Tuesday, August 25, 2026
Homeഅമേരിക്കഅപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ - അദ്ധ്യായം അഞ്ച് ) 'ഏറുമാടത്തിൽ' ✍ സോഫിയാമ്മ...

അപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ – അദ്ധ്യായം അഞ്ച് ) ‘ഏറുമാടത്തിൽ’ ✍ സോഫിയാമ്മ ജോസ്, വാഴക്കുളം, മുവാറ്റുപുഴ

പണ്ട് അച്ഛനുള്ള കാലത്ത് അച്ഛനും കൂട്ടുകാരും കൂടി വെട്ടിപ്പിടിച്ചതാണ് അവതക്കുന്ന്. ഇതുവരെ പട്ടയം കിട്ടിയിട്ടില്ല.

എന്നാലും എല്ലാവരും തന്നെ തങ്ങളുടെ സ്ഥലത്ത് തെരുവയും നെല്ലും കപ്പയും മറ്റ് നടുതല സാധനങ്ങളും കൃഷിചെയ്യുന്നുണ്ട്.

കാട്ടുപന്നിയും മുള്ളനും മുയലും ഒക്കെ കൂടി വിളവ് പകുതിയിലേറെയും കൊണ്ടുപോകും.

കരനെല്ല് കൃഷി ചെയ്യുന്നിടത്ത് ആറ്റ ശല്യം ആണ്.
ഒന്നും രണ്ടുമല്ല പനമ്പ് വിരിക്കുന്നത് പോലെയാണ് എല്ലാംകൂടി പറന്നു വന്നിരിക്കുന്നത്. ക്ഷണ നേരം കൊണ്ട് നെൽവിത്തുകൾ എല്ലാം അവ കൊത്തിക്കൊണ്ടു പോകും.
ആറ്റകളെ ഓടിക്കുന്നതിനാണ് ഏറുമാടത്തിൽ കിടക്കുന്നത്.

പഠിത്തം ഇല്ലാത്ത ദിവസങ്ങളിലെല്ലാം അപ്പുക്കുട്ടൻ അവതക്കുന്നിൽ തന്നെയായിരിക്കും. അവിടെയാകുമ്പോൾ കളിക്കാൻ അമ്പാടിയും അവളുടെ അനിയത്തിയും ഉണ്ടല്ലോ.

തന്നെയുമല്ല അച്ഛൻ വെട്ടിപ്പിടിച്ചെടുത്ത സ്ഥലം നോക്കി നടത്താനും അമ്മയെ സംരക്ഷിക്കാനും താൻ മാത്രമേയുള്ളൂവെന്ന് അവന് നന്നായി അറിയാം ..

അവതക്കുന്നിന്റെ വനാതിർത്തിയോട് ചേർന്നുള്ള നീർച്ചാൽ ഒഴുകുന്നത് അപ്പുക്കുട്ടന്റെ പറമ്പിന്റെ അതിരയിലൂടെയാണ്.

അരുവിയുടെ തീരത്തു നിൽക്കുന്ന കാട്ടുപ്ലാവിൽ നിറയെ ചക്കയുണ്ട്.പ്ലാവിൽ കയറുകയേ വേണ്ടൂ..

അണ്ണാൻ കടിച്ചു തുളച്ച ചക്കപ്പഴത്തിന്റെ തുള വലുതാക്കി അതിലൂടെ വിരലിട്ട് ചക്കച്ചുള ഓരോന്നായി എടുത്ത് പ്ലാവിൽ ഇരുന്നു തന്നെ തിന്നുകയാണ് പതിവ്.
കൂഴപ്പഴം ആണെങ്കിൽ ഒന്ന് തൊടുകയെ വേണ്ടൂ,
ഇങ്ങ് പോരും.
ബാക്കി ആ മരത്തിൽ തന്നെ കിടക്കും. പിറ്റേന്നും അതിൽ നിന്നും എടുക്കും. അത് തീരുമ്പോഴേക്കും അടുത്ത ചക്ക പഴുത്തു വരാനും ഒരു തന്ത്രമുണ്ട്.

മൂത്തുനിൽക്കുന്ന ഒരു ചക്കയുടെ ഞെട്ടുപിരിച്ചു പിരിച്ച് വാട്ടി വയ്ക്കും.

അങ്ങനെ ഞെട്ട് ചതഞ്ഞ ചക്ക വേഗം പഴുക്കും. അതുകൊണ്ട് ചക്കയുടെ കാലമായാൽ അവന് വിശക്കേണ്ടി വരാറില്ല.

അപ്പുക്കുട്ടൻ വേലിയോടു ചേർത്തു വെച്ചിട്ടുള്ള മുരിക്കിന്റെ തടി വാക്കത്തി കൊണ്ട് വെട്ടാൻ തുടങ്ങി. ചക്രം ഉണ്ടാക്കുകയാണ് ലക്ഷ്യം.
പലപ്പോഴായി മൂന്ന് ചക്രങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു. നാലാമത്തെതും കൂടി വെട്ടി യെടുത്താൽ ഒരു വലിവണ്ടി ഉണ്ടാക്കാം.

വീട്ടിൽ അവനൊരു വലിവണ്ടി ഉണ്ടാക്കിയിട്ടുണ്ട്. ഒരു മൂട് കപ്പയോ ഒരു ചേനയോ ഒക്കെ ആ വലിവണ്ടിയിൽ കൊണ്ടുവരാൻ പറ്റും. വലിവണ്ടിയുടെ പണി കഴിഞ്ഞപ്പോഴേക്കും സായാഹ്നമായി.

അമ്മ പണി കഴിഞ്ഞ് വീട്ടിലെത്തിക്കാണും.
അവൻ വാക്കത്തിയും വലിവണ്ടിയും എടുത്ത് ഒളിപ്പിച്ചു വെച്ചു.
എന്നിട്ട് തോർത്തുമെടുത്ത് വീട്ടിലേക്ക് നടന്നു.

പോകുന്ന വഴിക്കാണ് സുജാതയുടെ വീട്.
തട്ടാന്റെ വീടെന്നു പറഞ്ഞാലേ ആളുകൾ അറിയൂ.

സുജാതയുടെ വല്യച്ഛന് സ്വർണ്ണപ്പണിയായിരുന്നു.
ഇപ്പോൾ കണ്ണിന് കാഴ്ച കുറവായതിനാൽ പണിക്ക് പോകുന്നില്ല.

അവൾ അപ്പുക്കുട്ടന്റെ ക്ലാസിലാണ് പഠിക്കുന്നത്.

ഒന്നും പഠിക്കില്ലാത്ത പെണ്ണ്.

അവൾ സ്കൂളിൽ വച്ച് പ്രാവുകളെ എറിഞ്ഞോടിക്കുന്നത് മാത്രമല്ല അവളോടുള്ള അനിഷ്ടത്തിന് കാരണം,

അവളുടെ തലയിൽ നിറയെ പേനാണ്.
കുളിച്ചില്ലെങ്കിലും തലയിൽ എന്നും എണ്ണ വച്ച് ഒലിപ്പിച്ചു കൊണ്ടാണ് വരാറ്.

അവളുടെ വീടിന്റെ മുൻവശത്ത് വഴിയിലൂടെ ആരു പോയാലും, പ്രത്യേകിച്ച് കുട്ടികൾ പോയാൽ, കൊഞ്ഞനം കുത്തി ക്കാണിക്കുന്നത് അവളുടെ സ്വഭാവമാണ്.

ആരും അവളെ തിരിച്ച് കൊഞ്ഞനം കുത്താറില്ല.

അവളുടെ അമ്മാവന്മാർ അവിടെയൊക്കെ ഉണ്ടാവും.

അപ്പുക്കുട്ടനും അവരോട് വലിയ കോളൊന്നുമില്ല.

അധികമാരോടും ലോഹ്യത്തിന് പോകാത്ത അരസികന്മാരാണവർ.

അപ്പു വരുന്നത് കണ്ട് സുജാത മുറ്റത്ത് നിന്ന് ഒളിഞ്ഞു നോക്കിയിട്ട് ഓടിപ്പോയി..

അവൾ പെറ്റിക്കോട്ട് ഇട്ടിട്ടില്ല. ഒരു നിക്കർ മാത്രമാണ് വേഷം.

ഭവാനിത്തള്ള അവളുടെ തലയിൽ പേൻ ചീകുകയായിരുന്നു.

ഏതായാലും അതുകൊണ്ട് ഇന്ന് അപ്പുവിന് കൊഞ്ഞനം കുത്തുന്നത് കാണേണ്ടി വന്നില്ല.

“ത്ഫൂ… ”

ഒരു കാർക്കിച്ചു തുപ്പൽ കേട്ട് അപ്പു തിരിഞ്ഞുനോക്കി.

” ഹോ! എന്തൊരു വൃത്തികെട്ട പൂച്ച”.

“ഏതായാലും ഇന്നത്തോടെ ശല്യം തീർന്നു”.
സുജാതയുടെ അമ്മാവന്മാർ സംസാരിച്ചുകൊണ്ട് കയറ്റം കയറി മുറ്റത്തെത്തി.
എട്ടിലോ ഒമ്പതിലോ മറ്റോ ആണ് പഠിക്കുന്നത് എങ്കിലും അവരുടെ കറുത്തു മെല്ലിച്ച ശരീരത്തിൽ പേശികൾക്ക് കരുത്ത് വെച്ച് തുടങ്ങിയിരിക്കുന്നു.

‘അവർ പൂച്ചയെ കൊന്നു കളഞ്ഞിരിക്കുമോ?
‘അപ്പു ചിന്തിച്ചു.

” ഇത് മുമ്പേ ചെയ്യേണ്ടതായിരുന്നു”

. കുറച്ചായി ഇതിലെ ചുറ്റിത്തിരിയുന്നു.”

സുജാതയുടെ അമ്മ പറഞ്ഞു.

“ഏതായാലും ചത്തോളും ”

അവരുടെ സംസാരം കേട്ട് അപ്പു നിന്നു.

” ആ പൂച്ച ചത്തോ? ”

ഉദ്വേഗത്തോടെ അവൻ തിരക്കി.

“അതിന്റെ കഴുത്തിൽ കുടുക്കിട്ട് കുഞ്ഞമ്മാവൻ ദേ അങ്ങോട്ട് വലിച്ചെറിഞ്ഞു.”

മുറ്റത്തേയ്ക്കിറങ്ങിവന്ന സുജാത പാടത്തേയ്ക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

അവൾ ഇപ്പോൾ പെറ്റിക്കോട്ടാണ് ഇട്ടിരിക്കുന്നത്.

” ഇപ്പോൾ ചത്തു കാണും”

അവൾ ലേശം പോലും വിഷമമില്ലാതെ കൂട്ടിച്ചേർത്തു.

അപ്പുവിന്റെ ഉള്ള് ഒന്നു കാളി.

‘പാവം പൂച്ച ‘

അതിന്റെ അവശതയും ദയനീയമായ നോട്ടവും ഓർത്ത് അവന്റെ മനസ്സിൽ അനുകമ്പ നിറഞ്ഞു.

എന്നാൽ ദുർഗന്ധവും അറപ്പും ഓർത്തപ്പോൾ അവൻ ഇങ്ങനെ ചിന്തിച്ചു.

‘ആ പൂച്ച ജീവിച്ചിരുന്നാലും
രോഗം കൊണ്ട് ചിലപ്പോൾ ചത്തു പോകുമായിരിക്കും:.

എന്നാലും അതിനെ കൊല്ലാൻ എറിഞ്ഞത് അവന്റെ പിഞ്ചു മനസ്സിന് താങ്ങാനായില്ല.

അവനിലെ ദീനാനുകമ്പ ഉണർന്നു.

‘ജീവൻ എങ്ങനെയും രക്ഷപ്പെടുത്തണം’.
.
തീരുമാനം പെട്ടെന്നായിരുന്നു.
എങ്കിലും അവൻ അത് പുറത്തു കാണിക്കാതെ ചുറ്റിപ്പറ്റി അവിടെ നിന്നു.

സുജാതയുടെ അമ്മയും അമ്മാവന്മാരും കണ്ണിൽ നിന്നും മറയേണ്ട താമസം, അവൻ ചുറ്റും നോക്കി.

” ദൈവമേ അത് ചത്തു കാണുമോ?
ചത്തേക്കല്ലേ”.

പിന്നെ ഒരു പറക്കൽ ആയിരുന്നു.

ഉളി ചാണ്ടുന്ന വേഗതയിൽ അപ്പു പാടത്തേയ്ക്കു കുതിച്ചു.

നെൽപ്പാടം വിശാലമായി പരന്നു കിടക്കുകയാണ്.
ഒറ്റച്ചാട്ടത്തിന് വരമ്പത്തെത്തി.

നെൽക്കെതിരെല്ലാം പാലടിച്ചു തുടങ്ങിയിരിക്കുന്നു.
അപ്പുവിന്റെ മുട്ടിനു മുകളിൽ
പൊക്കമായിട്ടുണ്ട്.
അവൻ സൂക്ഷിച്ചു നോക്കി.

രണ്ടുമൂന്നു മീറ്റർ അപ്പുറത്ത് പാടത്തിനകത്ത് നെല്ല് വകഞ്ഞു മാറ്റിയപോലെ നിൽക്കുന്നതായി കണ്ടു.

അടുത്തു ചെന്ന് ശ്രദ്ധിച്ചപ്പോൾ വളരെ നേരിയ ശബ്ദം.

‘അതെ,പൂച്ചയുടെതാണ്’.

അതിന്റെ കഴുത്തിൽ വള്ളി മുറുകിട്ടുണ്ടാവും.

അപ്പു കുനിഞ്ഞ്, നെല്ല് വകഞ്ഞു മാറ്റി.

പൂച്ച ചത്തിട്ടില്ല.
അതിന്റെ കഴുത്തിൽ പ്ലാസ്റ്റിക് വള്ളിയുടെ കുടുക്ക് മുറുകിയിരിക്കുന്നു..

വള്ളിയുടെ അറ്റത്തിന് നല്ല നീളമുണ്ട്..

ആ പൂച്ച പ്രാണനു വേണ്ടി പിടയുകയാണ്.
അപ്പു വേഗം അതിനെ എടുത്തു.

കഴുത്തിലെ കുടുക്ക് ഒരുതരത്തിലും അഴിക്കാൻ പറ്റുന്നില്ല..
അത് വല്ലാതെ മുറുകെയിരിക്കുന്നു.’ മുറുകെ പിടിച്ചാൽ അത് ചത്തു പോകുമോ എന്നുപോലും അവന് തോന്നി.

‘ഒരു കത്തിയോ മറ്റോ കിട്ടിയിരുന്നെങ്കിൽ ‘

” എന്റെ ഈശ്വരാ ”

താമസിക്കുന്ന ഓരോ നിമിഷവും അവനെ വേവലാതിപ്പെടുത്തി.

“എന്നെ ഒന്ന് സഹായിക്കണേ ദൈവമേ “.

അവൻ പിന്നെ ഒന്നും ചിന്തിക്കാൻ നിന്നില്ല.
ആ പൂച്ചയുടെ കഴുത്ത് തന്റെ ചുണ്ടിനോട് ചേർത്തു.

തന്റെ കൊച്ചു പല്ലുകൾ കൊണ്ട് പ്ലാസ്റ്റിക്ക് വള്ളി കടിച്ചു പൊട്ടിക്കുവാൻ പരിശ്രമിക്കുകയാണ്.

കുറേശ്ശെ പൊട്ടിക്കുമ്പോൾ പൂച്ചയുടെ ശബ്ദം തീരെ നേർത്ത് നേർത്ത് വരുന്നുണ്ടായിരുന്നു.

ഒടുവിൽ ആ വള്ളി പൊട്ടി!

പൂച്ച സ്വതന്ത്രനായി.

അത് വേച്ചും വീണും ആ വയലിലൂടെ നടന്നു.

അപ്പു ഒറ്റച്ചാട്ടത്തിന് പറന്ന് വഴിയിലെത്തി.എന്നിട്ട് ഒന്നും അറിയാത്തവനെപ്പോലെ നടക്കാൻ തുടങ്ങി.

തന്റെ വായിൽ പറ്റിപ്പിടിച്ചിരുന്ന പൂച്ചയുടെ രോമങ്ങൾ തുടച്ചു മാറ്റിയപ്പോൾ അവന് ഒരു അറപ്പും തോന്നിയില്ല.
അതിനെ എടുത്തപ്പോഴും വള്ളി കടിച്ചു മുറിക്കുമ്പോഴും ഒരു ദുർഗന്ധവും അവൻ അറിഞ്ഞിരുന്നില്ല.

ആ കുഞ്ഞു മനസ്സിൽ അപ്പോൾ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

‘ ആ ജീവൻ രക്ഷിക്കണം’

തെളിഞ്ഞ മാനത്ത് ഓറഞ്ച് നിറത്തിലുള്ള മേഘ ശകലങ്ങൾ ഏതോ കുട്ടി വരച്ച ജലച്ചായ ചിത്രം പോലെ മനോഹരമായിരിക്കുന്നു.
ഇളം കാറ്റിൽ
കാപ്പിപ്പൂവിന്റെ സുഗന്ധം അവനെ തഴുകി.

വീട്ടിലേക്ക് നടക്കുമ്പോൾ ഏതോ ഒരു മൂളിപ്പാട്ട് അവന്റെ ചൂണ്ടിൽ തത്തിക്കളിച്ചിരുന്നു.

( തുടരും…………)

സോഫിയാമ്മ ജോസ്, വാഴക്കുളം, മുവാറ്റുപുഴ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ