ഇതുപോലൊരു ഓണത്തിൻ്റെ ഉത്രാടപ്പാച്ചിലിനിടയിലാണ് കണ്ണൻ്റെ അച്ഛൻ വാഹനാപകടത്തിൽ മരിക്കുന്നത്.പച്ചക്കറിയും , സദ്യവട്ടങ്ങൾ ഒരുക്കാനുള്ള സാധനങ്ങളും വാങ്ങാൻ പോയ ഏട്ടനെ കാത്ത് ശാരദ ഏറെ നേരം ഇരുന്നു. പക്ഷേ കുറെ നേരമായിട്ടും ഏട്ടനെ കണ്ടില്ല.ഓരോരുത്തരായി വീട്ടിൽ വരുന്നു.മുറ്റത്ത് നിന്ന് അടക്കം പറയുന്നു.ചെറിയ പന്തൽ ഒരുങ്ങുന്നു.ശാരദയോട് ആരും ഒന്നും പറഞ്ഞില്ല.അവൾക്ക് എന്തോ അസ്വാഭാവികത തോന്നി.ആംബുലൻസ് മുറ്റത്ത് വന്നതും ശാരദ ബോധം കെട്ട് വീണു.ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുന്നവൻ്റെ വേദന ദയനീയമാണ്.കണ്ണന് അന്ന് മൂന്ന് വയസ്സ് പ്രായമാണ്.പിന്നെ അവന് താങ്ങും തണലും അമ്മയായിരുന്നു.കഷ്ടപ്പാടിൻ്റെയും ദുരിതങ്ങളുടെയും കാണാക്കയങ്ങളിൽ മുങ്ങിയായിരുന്നു ജീവിതം.ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ ജോലിക്ക് പോയാണ് ശാരദ കണ്ണനെ പഠിപ്പിച്ചത്.പഠിക്കാൻ മിടുക്കനായ അവൻ ഐ. ടി. ഐ യിലെ പഠനം കഴിഞ്ഞ ഉടനെ തന്നെ ഒരു വർക്ക് ഷോപ്പിൽ ജോലിക്ക് കയറി.ഒരു വർഷം അവിടെ പണിയെടുത്തു.ആളുകളോട് നല്ല രീതിയിൽ പെരുമാറുകയും,ആത്മാർത്ഥമായി ജോലി എടുക്കുകയും ചെയ്തു. അത്കൊണ്ട് എല്ലാവർക്കും അവനോട് സ്നേഹമാണ്.വർക്ക് ഷോപ്പ് ഉടമയുടെ സുഹൃത്ത് വഴി അവന് ദുബായിൽ ഒരു ജോലി ശരിയായി.
പലരിൽ നിന്നും കടം വാങ്ങി ഒരു വിധം പണം ഒപ്പിച്ചു അവൻ ദുബായിൽ എത്തി.പോയിട്ട് രണ്ട് വർഷം ആയെങ്കിലും ഇത് വരെ നാട്ടിൽ വന്നിട്ടില്ല.ഫോൺ ചെയ്യുമ്പോഴൊക്കെ അമ്മ കണ്ണനെ കാണണം എന്ന് പറയുമെങ്കിലും ,കടം വീട്ടി കഴിഞ്ഞേ നാട്ടിലേക്ക് ഉള്ളൂ എന്ന് അവന് വാശി ആയിരുന്നു.ഇത്തവണ ഓണത്തിന് എന്തായാലും അവൻ നാട്ടിൽ വരുമെന്ന് അമ്മക്ക് വാക്ക് കൊടുത്തിരുന്നു.അമ്മ അതിൻ്റെ സന്തോഷത്തിൽ ആയിരുന്നു.ഒരാഴ്ച മുൻപ് ഫോൺ ചെയ്തപ്പോൾ അവൻ പറഞ്ഞത് രണ്ട് മൂന്ന് മാസം കൂടി കഴിഞ്ഞേ ലീവ് കിട്ടൂ എന്നാണ്.അമ്മക്ക് ഇത് കേട്ട് വിഷമമായി.കണ്ണീരും,പ്രാർത്ഥനയുമായി അമ്മ കഴിഞ്ഞു.
തനിച്ച് ആണെങ്കിലും പരമ്പരാഗതമായി ചെയ്തു വരുന്ന കാര്യങ്ങളൊന്നും മുടക്കാൻ വയ്യല്ലോ. സദ്യവട്ടങ്ങൾ വലുതായൊന്നും ഇല്ലെങ്കിലും രണ്ട് മൂന്ന് കറി എങ്കിലും ഉണ്ടാക്കണം,പൂക്കളം ഇടണം,തൃക്കാക്കരയപ്പനെ വെക്കണം എന്നൊക്കെ ഓർത്തുകൊണ്ട് കിടന്ന് എപ്പോഴോ ഉറങ്ങി പോയി.
രാവിലെ എഴുന്നേറ്റു.ജനലിലൂടെ അരിച്ചെത്തുന്ന പുലർ വെട്ടത്തിൽ ആ വീട് നിശ്ശബ്ദമായിരുന്നു.അകാലത്തിൽ മറഞ്ഞ് പോയ പ്രിയപ്പെട്ടവൻ്റെ ഓർമ്മകൾ മനസ്സിലെത്തി.ഒരു കാറ്റായി അയാൾ വന്ന് തഴുകി കടന്ന് പോയ പോലെ ശാരദയ്ക്ക് തോന്നി.
ഇങ്ങനെ ഓരോന്ന് ഓർത്ത് അടുക്കളയിൽ ജോലി ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ വഴിയിൽ ഒരു കാറിൻ്റെ ശബ്ദം കേട്ടു.അടുത്ത വീട്ടിലേക്ക് വന്ന കാർ ആണെന്ന് കരുതി ശാരദ ശ്രദ്ധിക്കാനും പോയില്ല.അൽപ്പം കഴിഞ്ഞ് കണ്ണൻ ഉമ്മറ വാതിൽ തുറന്ന് അടുക്കളയിൽ എത്തിയതൊന്നും പല വിധ ചിന്തകളിൽ മുഴുകിയ ശാരദ അറിഞ്ഞില്ല.കണ്ണൻ പിന്നിലൂടെ വന്നു അമ്മയുടെ രണ്ട് കണ്ണുകളും പൊത്തി.ശാരദ പെട്ടെന്ന് ആ കൈകളിൽ പിടിച്ചു.കണ്ണന് ചെറുപ്പത്തിലെ ഇങ്ങനെ ഒരു ശീലമുണ്ട്.പിന്നിലൂടെ വന്നു രണ്ട് കൈ കൊണ്ടും അമ്മയുടെ കണ്ണ് പൊത്തും.അത് പോലെ അമ്മ അമ്മി യിൽ അരക്കുമ്പോൾ പിന്നിലൂടെ ചെന്ന് സാരിയുടെ തലപ്പിൽ ചെറിയ കല്ല് കെട്ടി വെക്കും.ഇതൊക്കെ അവൻ്റെ കുസൃതിയാണ്.ശാരദ പെട്ടെന്ന് കണ്ണാ എന്നും വിളിച്ച് കൊണ്ട് തിരിഞ്ഞു നോക്കി.ലീവ് കിട്ടില്ല എന്ന് അമ്മക്ക് സർപ്രൈസ് തരാൻ വേണ്ടി പറഞ്ഞതല്ലേ എന്ന് പറഞ്ഞ് അവൻ ശാരദയെ കെട്ടിപ്പിടിച്ചു.തീരെ പ്രതീക്ഷിക്കാത്ത സമയത്ത് കണ്ണനെ കണ്ട അമ്മക്ക് ഈ ഓണം എക്കാലവും മറക്കാത്ത ഓണമായി മാറി.അമ്മയും മകനും കൂടി സദ്യയുണ്ട് , പഴയ ഓരോ കാര്യങ്ങളും പറഞ്ഞിരുന്നു.അപ്പോഴും ഒരു ഇളംകാറ്റ് വന്ന് അവരെ തഴുകി കടന്ന് പോയി.



