ഓണം പ്രമാണിച്ച് രുചിപ്രദമായ ഒരു കടലപ്രഥമൻ ആണ് ഞാൻ ഉണ്ടാക്കുന്നത്🥰
അപ്പോ തുടങ്ങിയാലോ!
ചേരുവകൾ
കടലപരിപ്പ് 500 Gm
മറയൂർ ശർക്കര 1Kg
ചവ്വൗരി 50Gm
മിൽക്ക് മെയ്ഡ് 100Gm
പച്ചരി ഒരു ചെറിയ ഗ്ലാസ്സ്
നെയ്യ് 200 Gm
തേങ്ങ -3 എണ്ണം
കശുവണ്ടി 100 Gm
തേങ്ങാ കൊത്ത് ആവശ്യത്തിന്.
ചുക്കുപൊടി അല്പം.
ഉണ്ടാക്കുന്നവിധം
ഉരുളി ചൂടാക്കി നെയ്യ് ഒഴിക്കുക. കഴുകി വൃത്തിയാക്കി കുക്കറിൽ 3 വിസിലടിച്ച് വേവിച്ച കടലപ്പരിപ്പിൽ ഒരു കപ്പ് മാറ്റി വച്ചിട്ട്, ബാക്കിയുള്ളത് മിക്സിയിൽ ക്രഷ് ചെയ്ത് എടുത്തതിനുശേഷം ഉരുളിയിൽ ഇട്ട് വഴറ്റുക. കൂട്ടത്തിൽ വേവിച്ച് വച്ചിരിക്കുന്ന ചൗവ്വരി ചേർത്ത് ചട്ടുകം കൊണ്ട് നന്നായി ഇളക്കുക. പാകമാകുമ്പോൾ ശർക്കരപാനി ചേർത്ത് ഇളക്കുക. അതിന് ശേഷം മൂന്നാം പാൽ ഒഴിച്ച് കൈ വിടാതെ ഇളക്കുക. കുറുകി വരുമ്പോൾ രണ്ടാം പാൽ ഒഴിക്കുക. ഈ സമയത്ത് വെള്ളത്തിൽ ഇട്ടു വച്ചിരുന്ന പച്ചരി മിക്സിയിൽ അടിച്ച് കുഴമ്പു പോലെ ചേർത്തു ഇളക്കുക. വീണ്ടും കുറുകി വരുമ്പോൾ മിൽക്ക് മെയ്ഡ്( നിർബന്ധമില്ല. ചേർത്താൽ സ്വാദ് കൂടും) ചേർത്തു കൊടുക്കുക. അതോടൊപ്പം വേവിച്ച് മാറ്റിവച്ചിട്ടുള്ള ഒരു കപ്പ് കടലപരിപ്പുകൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. അത് കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത് വേഗം ഒന്ന് ഇളക്കി കൊടുത്തിട്ട് വാഴയില കൊണ്ട് മൂടിവയ്ക്കുക. അതിനു ശേഷം ചീനച്ചട്ടിയിൽ നെയ്യൊഴിച്ച് തേങ്ങാക്കൊത്തും കശുവണ്ടി പരിപ്പും വറുത്ത് കോരിയിട്ട് പ്രഥമനിൽ ഇടുക. അവസാനം അല്പം ചുക്കുപൊടിയും തുവി ഇളക്കി വയ്ക്കണം. സ്വാദിഷ്ടമായ കടല പ്രഥമൻ റെഡിയായി കഴിഞ്ഞു.
ഓണസദ്യക്ക് വിളമ്പാൻ രുചിയേറിയ ഒരു പ്രഥമൻ കൂടിയാണിത്. എല്ലാവരും ഒന്ന് ട്രയ് ചെയ്യണേ🥰



