പത്തനംതിട്ട ആർ.ടി.ഒ. ഓഫീസിൽ നിന്നും അനുവദിക്കേണ്ടിയിരുന്ന ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ വിവിധ സേവനങ്ങൾക്ക് നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ വ്യാജമായി ഡ്രൈവിംഗ് ലൈസൻസുകളും രേഖകളും തയ്യാറാക്കി നൽകിയ കേസിൽ ആർ.ടി.ഒ. ഏജന്റായ പത്തനംതിട്ട അടൂർ സ്വദേശി മുഹമ്മദ് ഷഫീക്ക്.എ (വയസ്-47) നെ കുറ്റക്കാരനായി കണ്ടെത്തി കൊല്ലം വിജിലൻസ് കോടതി ഇന്ന് (30.09.2026) ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി ആകെ 28 വർഷം കഠിന തടവിനും 2,50,000/- പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്.
2008-2009 കാലഘട്ടത്തിൽ മുൻ പത്തനംതിട്ട ആർ.ടി.ഒ യും, ആർ.ടി.ഒ. ഏജന്റായ ഷഫീക്കും മറ്റൊരു ഏജന്റു ചേർന്ന് ഡ്രൈവിംഗ് ലൈസൻസ് പുതുതായി നേടുന്നതിനും, ലൈറ്റ് മോട്ടർ വെഹിക്കിൾ, ഹെവി പാസൻജർ വെഹിക്കിൾ ലൈസൻസുകൾ, ബാഡ്ജ് എന്നിവ ഡ്രൈവിംഗ് ലൈസൻസിൽ കൂട്ടിച്ചേർക്കുന്നതിനും, വിലാസം മാറ്റുന്നതിനുമായി എത്തിയ അപേക്ഷകരിൽ നിന്ന് പണം കൈപ്പറ്റി,
ഡ്രൈവിംഗ് ടെസ്റ്റോ മറ്റ് നിയമാനുസൃത നടപടിക്രമങ്ങളോ നടത്താതെ ലൈസൻസ് ലഭ്യമാക്കിയതിനും, ഈ ആവശ്യത്തിലേക്ക് വ്യാജ രേഖകൾ തയ്യാറാക്കിയതിനും വിജിലൻസ് ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയായിരുന്ന മുൻ പത്തനംതിട്ട ആർ.ടി.ഒ കേസിന്റെ വിചാരണ വേളയിലും, മൂന്നാം പ്രതിയായ ഒരു ഏജന്റ് കേസിന്റെ അന്വേഷണ മദ്ധ്യേയും മരണപ്പെട്ടിരുന്നു. ഈ കേസിലാണ് ആർ.ടി.ഒ ഏജന്റായിരുന്ന പത്തനംതിട്ട അടൂർ സ്വദേശി മുഹമ്മദ് ഷഫീക്ക്.എ (വയസ്- 47)നെ കുറ്റക്കാരനായി കണ്ടെത്തി
കൊല്ലം വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി ആകെ 28 വർഷം കഠിന തടവിനും, 2,50,000/- രൂപ പിഴ ഒടുക്കുന്നതിനും ഇന്ന് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. കൊല്ലം വിജിലൻസ് കോടതി ജഡ്ജ് ഡോ. മോഹിത് സി.എസ് ആണ് വിധി പുറപ്പെടുവിച്ചത്.
വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ശ്രീമതി. ദിവ്യ പി.എസ്, ശ്രീ. സിജു രാജൻ എന്നിവർ ഹാജരായി തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യുണിറ്റ്-I ലെ മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. എം.എച്ച് ലത്തീഫ്, മുൻ പോലീസ് ഇൻസ്പെക്ടർമാരായ ബിജു. എസ്.എ, ശ്രീ. ദിനിൽ ജെ. കെ., ശ്രീ. എൻ. നന്ദനൻപിള്ള, ശ്രീ. ബി. വിജയൻ, ശ്രീ. ബി. ഗോപകുമാർ, ശ്രീ. സി. എൽ. മനോജ്ചന്ദ്രൻ, ശ്രീ. ദിലീപ്കുമാർദാസ്, ശ്രീ. കെ. എസ്. വിജയൻ, ശ്രീ. ഗിരീഷ് കുമാർ. ഐ., മുൻ പോലീസ് സൂപ്രണ്ട് ശ്രീ. കെ. ഇ. ബൈജു., എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.
#keralavigilance #conviction



