മെര്‍ക്കുറിയെ സ്വര്‍ണമാക്കി മാറ്റാനുള്ള മാര്‍ഗം കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരു ഫ്യൂഷന്‍ എനര്‍ജി സ്റ്റാര്‍ട്ടപ്പ് രംഗത്ത്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരത്തണ്‍ ഫ്യൂഷനാണ് ഇങ്ങനെ ഒരു അവകാശവാദവുമായി രംഗത്തെത്തിയത്. ഈ മാര്‍ഗത്തിലൂടെ തന്നെ ഭാവിയില്‍ പരിധിയില്ലാതെ ശുദ്ധമായ ഊര്‍ജം ഉത്പാദിപ്പിക്കാനാവുമെന്നും അടിസ്ഥാന ലോഹങ്ങളെ സ്വര്‍ണം പോലുള്ള മൂല്യമേറിയ ലോഹങ്ങളാക്കി മാറ്റാനാവുമെന്നും സ്റ്റാര്‍ട്ടപ്പ് പറയുന്നു. ഈ കണ്ടെത്തല്‍ ഇതുവരെ ശാസ്ത്രീയ അവലോകനത്തിന് വിധേയമാക്കിയിട്ടില്ല.
സൂര്യനില്‍ നടക്കുന്ന പ്രക്രിയക്ക് സമാനമായ അണുസംയോജന (ന്യൂക്ലിയർ ഫ്യൂഷൻ) പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കുന്ന ഊര്‍ജം ഉത്പാദിപ്പിക്കാനാണ് ഫ്യൂഷന്‍ എനര്‍ജി മേഖലയിലെ ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ ആശയം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. എങ്കിലും ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന മാരത്തണ്‍ ഫ്യൂഷന്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 60 ലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. ഇതിന് പുറമെ 40 ലക്ഷം ഡോളര്‍ സര്‍ക്കാര്‍ ഗ്രാന്റായും ലഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം തുടക്കത്തിലാണ് മാരത്തണ്‍ ഫ്യൂഷന്‍ ന്യൂക്ലിയര്‍ ട്രാന്‍സ്മ്യൂട്ടേഷന്‍ പ്രക്രിയയിലേക്ക് ശ്രദ്ധതിരിച്ചത്. ന്യൂക്ലിയസിനുള്ളിലെ ന്യൂട്രോണുകളുടേയും പ്രോട്ടോണുകളുടെയും എണ്ണത്തില്‍ മാറ്റം വരുത്തി ഒരു മൂലകത്തിന്റെ ആറ്റത്തെ മറ്റൊരു ആറ്റമാക്കി മാറ്റുന്ന പ്രക്രിയയാണ് ഫ്യൂഷന്‍ ട്രാന്‍സ്മ്യൂട്ടേഷന്‍. ഇതുവഴി ഒരു മൂലകത്തേയോ ഐസോടോപ്പിനേയോ മറ്റൊന്നാക്കി മാറ്റാന്‍ സാധിക്കും. ഈ പ്രക്രിയയിലൂടെ മെര്‍ക്കുറിയുടെ ഐസോട്ടോപ്പായ മെര്‍ക്കുറി-198 ഫ്യൂഷന്‍ റിയാക്ടര്‍ വഴി മെര്‍ക്കുറി 197 ആക്കി മാറുമെന്ന് കമ്പനി പറയുന്നു. എന്നാല്‍ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന മെര്‍ക്കുറി-197 ഒരു അസ്ഥിരമായ ഐസോടോപ്പാണെന്നും അത് ക്രമേണ സ്വര്‍ണമായി മാറുമെന്നും കമ്പനി പറയുന്നു.
ഈ പ്രക്രിയ ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇങ്ങനെ ഊര്‍ജോത്പാദനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫ്യൂഷന്‍ റിയാക്ടറുകളുടെ ഉപോത്പന്നമായി സ്വര്‍ണം ഉത്പാദിപ്പിക്കാനാവുമെന്നാണ് മാരത്തണ്‍ പറയുന്നത്.
ഇത് ഫലപ്രദമാണെങ്കില്‍, ഒരു വര്‍ഷം ഒരു ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ 4 കിലോഗ്രാമിലേറെ സ്വര്‍ണവും ഉത്പാദിപ്പിക്കാനാവും. അത് ഊര്‍ജ ഉത്പാദനത്തെ ബാധിക്കുകയുമില്ല. ഇങ്ങനെ ട്രാന്‍സ്മ്യൂട്ടേഷനിലൂടെ നിര്‍മിക്കുന്ന സ്വര്‍ണം സ്ഥിരതയുള്ളതായിരിക്കുമെന്നും എങ്കിലും റേഡിയോ ആക്ടീവായ ഐസോടോപ്പുകളുടെ സാന്നിധ്യം ചെറിയ അളവില്‍ ഉണ്ടാവുമെന്നും കമ്പനി പറയുന്നു. അതായത് സ്വര്‍ണം ഉത്പാദിപ്പിച്ചാലും അത് സുരക്ഷിതമായി ഉപയോഗിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യണമെങ്കില്‍ 18 വര്‍ഷമെങ്കിലും കാത്തിരിക്കണം.
സ്വര്‍ണത്തിന് പുറമെ ന്യൂക്ലിയര്‍ ബാറ്ററികള്‍ നിര്‍മിക്കാനാവുന്ന പദാര്‍ഥങ്ങളും മെഡിക്കല്‍ ഐസോടോപ്പുകളും പലേഡിയം പോലുള്ള അമൂല്യ ലോഹങ്ങളും ഈ ന്യൂക്ലിയര്‍ പ്രക്രിയയുടെ ഫലമായി സൃഷ്ടിക്കപ്പെടുമെന്നും കമ്പനി പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരം ഫ്യൂഷന്‍ പവര്‍ പ്ലാന്റുകളില്‍ നിന്ന് ഇരട്ടി വരുമാനമുണ്ടാക്കാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു.



