Saturday, August 22, 2026
Homeഅമേരിക്കഓണം...എൻ്റെ ഓർമ്മയിൽ ✍ പ്രേമലീല

ഓണം…എൻ്റെ ഓർമ്മയിൽ ✍ പ്രേമലീല

ആവണിത്തെന്നലും സ്വർണ്ണ വെയിൽ നാളങ്ങളും മനസ്സിന് എന്നും കുളിർമ്മ തന്നെയാണ്.എത്ര തിരക്കേറിയ ആധുനിക ജീവിതത്തിനിടയിലും തിരിഞ്ഞ് നോക്കുമ്പോൾ സ്കൂൾ പഠന കാലത്തുള്ള ഓണക്കാലം ഒരു സുന്ദര സ്വപ്നമായി മനസ്സിൽ തെളിയുന്നു.ഗൃഹാതുരത്വമുണർത്തുന്ന ആ നല്ല നാളുകൾ മായാത്ത ഓർമ്മ തന്നെ.

അത്തം വരാനായി ഞങ്ങൾ കുട്ടികൾ കാത്തിരിക്കും.ഒരാഴ്ച മുൻപ് തന്നെ ചിന്ന എന്നൊരു മുത്തശ്ശി കുട്ടികൾ ഉള്ള എല്ലാ വീടുകളിലും കൈതയുടെ ഓല കൊണ്ട് ഉണ്ടാക്കിയ പൂക്കൂട എത്തിക്കും. ഒരു കുന്നിൻ്റെ മുകളിലായിരുന്നു ഞങ്ങളുടെ സ്കൂൾ.സ്കൂളിന് ചുറ്റുമതിൽ ഒന്നും ഉണ്ടായിരുന്നില്ല.വേലിയരികിൽ കണ്ണെത്താ ദൂരത്ത് നിറഞ്ഞ് നിൽക്കുന്ന അരിപ്പൂവ്,പാറയിടുക്കിൽ തുമ്പപ്പൂവ്, വയലറ്റ് നിറത്തിൽ പുഞ്ചിരി തൂകി നിൽക്കുന്ന (വേനൽ പച്ച എന്ന ചെടിയുടെ) പൂവ് എല്ലാം പറിക്കും.ജമീലയും, ഉമ്മു സൽമയും,ആയിഷയും ഒക്കെ എനിക്ക് പൂക്കൾ പറിച്ചു തരുന്നത് കൊണ്ട് എനിക്കാണ് കൂടുതൽ പൂക്കൾ കിട്ടുന്നത്. ഇതൊക്കെ പിറ്റേന്ന് പൂക്കളം ഇടാനായി എടുത്ത് വെക്കും. ഇതും പോരാഞ്ഞിട്ട് അതിരാവിലെ എഴുന്നേറ്റ് അയൽവക്കത്തുള്ള കൂട്ടുകാരുമൊത്ത് പാടവരമ്പത്തും, റെയിൽ ഓരത്തും ഒക്കെ പോയി പൂക്കൾ പറിക്കും.കുഞ്ഞു വെള്ളരിപ്രാവുകളെ പോലെ മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തുമ്പപ്പൂവ് ഇഷ്ടം പോലെ പറിക്കും.കമ്മൽ പോലെയുള്ള മുക്കുറ്റിപ്പൂവ്, തകര യുടെ പൂവ്,കാക്കപ്പൂവ്, എല്ലാം തള്ളവിരലും,ചൂണ്ടുവിരലും കൊണ്ട് പൂവിന് നോവാതെ പറിച്ചെടുക്കും.പൂവട്ടി നിറയുമ്പോൾ അതിൻ്റെ ചരട് പിടിച്ച് ചുഴറ്റും. അപ്പോൾ പൂക്കൾ പൂവട്ടിയുടെ അടിയിലേക്ക് താഴും. പൂവേ പൊലി പാടിക്കൊണ്ട് വീണ്ടും പറിച്ച് പൂവട്ടി നിറക്കും. പൂക്കൾ പറിച്ച് വീട്ടിൽ എത്തുമ്പോഴേക്ക് അമ്മ മുറ്റം ചാണകം തേച്ച് മുക്കുറ്റി വെച്ച് വീട്ടിൽ ഉള്ള മത്തൻ,കുമ്പളം എന്നിവയുടെ പൂവ്,ചെമ്പരത്തി പൂവ് ഒക്കെ ഇട്ടിട്ടുണ്ടാകും. ബാക്കി കൂടി ഞങ്ങൾ ഇട്ട് വലിയ പൂക്കളം ഉണ്ടാക്കും.

ഉത്രാടത്തിൻ്റെ അന്ന് ഉച്ചക്ക് അച്ഛൻ മണ്ണ് കുഴച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കും.വലിയത് ഒന്ന്, ചെറുത് ആറെണ്ണം ഉണ്ടാക്കും. വൈകുന്നേരം ചാണകം മെഴുകിയ മുറ്റത്ത് അരിമാവ് കൊണ്ട് അണിഞ്ഞ് അതിൽ നാക്കില വെച്ച് തൃക്കാക്കരയപ്പനെ വെക്കും.ചുറ്റും നാല് ചെറുതും വെക്കും. ചെറുത് ഒരെണ്ണം നാക്കിലയിൽ പിടിക്കലും,ഒരെണ്ണം കിണറിന് അടുത്തും വെക്കും.

തൃക്കാക്കരയപ്പൻ്റെ നിറുകയിൽ തെച്ചിപ്പൂവ്,തുളസി,കൃഷ്ണ കിരീടം (തോട്ട കിരീടം) എന്നീ പൂക്കൾ വെക്കും.കോടിമുണ്ടിൽ നിന്ന് ഒരു നൂൽ എടുത്ത് തൃക്കാക്കരയപ്പനെ കോടി ഉടുപ്പിക്കും.അപ്പോഴേക്ക് അമ്മ നേദിക്കാനുള്ള അട തയ്യാറാക്കും. ഞങ്ങൾ തൃക്കാക്കരയപ്പനെ പൂജിക്കും.

തിരുവോണത്തിന് വിഭവസമൃദ്ധമായ സദ്യയാണ്.രണ്ട് മൂന്ന് ദിവസം മുൻപ് തന്നെ അമ്മ അച്ചാറും,പുളിയിഞ്ചിയും ഉണ്ടാക്കി വെക്കും, നേന്ത്ര കായ കൊണ്ട് വറുത്തുപ്പേരിയും ശർക്കര ഉപ്പേരിയും അച്ഛൻ ഉണ്ടാക്കും.(ഇതിൻ്റെ തൊലി എടുത്ത് പിറ്റേന്ന് വൻപയർ ചേർത്ത് മെഴുക്ക് പുരട്ടി ഉണ്ടാക്കും) നേന്ത്രപ്പഴക്കുല മച്ചിൽ കെട്ടി തൂക്കും.

ഓണക്കോടി കിട്ടുന്നത് വലിയ സന്തോഷമായിരുന്നു.വർഷത്തിൽ ഒരിക്കൽ മാത്രമാണ് അക്കാലത്ത് പുതിയ വസ്ത്രങ്ങൾ കിട്ടുന്നത്.രണ്ട് ജോഡി വാങ്ങിത്തരും.തിരിച്ചും മറിച്ചും അതിൻ്റെ ഭംഗി നോക്കി മരത്തിൻ്റെ ഒരു പെട്ടിയിൽ സൂക്ഷിച്ച് വെക്കും.

തിരുവോണത്തിന് രാവിലെ നേന്ത്രപ്പഴം പുഴുങ്ങും.അമ്മയും മുത്തശ്ശിയും ചേർന്ന് അടുക്കളയിൽ ഒരുക്കുന്ന കറികളുടെ മണം വീട് ഒട്ടാകെ നിറഞ്ഞ് നിൽക്കും.എല്ലാവരും നിലത്ത് ചമ്രം പടിഞ്ഞ് ഇരുന്ന് ആണ് ഊണ് കഴിക്കുക.പാൽപ്പായസം ഒക്കെ ഇലയിൽ വിളമ്പിയാണ് കഴിച്ചിരുന്നത്.ഓണസദ്യ എന്നത് കേവലം രുചി മാത്രമല്ല,സ്നേഹത്തിൻ്റെ വിളമ്പൽ കൂടിയായിരുന്നു അത്.സദ്യ കഴിഞ്ഞാൽ പിന്നെ മുറ്റത്തും പറമ്പിലും ഒക്കെ ഓണക്കളികളുടെ പൂരമാണ്.

അടുത്തുള്ള എച്ച്മു അമ്മയുടെ(ലക്ഷ്മി അമ്മ) വീട്ടിലാണ് കൈകൊട്ടിക്കളി.തുമ്പി തുള്ളലും ഉണ്ടാകും. ഊണ് കഴിഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് പോകും. എല്ലാവരും കൂടി മുറ്റത്ത് വട്ടത്തിൽ നിന്ന് കൈകൊട്ടിക്കളി തുടങ്ങും. വട്ടത്തിൽ കുഴി കുത്തി നീളത്തിൽ തടമിട്ടിട്ടങ്ങനെ പാകണം ചെഞ്ചീര…….എന്ന പാട്ടും,അടിച്ചു മാടിയ മണപ്പുറത്ത് മുളച്ചു പൊങ്ങിയ കുമ്പളം… എന്ന പാട്ടും, ഓമനക്കുട്ടൻ ഗോവിന്ദൻ ബലരാമനെ കൂടെ കൂടാതെ…..ഇതൊക്കെ ഇപ്പോഴും നാവില് തത്തിക്കളിക്കുന്നു.

ഓണം എന്നും സന്തോഷം തന്നെ.ദേശങ്ങളും കടലുകളും കടന്ന് ഇതൾ വിരിഞ്ഞ് പരക്കുന്ന സുഗന്ധം.ഇപ്പൊൾ കാലം മാറി.ഗ്രാമങ്ങളിൽ പോലും വാങ്ങുന്ന പൂക്കൾ കൊണ്ടാണ് പൂക്കളമിടുന്നത്.തുമ്പപ്പൂവ് കാണാനേ ഇല്ല.സദ്യ ഓർഡർ ചെയ്ത് വാങ്ങുന്നു.എങ്കിലും ഓണം മലയാളി മനസ്സുകളിൽ ഒരു സന്തോഷം തന്നെയാണ്.

പ്രേമലീല✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ