂഗർഭ ആണവ സമുച്ചയത്തെ അമേരിക്ക ഉടൻ ആക്രമിക്കും: മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

ഇറാനിലെ ‘പിക്കാക്സ് മൗണ്ടൻ’ ഭൂഗർഭ ആണവ സമുച്ചയത്തെ അമേരിക്ക ഉടൻ ആക്രമിക്കും: മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനിലെ ‘പിക്കാക്സ് മൗണ്ടൻ’ ആണവ കേന്ദ്രത്തിന് നേരെ ശക്തമായ ആക്രമണം ഉടൻ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘പിക്കാക്സ് മൗണ്ടൻ’ പ്രദേശത്ത് അമേരിക്ക വളരെ പെട്ടെന്ന് തന്നെ ശക്തമായ ആക്രമണം നടത്തും. അതിനെ തടയാൻ ഇറാന് ഒന്നും ചെയ്യാനാവില്ല. സാധാരണ സാഹചര്യത്തിൽ ഇത്തരമൊരു കാര്യം മുൻകൂട്ടി പറയാറില്ല. എതിരാളികൾക്ക് അത് തടയാൻ കഴിയുമെന്ന് കരുതിയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു’ എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഇറാൻ ഈ കേന്ദ്രത്തിലേക്ക് ആണവ സെൻട്രിഫ്യൂജുകൾ മാറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിനോടും ട്രംപ് പ്രതികരിച്ചിരുന്നു. ‘അതിന് വ്യക്തമായ തെളിവ് ഞങ്ങളുടെ കൈവശമില്ല. എന്നാൽ ആണവ വസ്തുക്കളുടെ നീക്കമാണ് ഞങ്ങൾ നിരീക്ഷിക്കുന്നത്. അതാണ് നിർണായകം’ എന്നായിരുന്നു ട്രംപിൻ്റെ മറുപടി. മധ്യ ഇറാനിലെ നത്താൻസിൽ നിന്ന് ഏകദേശം ഒരു മൈൽ തെക്കായാണ് ഈ ഭൂഗർഭ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആണവ ഇന്ധനം നിർമ്മിക്കാൻ ആവശ്യമായ സെൻട്രിഫ്യൂജുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള ഭാവി സൗകര്യമെന്ന നിലയിലുള്ളതാണ് ഈ കേന്ദ്രമെന്ന് 2020-ൽ ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയെ അറിയിച്ചിരുന്നു. റേഡിയോ അവതാരകനായ ഹ്യൂ ഹ്യൂയിറ്റിന് കഴിഞ്ഞ ആഴ്ച നൽകിയ അഭിമുഖത്തിലും പിക്കാക്സ് മൗണ്ടനെ ഉടൻ തന്നെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം, ഇറാൻ അത്യാധുനിക സെൻട്രിഫ്യൂജുകളും ഉയർന്ന അളവിൽ സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ ഒരു ഭാഗവും പിക്കാക്സ് മൗണ്ടൻ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഇസ്രയേൽ വിശ്വസിക്കുന്നുവെന്ന് സിഎൻഎൻ റിപ്പോ‍ർട്ട് ചെയ്യുന്നുണ്ട്. വിഷയത്തിൽ അറിവുള്ള ഒരു ഇസ്രയേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് സിഎൻഎൻ റിപ്പോർട്ട്.

അമേരിക്കയിലെ വരാനിരിക്കുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പോ ഇറാനുമായുള്ള സംഘർഷമോ തന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും ഡോണൾ‍ഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ ശ്രമിക്കുകയാണോ എന്ന ചോദ്യത്തിനോടായിരുന്നു ട്രംപിൻ്റെ പ്രതികരണം. ‘അത് എന്നെ ഒരു തരത്തിലും ബാധിക്കില്ല. ഞാൻ ശരിയായ കാര്യമാണ് ചെയ്യുക. തിരഞ്ഞെടുപ്പ് അടുത്തുവരുന്നു എന്ന ചിന്തയോടെയല്ല ഞാൻ തീരുമാനങ്ങൾ എടുക്കുന്നത്. അതിന് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ല’ എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. വിദേശകാര്യത്തിലെ നയപരമായ തന്റെ നടപടികൾക്ക് ജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും, ഈ വർഷം ആദ്യം വെനസ്വേലയിൽ നടത്തിയ അമേരിക്കൻ നടപടികളെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ട്രംപ് അവകാശപ്പെട്ടു.

ഇതിനിടെ അമേരിക്ക-ഇറാൻ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ട്. കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് വന്ന ആക്രമണങ്ങൾ തടഞ്ഞതായി അറിയിച്ചിട്ടുണ്ട്. അതേസമയം ചെങ്കടൽ വഴി സൗദി അറേബ്യയുടെ കപ്പലുകൾ സഞ്ചരിക്കരുതെന്ന് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഈ ഭീഷണിയെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തള്ളിയിട്ടുണ്ട്. ‘അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അതിനെ നേരിടാൻ ആവശ്യമായ നടപടി ഞങ്ങൾ സ്വീകരിക്കും. മുമ്പും ഹൂതികൾക്കെതിരെ ശക്തമായ നടപടികൾ എടുത്തിട്ടുണ്ട്. അതിന് ശേഷം അവർ പ്രശ്നങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല’ എന്നായിരുന്നു വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്.
ഇതിനിടെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈറ്റ് വിളിച്ചുവരുത്തി. ഇറാൻ അംബാസഡറായ മുഹമ്മദ് തൗതോൻചിയെ ഔദ്യോഗികമായി വിളിച്ചുവരുത്തി കുവൈറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒരു രാജ്യത്തിന്റെ അംബാസഡറെ ഔദ്യോഗികമായി വിളിച്ചുവരുത്തുന്നത് ആ രാജ്യത്തിനെതിരായ ശക്തമായ നയതന്ത്ര പ്രതിഷേധം അറിയിക്കുന്നതിനുള്ള നടപടിയായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ‘കിഫാൻ’ എന്ന കുവൈത്തി എണ്ണക്കപ്പലിന് നേരെ തിങ്കളാഴ്ച വൈകിട്ട് ഇറാൻ ആക്രമണം നടത്തിയതായും നിരവധി ജീവനക്കാർക്ക് പരിക്കേറ്റതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക-ഇറാൻ യുദ്ധം ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ചതിന് ശേഷം കുവൈത്തിന് നേരെയുണ്ടായതായി പറയുന്ന ഇറാന്റെ ആക്രമണങ്ങളെ കുവൈറ്റ് ഉപവിദേശകാര്യ മന്ത്രി ഹമദ് സുലൈമാൻ മഷാൻ അൽ-മഷാൻ ശക്തമായി അപലപിച്ചതായും മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുടെ പ്രധാന സഖ്യരാജ്യമായ കുവൈത്തിൽ നിരവധി അമേരിക്കൻ സൈനിക കേന്ദ്രങ്ങളുണ്ട്. അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി കുവൈത്തിനെയും ലക്ഷ്യമിടുന്നതെന്നാണ് ഇറാൻ്റെ നിലപാട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ