വാഷിങ്ടൺ: എട്ട് മാസത്തിലേറെ ബഹിരാകാശത്ത് ചിലവഴിച്ചതിന് ശേഷം സുനിത വില്യംസ് മാർച്ചിൽ തിരിച്ചെത്തും. ക്രൂ-10 ദൗത്യം മാർച്ച് 12 ന് വിക്ഷേപിക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഇന്റർനാഷണൽ സ്പേസ് സെന്ററിൽ(ഐഎസ്എസ്) കുടുങ്ങിയ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും മാർച്ച് 19ഓടെ മടങ്ങി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബഹിരാകാശ നിലയത്തിലേക്കും തിരിച്ചുമുള്ള ക്രൂ റൊട്ടേഷൻ ദൗത്യങ്ങൾക്കായുള്ള സമയപരിധി മാർച്ച് 12ലേക്ക് മാറ്റി. സ്‌പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളായ എൻഡവറിലാകും ഇവരെ തിരികെ എത്തിക്കുക.
സുനിതയും ബുച്ച് വിൽമോറും ജൂൺ 5നാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലായിരുന്നു യാത്ര. യാത്രയ്‌ക്കിടെ ആശങ്ക വിതച്ച് പേടകത്തിന് ഗുരുതര തകരാർ ഉണ്ടായെങ്കിലും 6ന് നിലയത്തിൽ എത്താനായി. തുടർന്ന് എട്ട് മാസത്തോളം ഇവർ ബഹിരാകാശനിലയത്തിൽ കുടുങ്ങുകയായിരുന്നു. ബോയിങ് കമ്പനിയുടെ സ്റ്റാർ ലൈനർ പേടകത്തിന്റെ പരീക്ഷണ പറക്കലിലാണ് ഇരുവരും നിലയത്തിലേക്ക് പോയത്. 8 ദിവസം ദൈർഘ്യമുള്ള ഈ പരീക്ഷണ ദൗത്യം സ്റ്റാർ ലൈനർ പേടകത്തിന്റെ ഉപയോഗക്ഷമത പരീക്ഷിക്കാനുള്ളതായിരുന്നു.
പേടകത്തിലെ ചില ചെറു റോക്കറ്റുകളിൽ ദൗത്യത്തിനിടെ തകരാറുള്ളതായി ശ്രദ്ധയിൽപ്പെട്ടു. വിക്ഷേപണം നീട്ടിവയ്‌ക്കാൻ പോലും കാരണമായ ഹീലിയം വാതകത്തിന്റെ ചോർച്ച വീണ്ടും പ്രശ്നംസൃഷ്ടിച്ചു. ഈ തകരാറുകൾ പരിഹരിക്കുന്നതുവരെ സ്റ്റാർ ലൈനറിലെ യാത്ര അസാധ്യമായതോടെ ബഹിരാകാശ നിലയത്തിൽ ഇവർ കുടുങ്ങി. പുതിയ ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളിൻ്റെ നിർമ്മാണത്തിന് കലതാമസമുണ്ടാകുകയും ക്രൂ-10 ദൗത്യത്തിന്റെ വിക്ഷേപണം മാർച്ച് 15ന് നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ദൗത്യം മാർച്ച് 12ലേക്ക് മാറ്റിയിരിക്കുകയാണ്.
ബഹിരാകാശയാത്രികരായ ആൻ മക്ലെയിൻ, നിക്കോൾ അയേഴ്‌സ്, ജാക്സ ബഹിരാകാശയാത്രികൻ തക്കുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്കോവ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്റർനാഷണൽ സ്പേസ് സെന്ററിലേക്ക് ക്രൂ 10 ദൗത്യത്തിൽ യാത്ര തിരിക്കുന്നത്. പുതിയ സംഘത്തിന് ക്രൂ-9 ബഹിരാകാശ നിലയം പരിചയപ്പെടുത്തും. സുനിത വില്യംസും ബുച്ച് വിൽമോറുമായി തിരികെ എത്തുന്ന ഡ്രാഗൺ പേടകം മാർച്ച് 19ന് അൺഡോക്ക് ചെയ്യുമെന്നാണ് റിപ്പോർട്ട്.