ഫിലഡൽഫിയ : വേൾഡ് മലയാളീ കൌൺസിൽ ഫിലഡൽഫിയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷങ്ങൾ ജൂൺ മാസം ഏഴാം തീയതി, ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെ, സെയിന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് ചര്ച്ച് ഹാളിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ഈ ആഘോഷങ്ങളുടെ ഭാഗമായി സമാഹരിക്കുന്ന തുക കേരളത്തിലെ നിർദ്ദനരായ യുവതീ യുവാക്കളുടെ സമൂഹ വിവാഹ നടത്തിപ്പിനായി വിനിയോഗിക്കുമെന്നു പ്രസിഡന്റ് നൈനാൻ മത്തായി പറഞ്ഞു.
കേരളത്തിൽ പിന്നോക്കം നിൽക്കുന്ന ഇരുപത്തിയഞ്ചു നിർദ്ധന യുവതീ യുവാക്കളുടെ വിവാഹം നടത്തികൊടുക്കുക എന്നുള്ള ഒരു വലിയ ജീവകാരുണ്യ പദ്ധതിയാണ് പ്രൊവിൻസ് ഈ വര്ഷം ഏറ്റെടുത്തിരിക്കുന്നത്. ഒക്ടോബർ മാസം രണ്ടാം തീയതി കേരളത്തിൽ വച്ച് ഗാന്ധിഭവനുമായി സഹകരിച്ചുകൊണ്ടാണ് പ്രൊവിൻസ് ഈ ബ്രിഹത് പദ്ധതി നടപ്പിലാക്കുന്നത്. സമൂഹത്തിലെ അശരണരായ കുടുംബങ്ങളോട് ചെയ്യുന്ന ഈ വലിയ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകുവാൻ എല്ലാവരോടും ശ്രീമാൻ മത്തായി ആഹ്വാനം ചെയ്തു.
മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷങ്ങളുടെ പൂർണ്ണ വിജയത്തിനും സമൂഹവിവാഹത്തിന്റെ തുക സമാഹരണത്തിനുമായി ഈ മാസം രണ്ടാം തീയതി ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ രാത്രി ഒന്പതുമണിവരെ പ്രസിഡന്റ് നൈനാൻ മത്തായിയുടെ ബെൻസലത്തുള്ള ഭവനത്തിൽ വച്ച് മീറ്റിംഗ് കൂടുകയും പദ്ധതികളുടെ ഒരുക്കങ്ങൾ അവലോകനം നടത്തുകയും ചെയ്തു.
ജൂൺ ഏഴാം തീയതി നടക്കുന്ന ആഘോഷ പരിപാടികളിൽ രാവിലെ പത്തു മണി മുതൽ പതിനൊന്നു മണി വരെ വിശിഷ്ട അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗവും, പതിനൊന്നു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ വിവിധ ആർട്ടിസ്റ്റുകളെ കോർത്തിണക്കികൊണ്ടുള്ള കലാ സാംസ്കാരിക പരിപാടികൾക്കും വേദി സാക്ഷിയാകും. പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീമതി അജി പണിക്കർ കലാ പരിപാടികളുടെ വിശദ വിവരങ്ങൾ യോഗത്തിൽ സമർപ്പിക്കുകയും യോഗം ഐക്യഖണ്ഡേന അത് പാസ്സാക്കി എല്ലാ പിന്തുണകളും അറിയിക്കുകയും ചെയ്തു. കേരള തനിമയുടെ രുചി വിളിച്ചറിയിക്കുന്ന വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും എല്ലാവര്ക്കായും ഒരുക്കിയിട്ടുണ്ട്.
സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു അനുഭവ സമ്പത്തുള്ള ബിമൽ ജോൺ, ബെൻ തോമസ് മാത്യു, സുജീഷ്, ഒപ്പം അവരുടെ പത്തോളം വരുന്ന കുടുംബാംഗങ്ങളും പ്രൊവിൻസിന്റെ മീറ്റിംഗിൽ ആദ്യമായി പങ്കെടുക്കുകയും പ്രൊവിൻസിന്റെ അംഗങ്ങളാകുവാൻ കാണിച്ച സന്മനസ്സിനെയും യോഗം പ്രകീർത്തിച്ചു. യോഗമധ്യേ എല്ലാവരും അവരെയും അവരുടെ പ്രവർത്തന മേഖലകളെ കുറിച്ചും പരിചയപ്പെടുത്തി. തീർച്ചയായും അവരുടെ സാന്നിധ്യം വരും ദിവസങ്ങളിൽ ഫിലാഡൽഫിയ പ്രൊവിൻസിനു ഒരു മുതൽ കൂട്ടായിരിക്കും എന്ന് യോഗത്തിൽ എല്ലാവരും അഭിപ്രായപ്പെട്ടു.
കേരളത്തിൽ അവധി ദിനം ആഘോഷിക്കുവാൻ പോയ അവസരത്തിൽ പ്രൊവിൻസ് അംഗങ്ങളായ മറിയാമ്മ ജോർജും കുടുംബവും, ബെന്നി മാത്യുവും കുടുംബവും, തോമസ് ഡാനിയേലും കുടുംബവും ലീലാമ്മ വറുഗീസും ഗാന്ധിഭവനുമായി ചർച്ചകൾ നടത്തി ഒക്ടോബർ രണ്ടാം തീയതി നടത്തപെടുന്ന സമൂഹവിവാഹത്തിന്റെ കാര്യങ്ങൾ കൂടുതൽ സുഗമമാക്കിയതിലുള്ള സ്നേഹവും നന്ദിയും യോഗത്തിൽ രേഖപ്പെടുത്തി.
പ്രസിഡന്റ് നൈനാൻ മത്തായി യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തി. വുമൺ ചെയർ മറിയാമ്മ ജോർജ് ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതവും ട്രെഷറർ തോമസ്കുട്ടി വർഗീസ് നന്ദിയും പറഞ്ഞു. സമാപന പ്രാർത്ഥനയോടും സ്നേഹവിരുന്നോടും കൂടി യോഗം രാത്രി ഒന്പതുമണിയോടുകൂടി പര്യവസാനിച്ചു.