Wednesday, August 19, 2026
Homeഅമേരിക്കപ്രണയ സാഫല്യം ; ഗുരുവായൂരില്‍ മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡ് പാര്‍ലമെന്റ് അംഗം

പ്രണയ സാഫല്യം ; ഗുരുവായൂരില്‍ മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡ് പാര്‍ലമെന്റ് അംഗം

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി ചാര്‍ത്തിയത്. ഇന്നലെ രാവിലെ 11 മണിക്ക് ഗുരുവായൂരിലെ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ചടങ്ങിന് സാക്ഷിയായി ഇരുവരുടെയും ബന്ധുക്കള്‍ക്കൊപ്പം 22കാരന്‍ മകന്‍ വേദിക് ശങ്കറും ഉണ്ടായിരുന്നു.

സ്റ്റുഡന്റ് വീസയില്‍ 2008ലാണ് നിതിന്‍ ചന്ദ് യുകെയിലേക്കു പോകുന്നത്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഐടി മാനേജ്മെന്റില്‍ മാസ്റ്റേഴ്‌സിനായി യുകെയിലേക്കു വിമാനം കയറല്‍. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ സ്‌കൂള്‍ സഹപാഠി കൂടിയാണ് നിതിന്‍. പിതാവ് വെറ്ററിനറി ഫീല്‍ഡ് ഓഫിസറായി വിരമിച്ച പാമ്പാക്കുട കുന്നത്തോത്ത് കെ.എന്‍.ചന്ദ്രന്‍, മാതാവ് പാമ്പാക്കുട മുന്‍ ഗ്രാമപഞ്ചായത്തംഗമായ രാജമ്മ. ഇവരുടെ ഏക മകളാണ് നിതിന്‍. മാസ്റ്റേഴ്‌സിനുശേഷം നിതിന്‍ പിഎച്ച്ഡി ചെയ്യുന്നതിനിടയിലാണ് യുകെ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി വീസ നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയത്. ഇത്തരത്തില്‍ വീസ റദ്ദാക്കപ്പെട്ടവരില്‍ നിതിനും ഉള്‍പ്പെട്ടിരുന്നു. വീസ പോലും തുലാസിലായതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അതിനെതിരെ യുകെ പാര്‍ലമെന്റില്‍ നിതിന്‍ ശക്തമായി ലോബിയിങ് നടത്തുകയും പാര്‍ലമെന്റ് കമ്മിറ്റികള്‍ക്കു മുന്‍പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ പോരാട്ടത്തിനിടയിലാണ് അന്ന് യുകെ പാര്‍ലമെന്റ് അംഗമായിരുന്ന മാര്‍ട്ടിന്‍ ഡേയെ നിതിന്‍ പരിചയപ്പെടുന്നത്.

യുകെ പാര്‍ലമെന്റില്‍ ലിന്‍ലിത്‌ഗോ ആന്‍ഡ് ഈസ്റ്റ് ഫല്‍കിര്‍ക്ക് മണ്ഡലത്തെയാണ് മാര്‍ട്ടിന്‍ പ്രതിനിധീകരിച്ചിരുന്നത്. സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി അംഗമാണ് മാര്‍ട്ടിന്‍. 2016 ഫെബ്രുവരിയിലാണ് ആദ്യം കാണുന്നതെങ്കിലും മേയിലാണ് മാര്‍ട്ടിന്‍ തന്റെ പ്രണയം തുറന്നുപറഞ്ഞ് നിതിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍, താന്‍ വിവാഹമോചിതയും 12 വയസുള്ള മകന്റെ അമ്മയാണെന്നും നിതിന്‍ പറഞ്ഞു. അന്ന് ജോലിയോ വീസയോ ഒന്നുമില്ലാതിരുന്ന നിതിനെ മാര്‍ട്ടിന്‍ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി മാതാപിതാക്കളായ മാര്‍ഗരറ്റ് ഡേയ്ക്കും റോണ്‍ ഡേയ്ക്കും പരിചയപ്പെടുത്തി. അവരും നിതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് മകന്‍ വേദിക് ശങ്കറിനെയും യുകെയിലേക്ക് കൊണ്ടു പോയി. മാര്‍ട്ടിന്റെ മാതാപിതാക്കള്‍ തന്നെയാണ് വേദിക്കിനെ സ്‌നേഹത്തോടെ വളര്‍ത്തി വലുതാക്കിയതെന്ന് നിതിന്‍ പറയും.

പഠനം പൂര്‍ത്തിയാക്കിയ വേദിക് ഇന്ന് എഡിന്‍ബറോയില്‍ കംപ്യൂട്ടര്‍ ഷെയര്‍ കമ്പനിയില്‍ സീനിയര്‍ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററാണ്. നിതിന്‍ ലിന്‍ലിത്‌ഗോയില്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നതിനൊപ്പം സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയിലും മാര്‍ട്ടിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നു. ഗുരുവായൂരില്‍ വച്ചായിരിക്കണം വിവാഹമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും 10 വര്‍ഷം മുമ്പ് പിആറും ഫാമിലി വീസയുമൊക്കെ ലഭിക്കേണ്ടിരുന്നതിനാല്‍ അവിടെ തന്നെ വിവാഹം നടത്തുകയായിരുന്നു എന്ന് നിതിന്‍ പറയുന്നു. നിതിനെ വിവാഹം കഴിച്ചശേഷം നാലാം വട്ടമാണ് മാര്‍ട്ടിന്‍ കേരളത്തിലെത്തുന്നത്. 2018, 2019, 2023 വര്‍ഷങ്ങളില്‍ കേരളത്തിലെത്തിയെങ്കിലും ഗുരുവായൂര്‍ ദര്‍ശനം സാധ്യമായിരുന്നില്ല.

പ്രളയവും കോവിഡും വീട്ടുകാരുടെ അസുഖങ്ങളുമൊക്കെയായി നീണ്ടു പോയ ഗുരുവായൂര്‍ വിവാഹം നാലാം വട്ടമെത്തിയപ്പോള്‍ സാധ്യമായി. 1999 മുതല്‍ ജനപ്രതിനിധിയായ മാര്‍ട്ടിന്‍ ഡേ റീട്ടെയില്‍ ബാങ്കറായും കൗണ്‍സിലറായും പ്രവര്‍ത്തിച്ചശേഷം മൂന്ന് ടേമിലായി ഒന്‍പതുവര്‍ഷം യുകെ പാര്‍ലമെന്റംഗമായിരുന്നു. സ്‌കോട്ടിഷ് പാര്‍ലമെന്റിലെ ‘ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ ഇന്ത്യ ചെയര്‍’ കൂടിയാണ് മാര്‍ട്ടിന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ