ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കമലാ നെഹ്രുവിന്റേയും മകളായി 1917 നവംബര്‍ 19-നാണ് ഇന്ദിരാ ഗാന്ധി ജനിച്ചത്. ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവര്‍ നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1933-ല്‍ പൂനെയിലെ പ്യൂപ്പിള്‍സ് ഓണ്‍ സ്കൂളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1936-ല്‍ ഇന്ദിര, ഓക്സ്ഫഡ് സര്‍വ്വകലാശാലയില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. എന്നാല്‍ ഓക്സ്ഫഡിലെ പഠനം പൂര്‍ത്തിയാക്കാന്‍ ഇന്ദിരക്കു കഴിഞ്ഞില്ല. 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിനു തൊട്ടുമുന്‍പായി ഫിറോസിനെ ഇന്ദിര വിവാഹം ചെയ്തു.
1959-60 കാലഘട്ടത്തില്‍ ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ നെഹ്രുവിന്റെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി തന്റെ മന്ത്രിസഭയില്‍ ഇന്ദിരയെ വാര്‍ത്താവിതരണപ്രക്ഷേപണ വകുപ്പ് മന്ത്രിയായി നിയമിച്ചു. ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് ശേഷം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി സ്ഥാനമേറ്റു.
1966-77 കാലഘട്ടത്തിലും, പിന്നീട് 1980 മുതല്‍ മരണം വരെയും ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചു. ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ എന്ന നടപടിയുടെ പരിണതഫലമായി 31-ന് ഒക്ടോബര്‍ 1984-ന് തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ദാരുണാന്ത്യം.
‘ഇന്ത്യയുടെ ഉരുക്കുവനിത’ എന്ന വിശേഷണം ഇന്ദിരാ ഗാന്ധിക്ക് നൽകിയത് പിആർ ഏജൻസികളോ പാർട്ടി പ്രചാരകരോ ആയിരുന്നില്ല. ജനങ്ങൾ ഇന്ദിരയെ മനസ്സറിഞ്ഞ് വിളിച്ച വിശേഷണമായിരുന്നു അത്. ഇന്ദിരയുടെ മരണം പോലും ആ വിളിയുടെ അര്ത്ഥഗാംഭീര്യത്തെ ഉയർത്തുന്നതായിരുന്നു. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്ത നിലപാടുകളുടെ പേരിലായിരുന്നു ആ മരണം.
1984 ഒക്ടോബർ 31ന് ലോകത്തെ ഞെട്ടിച്ച ആ സംഭവം നടന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്റെ രണ്ട് അംഗരക്ഷകരാൽ കൊല്ലപ്പെട്ടു. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ ഭാഗമായി സുവർണ്ണ ക്ഷേത്രത്തിൽ സൈനിക നടപടിക്ക് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഈ സംഭവം. ഇന്ദിരയുടെ രക്തസാക്ഷിത്വ ദിനം ദേശീയ പുനരര്‍പ്പണ ദിനമായി ( National Reaffirmation Day ) നാം ആചരിച്ചു വരുന്നു.
1966 മുതൽ 1977 വരെയും പിന്നീട് 1980 മുതൽ 1984ൽ കൊല്ലപ്പെടുന്നതുവരെയും അവർ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ബാങ്കുകളുടെ ദേശസാൽക്കരണം നടത്തിയും, രാജകുടുംബങ്ങളുടെ പ്രിവി പഴ്സ് നിർത്തലാക്കിയും ഇന്ദിര ജനകീയതയുടെ ഔന്നത്യത്തിലെത്തി. രാജ്യത്തെ അതിസമ്പന്നർക്ക് വരുമാനത്തിന്റെ ഭൂരിഭാഗവും നികുതിയടയ്ക്കേണ്ട പരിഷ്കാരവും അവർ കൊണ്ടു വന്നിരുന്നു.



