Friday, December 12, 2025
Homeഅമേരിക്കഓണം എന്ന സങ്കൽപം മനസ്സിൽ ഇല്ലാത്ത മലയാളികൾ ഉണ്ടോ?.... (ലേഖനം) ✍ ശ്യാമള ഹരിദാസ്

ഓണം എന്ന സങ്കൽപം മനസ്സിൽ ഇല്ലാത്ത മലയാളികൾ ഉണ്ടോ?…. (ലേഖനം) ✍ ശ്യാമള ഹരിദാസ്

ഓണം എന്ന സങ്കൽപം മനസ്സിൽ ഇല്ലാത്ത മലയാളികൾ ഉണ്ടോ?…. ഓണത്തെ പറ്റി ഒരു ലേഖനമോ, കഥയോ, കവിതയോ,അവതരിപ്പിക്കാത്തവർ ഉണ്ടാകില്ല എന്നാണ് എന്റെ തോന്നൽ. മനസ്സിലെങ്കിലും ഈ കേരളീയോത്സവത്തെ പറ്റി രണ്ടു വാക്കെങ്കിലും കുറിച്ചിടാത്തവർ കേരള മണ്ണിൽ ഉണ്ടാകില്ല. ഓണത്തെ പറ്റി കവിത എഴുതുന്നവർ ആയിരങ്ങളാണ്. ഓണം നമ്മുടെയെല്ലാം വികാരങ്ങളല്ലേ?.. ആ വികാരത്തിന്റെ കുത്തൊഴുക്കാണ് കവിത എന്നാണ് “വേർഡ്സ് വെർത്ത് ” പറഞ്ഞിരിക്കുന്നത്.

ഓണം എന്ന ആഘോഷം ശങ്കരകവിയുടെ “മാവേലി ചരിതം ” എന്ന കാവ്യത്തിൽ നിന്നും രൂപപ്പെട്ടതാണ്. മലയാള സാഹിത്യത്തിൽ ഓണവും, വിഷുവും (പലരീതിയിലും) കാവ്യമായും, പാട്ടായും, കഥയായും, ലേഖനമായും പലരീതിയിലും എഴുതുകയും, ആലപിക്കയും ചെയ്തിട്ടുണ്ട്. കുമാരാനാശാന്റെ ഉൾനാട്ടിലെ ഓണം, ജി. ശങ്കരക്കുറുപ്പിന്റെ ഓണപ്പൂക്കൾ എന്ന കവിതയും, ബാലാമണി അമ്മ, ലളിതാംബിക അന്തർജ്ജനം, ചങ്ങമ്പുഴ, എന്നിങ്ങനെ ഏത്ര എത്ര കവികൾ ഓണത്തെ കുറിച്ച് എഴുതിയിട്ടുണ്ട്.

പി. കുഞ്ഞിരാമൻ നായരാണ് ഓണത്തെ ക്കുറിച്ച് ഏറ്റവും കൂടുതൽ കവിത എഴുതിയ ആൾ.

ഓണം സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും നല്ല ചിന്തകൾ ഉണർത്തുന്നു. ഓണത്തിന് പൂക്കള മൊരുക്കാനും, മാതേവർ വച്ചു പൂജിക്കാനും ഓണസദ്യ
ഒരുക്കാനും മാലയാളി മങ്കമാർ കാത്തിരിക്കയാണ്. തിരുവോണം ദിവസം മാവേലി തമ്പുരാൻ പാതാളത്തിൽ നിന്നും തന്റെ പ്രജകളെ കാണാനായി ഭൂമിയിലേയ്ക്ക് എത്തുമെന്നാണ് സങ്കൽപം. ഓണത്തിന് ഓണക്കോടിയുടുത്തു ഓണ സദ്യയും കഴിഞ്ഞ് മങ്കമാർ ഒന്നിച്ചു ചേർന്ന് കൈകൊട്ടി കളി, കുമ്മിയടി, പുലി കളി. എന്നിങ്ങനെ പലവിധ കളികളും കൊണ്ട് ഓണം ആനന്ദപൂർണ്ണമാക്കുന്നു. ആനന്ദത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനങ്ങൾ അവിടെ കളിയാടുന്നു.

പുതുനെല്ല് കുത്തി അരിയാക്കി ഓണം ഉത്രാടം ദിവസം പുത്തിരി കഴിക്കുന്നു. ഉത്രാടം ദിവസം പാണ സമുദായത്തിൽ പെട്ടവർ രാത്രി വീടുകൾ തോറും കയറി തുയിലുണർത്ത് പാട്ട് പാടുന്നു. ശിവ പാർവ്വതിമാരെ കുറിച്ചാണ് പാടുക. അതിന്‌ അവർക്ക് പ്രത്യേക അവകാശങ്ങളും ഉണ്ട്.

അത്തം ദിവസം മുതൽ കുട്ടികൾ പുലരുമ്പോഴേയ്ക്കും വർണ്ണ പുഷ്പങ്ങൾ തേടി നടക്കും. മുറ്റത്ത് അതിഗംഭീരമായ പൂക്കളമൊരുക്കും.

ഊഞ്ഞാലാട്ടം, തലപ്പന്തുകളി, വള്ളം കളി എന്നിവയും ഓണവിനോദങ്ങളിൽ
പെടുന്നവയാണ്. പിന്നെ ഓണവട്ടി കൊണ്ടുവരുക എന്നൊരു ചടങ്ങും നായന്മാരുടെ ഇടയിൽ നിലനിന്നിരുന്നു. ഓണത്തെ പറ്റി പല കഥകളും നമ്മൾ കേട്ടിട്ടില്ലേ?..

കാണം വിറ്റും ഓണം ഉണ്ണണം എന്നൊരു പഴഞ്ചൊല്ല് ഉണ്ട്. മാവേലി നാടു വാണിടും
കാലം മാനുഷരെല്ലാം ഒന്നുപോലെ എന്ന് നമ്മൾ പഠിച്ചിട്ടില്ലേ?

ശ്രീമതി ആനി ജോർജ്ജിന്റെ നാലുവരി കവിത നിങ്ങളെല്ലാവരും കെട്ടിട്ടുണ്ടാകുമല്ലേ?..
“അക്കിളിയെന്തെ ചൊല്ലുന്നു
കൊയ്യാനില്ല പാടങ്ങൾ
പിന്നെയെങ്ങിനെ പുത്തിരിയുണ്ണാൻ
നാടനിരക്കെയലഞ്ഞു
നടന്നിട്ടയ്യോ
പൂ കിട്ടിയില്ല, ഊഞ്ഞാലാടാൻ മരവുമില്ല. ഇന്നിന്റെ നേർരേഖയാണ് കവയിത്രി ഇവിടെ വർണ്ണിച്ചിരിക്കുന്നത്.

മഹാബലി ചക്രവര്‍ത്തി തന്‍റെ പ്രജകളെ സന്ദര്‍ശിക്കുന്ന സവിശേഷസന്ദര്‍ഭത്തിന്‍റെ പ്രതീകമാണല്ലോ ഓണം. തിരുവോണനാളില്‍ തങ്ങളുടെ മഹാരാജാവിനെ വരവേല്‍ക്കുന്ന മലയാളികള്‍ക്കു മുഴുവനും പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം ആഹ്ളാദഭരിതമായ കാലമാണ്.

വിളവെടുപ്പിന്‍റെ ഒരുത്സവമായും ഓണം അറിയപ്പെടുന്നുണ്ട്.

മഹാനായ അസുരസാമ്രാട്ടായിരുന്ന മഹാബലി പാതാളലോകത്തില്‍നിന്ന് തന്‍റെ രാജ്യത്തിലേക്കു തിരിച്ചുവരുന്നതിന്‍റെ സ്മരണയ്ക്കായി ആഘോഷിക്കപ്പെടുന്നതാണ് ഓണം.

പ്രഹളാദൻ്റെ പൗത്രനായ മഹാബലി ജ്ഞാനത്തെ ആദരിച്ചിരുന്ന അതിശക്തനും പണ്ഡിതനുമായ മഹാരാജാവായിരുന്നു. ഒരിക്കല്‍ മഹാബലി ഒരു യജ്ഞം ആചരിച്ചുകൊണ്ടിരിക്കെ, ഹ്രസ്വകായനും തേജസ്വിയുമായൊരു ബാലന്‍ യജ്ഞശാലയില്‍ പ്രവേശിച്ചു. ആചാരപ്രകാരം മഹാബലി ഈ തേജസ്വിയായ ചെറുപ്പക്കാരനെ സ്വാഗതം ചെയ്ത് അവനെന്താണു വേണ്ടതെന്നു ചോദിച്ചു. തന്‍റെ കാല്‍ച്ചുവടുകൊണ്ട് അളക്കാവുന്ന മൂന്നടി സ്ഥലം തരണമെന്നാണ് ആ ബാലന്‍ അപേക്ഷിച്ചത്.

ഈ അതിഥി സാക്ഷാല്‍ മഹാവിഷ്ണുവല്ലാതെ മറ്റാരുമല്ലെന്ന് തന്‍റെ ഗുരുവായ ശുക്രാചാര്യര്‍ അപായസൂചന നല്‍കിയിട്ടുപോലും ഗുരുവിനെ നിരാശപ്പെടുത്തിക്കൊണ്ട് മഹാബലി ഉടന്‍തന്നെ ബാലന്‍റെ അപേക്ഷ സ്വീകരിച്ചു.

മൂന്നടി സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ട ഉടന്‍ വാമനന്‍ എന്നു പേരായ ആ കൊച്ചുബാലന്‍ ത്രിവിക്രമന്‍ എന്നറിയപ്പെടുന്ന ഭീമാകാരമായ രൂപമെടുത്തുകൊണ്ട് തന്‍റെ ആദ്യചുവടില്‍ ഭൂമിയെ മുഴുവനായും അളന്നു. അതിനുശേഷം രണ്ടാം ചുവടില്‍ ആകാശത്തെയും മുഴുവനായി അളന്നു. ഈ രണ്ടു ചുവടുകൊണ്ടുതന്നെ മഹാബലിയുടെ സാമ്രാജ്യം മുഴുവനായും – ഭൂമിയും ആകാശവും – അളക്കപ്പെട്ടുകഴിഞ്ഞു. മൂന്നാം ചുവട് എവിടെയാണു വെക്കേണ്ടതെന്ന് വാമനന്‍ മഹാബലിയോടു ചോദിച്ചു.

വിഷ്ണുഭക്തരില്‍വെച്ചേറ്റവും ശ്രേഷ്ഠനായ പ്രഹ്ലാദന്‍റെ പൗത്രനായ മഹാബലി ചക്രവര്‍ത്തി, മൂന്നാം ചുവടു വെക്കുവാനായി തികഞ്ഞ ഭക്തിയോടെയും സമര്‍പ്പണഭാവത്തോടെയും തന്‍റെ ശിരസ്സ് ആനന്ദപൂര്‍വ്വം വാഗ്ദാനം ചെയ്തു.

അദ്ദേഹത്തിന്‍റെ സമര്‍പ്പണഭാവത്തിന്‍റെ അംഗീകാരമെന്ന നിലയില്‍ മഹാവിഷ്ണു അദ്ദേഹത്തെ അടുത്ത മന്വന്തരത്തില്‍ ഇന്ദ്രനായി വാഴിക്കാമെന്നനുഗ്രഹിച്ചുകൊണ്ട് പാതാളത്തിലേക്കു പറഞ്ഞയച്ചതോടൊപ്പം പാതാളത്തിന്‍റെ കവാടത്തിന് താന്‍ സ്വയം കാവല്‍ നില്‍ക്കുമെന്നും വാഗ്ദാനം ചെയ്തു. കൂടാതെ പ്രജകളുടെ അപേക്ഷ മാനിച്ചുകൊണ്ട് മഹാവിഷ്ണു മഹാബലിക്ക് വര്‍ഷത്തിലൊരിക്കല്‍ പ്രജകളോടൊത്തുചേരുന്നതിനായി പാതാളത്തില്‍നിന്നും തന്‍റെ രാജ്യത്തിലേക്കു തിരിച്ചുവരുവാനുള്ള അനുവാദം നല്‍കി. ആ ദിവസമാണ് ഓണമായി ആഘോഷിക്കപ്പെടുന്നത്.

വടക്ക് മുതല്‍ തെക്ക് വരെ കേരളം ആഘോഷദിനങ്ങളാല്‍ ഉണരും കാലമാണ് ഓണദിനങ്ങള്‍. പൂക്കളങ്ങളും നാടന്‍ കളികളും ഓണാഘോഷങ്ങളുമായി നാടും നഗരവും ഉണരും കാലം. ഈ സമയം കേരളം സന്ദര്‍ശിക്കുന്നവര്‍ക്ക് മലയാളത്തനിമയുടെയും സംസ്‌ക്കാരത്തിന്റേയും നേരനുഭവം അടുത്തറിയാം.

ശ്യാമള ഹരിദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com