ആശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും മഹാസമുദ്രത്തിൽ വായനക്കാരുടെ നെഞ്ചിലേക്ക് അമ്പെയ്യുന്ന ഒരു പുതിയ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നഗരത്തിന്റെ മധ്യത്തിലുള്ള ആകാശചതുക്കത്തിൽ, ആധുനികതയുടെ സർവ്വപ്രതാപത്തോടും തിളക്കത്തോടും കൂടി നിന്നിരുന്ന ആ കൂറ്റൻ എൽ.ഇ.ഡി സ്ക്രീൻ ഒടുവിൽ കറുത്തുപോയിരിക്കുന്നു. അതൊരു സാങ്കേതിക തകരാറിന്റെയോ വൈദ്യുതി മുടക്കത്തിന്റെയോ ഉൽപ്പന്നമല്ല; മറിച്ച്, ലോകത്തിന് ഏറ്റുപറയാൻ പുതിയ വ്യാജസത്യങ്ങളോ വിൽക്കാൻ പുതിയ രക്തസാക്ഷിത്വങ്ങളോ ഇല്ലാതായപ്പോൾ, ആ യന്ത്രം തന്നെ ഒരു ദീർഘനിശ്വാസത്തോടെ ചരിത്രത്തിന്റെ അരികിലേക്ക് വഴുതിവീണതാണ്.
മാർഗരറ്റ് യൂർസെനാറുടെയോ ഗബ്രിയേൽ ഗാർസ്യ മാർക്കേസിന്റെയോ താളുകളിലെ മരവിച്ച ഏകാന്തത പോലെ, കാലം അതിന്റെ യാന്ത്രികമായ പരക്കംപാച്ചിലിനിടയിൽ എവിടെയോ വഴിതെറ്റി സ്തംഭിച്ചുപോയിരിക്കുന്നു. ഇവിടെ ആനന്ദിന്റെ കൃതികളിലെ ഗോവർധനെപ്പോലെ, ചരിത്രത്തിന്റെയും അധികാരത്തിന്റെയും ബലതന്ത്രങ്ങളെ അവിശ്വാസത്തോടെ നോക്കിക്കാണുന്ന ഒരു ദാർശനികന്റെ ശൈലിയിൽ വേണം ഈ ശൂന്യതയെ വായിച്ചെടുക്കാൻ.
മക്കളുടെ ഭാവിയിൽ ഡോക്ടർമാരുടെ സ്റ്റെതസ്കോപ്പും എഞ്ചിനീയറുടെ ഹെൽമെറ്റും തിരുകിക്കയറ്റി, സ്വപ്നങ്ങൾ വിറ്റ് ഉറക്കം കെട്ട മാതാപിതാക്കളുടെ കിടപ്പുമുറികളിലെ അവസാന വെളിച്ചവും അണഞ്ഞുപോയിരിക്കുന്നു. അവരുടെ വൈകാരികമായ വിങ്ങിപ്പൊട്ടലുകൾക്ക് മേൽ അജ്ഞാതനായ ഏതോ ഒരു തമ്പുരാൻ കനത്തൊരു ഇരുണ്ട കർട്ടൻ വലിച്ചിട്ടിരിക്കുന്നു. വെള്ളിയാഴ്ചകളിൽ പടിഞ്ഞാറ് തിരിഞ്ഞ്, ഗാസയുടെ കത്തിയെരിയുന്ന ചക്രവാളത്തിലേക്ക് മനംനൊന്ത് പ്രാർത്ഥിച്ചിരുന്ന വിശ്വാസികളുടെ ചുണ്ടുകളിലെ അവസാന പ്രാർത്ഥനാവരിയും ആ മരുഭൂമിയിലെ ഉപ്പിൽ ഉണങ്ങിപ്പോയിരിക്കുന്നു.
ആനന്ദിന്റെ ‘ആൾക്കൂട്ടം’ വരച്ചുകാട്ടുന്ന ആധുനിക മനുഷ്യന്റെ ഏകാന്തതയും നിസ്സംഗതയും പോലെയാണ് ഇവിടുത്തെ സാമൂഹിക ബോധത്തിന്റെ അവസ്ഥ. ഈ നാടിന്റെത് ഒരു പ്രത്യേകതരം മാനവികതയാണ്; അധികാരത്തിന്റെ കാറ്റ് എങ്ങോട്ടാണോ തിരിയുന്നത്, അങ്ങോട്ടേക്ക് തൂവിത്തെറിക്കുന്ന ഒരു പ്രത്യേകതരം സവാരിഗിരിഗിരി! പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് ആത്മാർത്ഥമായി ഇറങ്ങിച്ചെല്ലാൻ ആർക്കും സമയമില്ല. സുഡാനിലെയും റോഹിങ്യയിലെയും ഉയിഗുറിലെയും മനുഷ്യരുടെയും വേദനകൾ മാത്രം എങ്ങനെയാണ് ഈ പൊതുബോധത്തിന്റെ കാഴ്ചവട്ടത്തിൽ നിന്നും മറഞ്ഞുപോകുന്നത്? പാലസ്തീൻ പോലെതന്നെ വേദനിപ്പിക്കുന്നതല്ലേ സുഡാനും, കുർദുകളും, റോഹിംഗ്യകളും, നൈജീരിയൻ ബോക്കോ ഹറം അക്രമങ്ങളും, ബംഗ്ലാദേശ് മൈനോറിറ്റി അറ്റാക്കുകളും?
അതിൽ മീഡിയകളുടെയും ബുദ്ധിജീവികളുടെയും സെലിബ്രിറ്റീസിന്റെയും സെലക്ടീവ് അമ്നീഷ്യ (Selective Amnesia) ആണ് ഒരു ചിന്തിക്കുന്ന മനുഷ്യനെന്ന നിലയിൽ എന്നെ ആഴത്തിൽ വേദനിപ്പിക്കുന്നത്. സദ്ദാമിന്റെ രണ്ടു പതിറ്റാണ്ടിലെ നരഹത്യകൾ മുതൽ തുർക്കിയുടെ എർദുഗാൻ നടപ്പിലാക്കുന്ന അധികാര രാഷ്ട്രീയങ്ങൾ വരെ എത്ര സൗകര്യപൂർവ്വമാണ് നമ്മൾ മറന്നു കളയുന്നത്! സമയം കിട്ടുമ്പോൾ ‘Turkey’s aggression towards Kurds’ ഒന്ന് സെർച്ച് ചെയ്തു നോക്കൂ; അതുപോലെ ‘Nigerian ethnic and religious clashes’ ഉം.
അടിച്ചമർത്തലും ഉന്മൂലനവും ആരു ചെയ്താലും—അത് ഇസ്രയേൽ ആയാലും ചൈന ആയാലും ഇറാൻ ആയാലും മ്യാൻമാർ ആയാലും തുർക്കി ആയാലും—അത് മനുഷ്യത്വവിരുദ്ധമാണ്. എന്നാൽ, വിപ്ലവത്തിനു വേണ്ടി വെള്ളം കോരിയവരും വിറകുവെട്ടിയവരും മനുഷ്യത്വത്തിന്റെ കാപട്യങ്ങൾ കണ്ട് ശ്വാസംമുട്ടിയവരുമൊക്കെ ഇന്ന് മൗനത്തിന്റെ വാല്മീകങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്നു. ‘വിപ്ലവം’ എന്ന് കേട്ടാൽ അഭിമാനപൂരിതമാകുന്ന അന്തരംഗവും, ‘സുഡാൻ’ എന്ന് കേട്ടാൽ പഞ്ഞിപോലെ പറന്നുപോകുന്ന പിന്തിരിപ്പൻ ചിന്തകളുമാണ് ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ ഗതികേടായി മാറിയിരിക്കുന്നത്.
പട്ടിണിയും തൊഴിലില്ലായ്മയും മാറേണ്ടതില്ല, യുദ്ധങ്ങൾ തുടരട്ടെ! ദരിദ്രർ ഇനിയും നശിച്ചുപോട്ടെ, യുദ്ധങ്ങൾ നിർബാധം തുടരട്ടെ! വെയിലും മഴയും മഞ്ഞും കൊണ്ട് മനുഷ്യർ തെരുവുകളിൽ അലഞ്ഞുതിരിയട്ടെ, യുദ്ധത്തിനുവേണ്ടി മാത്രം കോടികൾ തുലാസിൽ തൂക്കിക്കൊണ്ടേയിരിക്കാം! മനുഷ്യന്റെ യാന്ത്രികമായ ഈ ആർത്തിക്ക് മുന്നിൽ ഗോവർധന്റെ യാത്രകൾ അവസാനിക്കുന്നില്ല; അവിടെ നിശബ്ദതയുടെ പുതിയ തിയേറ്ററുകൾ വീണ്ടും
ചരിത്രം എപ്പോഴും ആവർത്തിക്കപ്പെടുന്നുണ്ട്. ഡൽഹി ജന്തർമന്തറിലെ പ്രക്ഷോഭകർക്ക് ദാഹമകറ്റാൻ കുടിവെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്ത സന്നദ്ധപ്രവർത്തകൻ മുഹമ്മദ് ജുനൈദിന്റെ കുടുംബാംഗങ്ങളെ ഉത്തർപ്രദേശ് പോലീസ് രാത്രിയുടെ മറവിൽ കസ്റ്റഡിയിലെടുത്ത വാർത്ത നാം കാണുന്നു. കുറ്റവാളികളെ പിടികൂടേണ്ട ഭരണകൂടം, വിശപ്പകറ്റാൻ ഇറങ്ങിതിരിച്ചവരുടെ വീടുകളിൽ കയറി രേഖകൾ പിടിച്ചെടുക്കുകയും പ്രായപൂർത്തിയാകാത്തവരെ പിടികൂടുകയും ചെയ്യുമ്പോൾ, ജനാധിപത്യം അതിന്റെ ഏത് അന്തകറക്കത്തിലാണ് എത്തിനിൽക്കുന്നത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സന്നദ്ധപ്രവർത്തകരെ വേട്ടയാടുന്ന ഈ ഭീകരതയ്ക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും രണ്ടാമതൊരു ജന്തർമന്തർ തീർക്കുമെന്നും മുന്നറിയിപ്പ് വരുമ്പോൾ, വായുവിൽ ഇപ്പോഴും കനത്ത പുകയുടെ ഗന്ധമുണ്ട്.
അവർക്കുവേണ്ടി കുരിശുചുമക്കാൻ പലരും തയ്യാറാണ്; പക്ഷേ, ചുമക്കാൻ ഒരു കുരിശുപോലും ഇന്ന് ബാക്കിയില്ല! കാരണം, അതെല്ലാം ആധുനിക യൂദാസുമാർ നേരത്തെതന്നെ കമിഴ്ത്തിക്കഴിഞ്ഞിരുന്നു. അധികാരത്തിന്റെ മേശപ്പുറങ്ങളിൽ ചതിയുടെ നാണയങ്ങൾ എണ്ണിയെണ്ണി പെറുക്കിയെടുത്ത യൂദാസുകൾ, മനുഷ്യന്റെ സകല യാതനകളെയും ഒരു ചന്തക്കച്ചവടമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു.
എന്നാൽ ഓർക്കുക; ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിൽ യൂദാസുമാർ കുരിശുകൾ കമിഴ്ത്തിവെച്ച് വിജയം ആഘോഷിക്കുമ്പോഴും, ചവിട്ടിമെതിക്കപ്പെട്ടവരുടെ തൊണ്ടക്കുഴികളിൽ നിന്ന് മായാത്ത തീനാളങ്ങൾ പോലെ ആ പാട്ടുകൾ ഉയർന്നുവന്നുകൊണ്ടിരിക്കും. യാതൊരുവിധ മീഡിയാ വെളിച്ചവുമില്ലാത്ത, അധികാരത്തിന്റെ പടവുകൾ താങ്ങാത്ത ആ സാധാരണ മനുഷ്യരുടെ ചുവടുകൾ ഒടുവിൽ ഭൂമിയുടെ അടിയാഴങ്ങളിൽ തീപടർത്തുക തന്നെ ചെയ്യും.
അവിടെ യാന്ത്രികമായ എൽ.ഇ.ഡി സ്ക്രീനുകളുടെ കറുത്ത നിശബ്ദത തകർക്കപ്പെടും; കപടതയുടെയും സെലക്ടീവ് അമ്നീഷ്യയുടെയും കോട്ടമതിലുകൾ വിറകൊള്ളും. ചോരയും വിയർപ്പും കൊണ്ട് പടുത്തുയർത്തിയ ആ പുതിയ പ്രഭാതത്തിൽ, ജൈവമനുഷ്യന്റെ ജീവന്റെ തുടിപ്പുകൾ ചരിത്രത്തിന്റെ പുതിയ രഥചക്രങ്ങളായി ആകാശത്തേക്ക് ഉയർന്നുകയറുക തന്നെ ചെയ്യും. തീർച്ച!



