Monday, September 28, 2026
Homeഅമേരിക്കവന്ദേമാതരം ✍️ രാജു മൈലപ്രാ

വന്ദേമാതരം ✍️ രാജു മൈലപ്രാ

നമ്മൾ വിദ്യാർത്ഥികൾ അസ്വസ്ഥരാണ്….?’

‘അതെന്തിനാ മാഷേ- ഈ ‘നമ്മൾ വിദ്യാർത്ഥികൾ’ അസ്വസ്ഥരാകുന്നത്..?’

ഉത്തമാ ‘നീ മാഷിൻ്റെ സ്റ്റഡിക്ലാസിൽ പങ്കെടുക്കാത്തതുകൊണ്ടാണ് നിനക്കിതൊന്നും മനസ്സിലാകാത്തത്?’

‘എന്നാൽ കോട്ടപ്പള്ളി പറ, എന്തിനാണ് നമ്മൾ അസ്വസ്ഥരാകുന്നത്’…?

കോട്ടപ്പള്ളി ദയനീയമായി മാഷിൻ്റെ മുഖത്തേക്ക് നോക്കി. സത്യം പറഞ്ഞാൽ മാഷിനുപോലും. മാഷ് പറയുന്നതിന്റെ അർത്ഥം പലപ്പോഴും പിടികിട്ടുകയില്ല.

‘നിങ്ങൾ സർക്കാർ പരിപാടിയിൽ വേന്ദമാതരം പൂർണ്ണമായി ചൊല്ലിയതു കേട്ടില്ലേ’

‘അതിനു നമ്മൾക്കെന്നാ?’ നമ്മളാരും അവിടെ പോയില്ലല്ലോ!”

നമ്മൾ അവിടെ പോയോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇത് RSS അജണ്ട നടപ്പാക്കാനുള്ള ഒരു പദ്ധതിയാണ്. ഇതിനെതിരേ നമ്മൾ ശക്തമായ സമരം നടത്തണം. സർക്കാരിനെതിരേ സമരം ചെയ്യുവാനുള്ള ഒരു അവസരവും നമ്മൾ പാഴാക്കരുത്’

(സത്യം പറഞ്ഞാൽ ഈയുള്ളവനും ‘വന്ദേമാതരം’ എന്ന ഗാനം പൂർണ്ണമായി പൊതു പരിപാടികളിൽ ആലപിക്കുന്നതിനോട് വലിയ യോജിപ്പില്ല. ആദ്യം ‘വന്ദേമാതരം’ അതിനു പിന്നാലെ ‘ജനഗണമന’ – സ്റ്റേജിൽ വടിപോലെ നിൽക്കുവാൻ ശ്രമിക്കുന്ന പല വന്ദ്യ വയോധികരും തലകറങ്ങി താഴെ പോകുമോ എന്നെനിക്കു തോന്നി.)

അപ്പോൾ നമ്മൾ എന്തു ചെയ്യണം എന്നാണ് മാഷ് പറയുന്നത്…..?’

‘ജനജീവിതം സ്തംഭിപ്പിക്കണം. ബസ്സിനു കല്ലെറിയണം, കടകമ്പോളങ്ങൾ അടപ്പിക്കണം- പോലീസ് ബാരിക്കേഡിനു മുകളിൽ കയറി പോലീസുകാരെ ‘പട്ടികളെ’ എന്നു വിളിക്കണം.

അതുകൊണ്ടൊന്നും അവർ പ്രകോപിതരാകുന്നില്ലെങ്കിൽ, ഏതെങ്കിലും സബ് ഇൻസ്പെക്ടറുടെ കൊങ്ങയ്ക്ക് പിടിക്കണം. അപ്പോൾ അവർ ജലപീരങ്കി ചീറ്റും. പുറകെ ലാത്തി വീശും.

ആരുടെയെങ്കിലും കൈയിൽ ചുവന്ന മഷിക്കുപ്പി കരുതണം- ക്യാമറയുടെ കണ്ണിൽപ്പെടാതെ അതു നിങ്ങളുടെ നേതാവിൻ്റെ ദേഹത്ത് ഒഴിക്കണം. എന്നിട്ട് അവനേയും പൊക്കിയെടുത്ത് കൊണ്ട് ആശുപ്രതിയിലേക്ക് പോകണം. ഒരു വനിതാ നേതാവു കൂടി ഉണ്ടെങ്കിൽ സംഗതി കൊഴുപ്പിക്കാം’-മാഷ് പറഞ്ഞു നിർത്തി.

‘മാഷേ’ ഒരു സംശയം- നിങ്ങളുടെയാരുടേയും മക്കളൊന്നും ഈ സമരത്തിൽ പങ്കെടുത്ത് തല്ലുകൊള്ളാത്തതെന്താ….?’

മാഷ് ഒന്ന് ഇളിച്ചുകാണിച്ചിട്ടു പറഞ്ഞു:

‘എടാ! പൊട്ടാ’ അവരൊക്കെ ഭാവിയിൽ മന്ത്രിമാരാകുവാനുള്ളവരാ- അല്ലാതെ നിന്നേപ്പോലെയൊക്കെ തലയ്ക്കടി വാങ്ങിക്കുവാൻ നടക്കുന്നവരല്ല.

സമരപദ്ധതി പറഞ്ഞതുപോലെ നടപ്പാക്കി. കുറെയെണ്ണം തല്ലുവാങ്ങിച്ചു. ലോകകപ്പ് ജേതാക്കളെ പോലെ അവരെ ‘പോയും പോയും’ വിളിച്ച് മേൽപ്പോട്ടും കീഴ്പ്‌പോട്ടും എറിഞ്ഞ് ആശുപ്രതിയിൽ എത്തിച്ചു.

തന്നെ നടക്കാൻ വയ്യാത്ത നേതാക്കൾ ആശുപ്രതിയിലെത്തി തല്ലുകൊണ്ടവരെ സന്ദർശിച്ച ശേഷം ഒരു പ്രതസമ്മേളനം നടത്തി.

‘ഇത്തരം കാര്യങ്ങളിൽ പ്രതിക്ഷേധിക്കുന്നില്ലെങ്കിൽ പിന്നെ വിദ്യാർത്ഥിയാണോ?’ എന്ന് അദ്ദേഹം ഊന്നി ഊന്നി ചോദിച്ചു.

അതുകേട്ട് താടി നരച്ചുതുടങ്ങിയ വിദ്യാർത്ഥികൾ തല്ലുകൊണ്ട് ഭാഗം തടവികൊണ്ട്, നാളെയും സമരം ചെയ്യുവാനുള്ള ഊർജ്ജം സമ്പാദിക്കുവാൻ വേണ്ടി ഒളിത്താവളങ്ങളിലേക്ക് മടങ്ങി.

**** **** **** ****

                                               അതിനു ശേഷം ഒരു മതപണ്ഡിതൻ തൻ്റെ വിജ്ഞാനം ഒരു പൊതുവേദിയിൽ മൈക്കിലൂടെ വിളിച്ചുപറഞ്ഞു.

‘ സ്ത്രീകൾ പൊതുവേദികളിലും പൊതു സ്ഥലങ്ങളിലും പുരുഷന്മാർക്കൊപ്പം പ്രത്യക്ഷപ്പെടുന്നത് വലിയ നാശത്തിനുള്ള കാരണമാകും. സ്ത്രീകൾ വീടുകളിൽ കഴിയുന്നതിനാണ് മുൻഗണന. ഇതു സ്ത്രീകളെ താഴ്ത്തിക്കെട്ടാനല്ല. മറിച്ച്, സ്വർണ്ണമാല പെട്ടിയിൽ സൂക്ഷിക്കുന്നതുപോലെ അവരെ ആദരിക്കാനും സംരക്ഷിക്കാനുമാണെന്ന് അദ്ദേഹം ഉദാഹരിച്ചു.

പ്രായമുള്ള പണ്ഡിതനല്ലേ? അദ്ദേഹത്തിന്റെ അറിവിനെ നമ്മൾ എന്തിനു ചോദ്യം ചെയ്യണം? ആ സമുദായത്തിൽപ്പെട്ട എത്രയോ സ്ത്രീകൾ പൊതു സമൂഹത്തിൽ മാന്യമായ രീതിയിൽ പുരുഷന്മാരോടൊപ്പം പ്രവർത്തിക്കുന്നു. പണ്ട് കാട്ടിലെ രാജാവായ ഒരു സിംഹം, തന്റെ രാജ്ഞിയായ സിംഹിയോട് പറഞ്ഞതുപോലെ ‘വിട്ടുകള’

**** **** **** ****

                                        പൊതുവെ വലിയ വിവാദങ്ങളിലൊന്നും ഉൾപ്പെടാത്ത ഒരു സഭയുടെ വൈദിക ട്രസ്റ്റി ഈയിടെ ഒരു കാച്ചുകാച്ചി. വിവാഹത്തിനു മുമ്പ് HIV ടെസ്റ്റ് നടത്തണമെന്നുള്ള ലളിതമായ ഒരു ആവശ്യം. വിവാഹത്തിനായി ഇന്നു കൊണ്ടുവരുന്ന ‘ശരീരങ്ങൾ’അത്ര പറ്റിയതല്ലെന്നും, മക്കൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് മാതാപിതാക്കൾ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ കുടുംബ സംഗമത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഏതായാലും പെൺകുട്ടികളുടെ’ കന്യാചർമം’ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ! അത്രേം ആശ്വാസം…!

(ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന പലരുടേയും പേരുകൾ കൂടി എഴുതണമെന്നുണ്ടായിരുന്നു. അതിനു ധൈര്യപ്പെടാത്തത് ജീവനിൽ കൊതിയുള്ളതുകൊണ്ടാണ്.)

(മുൻകൂർ ജാമ്യം: ജിവിച്ചിരിക്കുന്നവരോ, മരിച്ചുപോയവരോ ആരുമായി ഈ ലേഖനത്തിന് ഒരു ബന്ധവുമില്ല).

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ