ബോക്സോഫീസിൽ തേരോട്ടം തുടർന്ന് ‘സീൻ’. വെറും മൂന്ന് ദിവസംകൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ സൂര്യ ചിത്രം. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ സിനിമകളിലൂടെ പ്രേക്ഷകമനം കീഴടക്കിയ ജിത്തു മാധവൻ സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘സീൻ’. ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ് ഈ സിനിമ.
റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ലോകമെമ്പാടുമായി 100 കോടി രൂപ ഗ്രോസ് കളക്ഷൻ ‘സീൻ’ പിന്നിട്ടത്. ആദ്യ വാരാന്ത്യത്തിൽ തന്നെ ചിത്രം 120 കോടി രൂപയോ അതിലധികമോ നേടുമെന്നാണ് കണക്കുകൂട്ടലുകൾ. സാക്നിക്കിന്റെ കണക്കുകകൾ പ്രകാരം 116.65 കോടി രൂപയാണ് ആഗോളതലത്തിൽ സീൻ വാരിക്കൂട്ടിയത്
റിലീസായി ആദ്യ രണ്ട് ദിവസങ്ങളിൽ ചിത്രം 79.65 കോടി രൂപയാണ് ആഗോളതലത്തിൽ നേടിയത്. ഇന്ത്യയിൽ നിന്ന് 45.90 കോടി രൂപയും വിദേശത്തുനിന്ന് 33.75 കോടി രൂപയും സീൻ നേടി. ആദ്യ ദിനമായ വെള്ളിയാഴ്ച 22.25 കോടി രൂപയും തുടർന്ന് ശനിയാഴ്ച 23.65 കോടി രൂപയുമാണ് ഇന്ത്യയിലെ കളക്ഷൻ. ഞായറാഴ്ച 21.75 കോടി രൂപ കൂടി സ്വന്തമാക്കി. ചിത്രത്തിന്റെ ഒക്യുപൻസി 55%-ൽ നിന്ന് 62.5%- ആയി ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ആദ്യ രണ്ട് ദിവസത്തെ ആകെ കളക്ഷന്റെ 42.4 ശതമാനവും വന്നത് വിദേശ വിപണികളിൽ നിന്നാണ്. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ആദ്യ രണ്ട് ദിവസങ്ങളിൽ 10.50 കോടി രൂപ കേരളത്തിൽ നിന്ന് മാത്രം നേടാനായി. അതേസമയം മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ സൂര്യയുടെ മുൻ ചിത്രങ്ങളായ ‘കറുപ്പ്’ (₹13.07 കോടി), ‘വിശ്വനാഥ് ആന്റ് സൺസ്’ (₹8.19 കോടി) എന്നിവയുടെ കേരളത്തിലെ ലൈഫ് ടൈം കളക്ഷനെ ‘സീൻ’ മറികടന്നു.
2026ൽ തിയേറ്ററുകളിലെത്തുന്ന സൂര്യയുടെ മൂന്നാമത്തെ വിജയചിത്രമായി ‘സീൻ’ മാറി. മലയാളികളുടെ പ്രിയ താരങ്ങളായ നസ്രിയ നസീം, നസ്ലൻ എന്നിവരും ഈ സിനിമയിൽ സുപ്രധാന വേഷങ്ങളിലുണ്ട്.



